
തുല്യതക്ക് വേണ്ടിയുള്ള സമരങ്ങളില്‍ മാറ്റി നിര്‍ത്തപ്പെടുന്ന യോഗ്യതയില്ലായ്മയ്ക്കുള്ള കാരണങ്ങള്‍ പലപ്പോഴും യുക്തിരഹിതമാണ്. സ്വവര്‍ഗ പ്രണയവും ലൈംഗികതയും ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്ന വാദം അതിലൊന്നാണ്. ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നത് പോലെ പ്രണയത്തിനും വിവാഹത്തിനും കടിഞ്ഞാണിടുന്നു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ജനാധിപത്യ രാജ്യത്ത് 'ജന'ത്തെ കാണാതായി പോയോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ലൈംഗിക അഭിരുചികളില്‍ ഉറച്ചുനിന്ന് അവകാശങ്ങള്‍ക്കായി പോരാടിയ, പ്രവര്‍ത്തിച്ച മഴവില്ലഴകില്‍ തീര്‍ക്കപ്പെട്ട പോരാട്ട ചരിത്രമുണ്ട്. മാറ്റിനിര്‍ത്തപ്പെട്ടവരുടെ ശബ്ദങ്ങള്‍ക്കായി പോരാടിയ കുറേയേറെ മനുഷ്യരുണ്ട് അവരില്‍. സ്റ്റോണ്‍ വാളെന്ന വിപ്ലവഗാഥയാണ് അതിന്റെ അടിത്തറ. സ്റ്റോണ്‍ വോളില്‍നിന്ന് തുടങ്ങിയ പ്രതിഷേധങ്ങള്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയായ മാര്‍ഷ പി. ജോണ്‍സണാണ് നേതൃത്വം കുറിച്ചത്. പിന്നീടാണ് LGBQ കമ്മ്യൂണിറ്റിയില്‍ T വന്നുചേരുന്നത്. നവംബറിലെ ഒരുവാരം അന്നുമുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ബോധവത്കരണ വാരമായി ആചരിച്ചു പോരുന്നു.

എണ്‍പതുകളില്‍ എയ്ഡ്‌സ് വ്യപകമായപ്പോള്‍ ഗേ കമ്മ്യൂണിറ്റി നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ വളരെ വലുതായിരുന്നു. 'ഗേ ഡിസീസ്' എന്നാണ് എയ്ഡ്‌സ് വിശേഷിപ്പിക്കപ്പെട്ടതു പോലും. ഗേ റിലേറ്റഡ് ഇമ്മ്യൂണല്‍ ഡെഫ്യുഷന്‍സി (GRID) എന്നും ഇത് അറിയപ്പെട്ടു. ഇ ആക്ട് അപ്പ്, ഗേ മെന്‍സ് ഹെല്‍ത്ത് ക്രൈസിസ്, ലെസ്ബിയന്‍ എയ്ഡ്‌സ് പ്രോജക്ട്, നെയിംസ് പ്രൊജക്ട് എന്നിങ്ങനെ പലതരത്തിലുള്ള സംഘടനകള്‍ അവഗണിക്കപ്പടുന്നതിനെതിരേ പോരാടിക്കൊണ്ട് മുന്നോട്ടുവന്നു. ''പുറത്തുവരിക'' എന്ന ആശയത്തോടെ സംഘടിപ്പിച്ച പല പരിപാടികളുടെ സഹായത്തോടെ സ്വത്വവും ലൈംഗികാഭിരുചികളും മനസ്സിലാക്കി ആളുകള്‍ പുറത്തുവന്നു. ഇ
തിന് ആക്കം കൂട്ടാനായി 1997 ടൈം മാഗസിനില്‍ കവര്‍ പേജില്‍ പ്രമുഖ അവതാരക എലന്‍ താനൊരു ലെസ്ബിയനാണെന്ന് പ്രഖ്യാപിച്ചു. ടിവി ഷോകളിലും സിനിമകളിലും ഹോമോസെക്ഷ്വല്‍ പ്രണയം ചിത്രീകരിക്കപ്പെട്ടു. 2003-ല്‍ മസാച്യുസെറ്റ്‌സ് സ്വവര്‍ഗവിവാഹം അനുവദിച്ച അമേരിക്കയിലെ ആദ്യ സംസ്ഥാനമായി. 12 വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ അമ്പതോളം രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിക്കഴിഞ്ഞു. പക്ഷേ, ജനാധിപത്യരാജ്യമായ ഇന്ത്യ ഇന്നും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കാത്തതെന്ന ടാഗോടെ സ്വവര്‍ഗ ബന്ധങ്ങളെ വില കുറച്ചുകാണുമ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തോട് ചേര്‍ത്തുവായിക്കുകയും അഭിമാനിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന പലതിലും ഈ ബന്ധങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത് വിസ്മരിച്ചുകൂടാ.
....................................
ആർക്കാണ് സ്വവർഗ വിവാഹങ്ങളെ ഇത്ര പേടി? പരമ്പര ഒന്നാം ഭാഗം
.....................................
വിശ്വ ഹിന്ദു പരിക്ഷത്ത് ഹോമോസ്‌കെഷ്വാലിറ്റിയെ 'ഇറക്കുമതി ചെയ്ത രോഗം' എന്ന പേരിലാണ് അഭിസംബോധന ചെയ്തത്. LGBTQA+ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്നത് അമേരിക്കയുടെ ഒരു ഗെയിമിന്റെ ഭാഗമാണെന്ന വിചിത്രവാദമാണ് സുബ്രമണ്യന്‍ സ്വാമി ഉന്നയിച്ചത്. ഇന്ത്യയില്‍ ഹോമോസെക്ഷ്വാലിറ്റിയെ കൂടുതല്‍ എതിര്‍ക്കുന്നതും ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് കോടതിയില്‍ ഒരേ ലിംഗക്കാര്‍ തമ്മിലുള്ള വിവാഹം നടക്കരുതെന്ന് നിയമം കൊണ്ടു വരണമെന്നൊക്കെ വാദിക്കുന്നത് 'ഇന്ത്യന്‍ സംസ്‌കാര'ത്തിന് എതിരായിട്ടുള്ള കാര്യമായി കണക്കാക്കിയാണ്.
നാലാം നൂറ്റാണ്ടില്‍ വാത്സ്യായനന്‍ എഴുതിയ 'കാമസൂത്ര'യില്‍ പുരുഷന്‍മാര്‍ തമ്മിലുള്ള ലൈംഗികതയെക്കുറിച്ചും ആനന്ദത്തെ കുറിച്ചുമെല്ലാം പറയുന്നുണ്ട്. 'കാമസൂത്ര'ക്ക് ഇന്ത്യന്‍ സംസ്‌കാരവുമായുള്ള ബന്ധം വിശദീകരിക്കേണ്ടതില്ലല്ലോ. പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ബംഗാളി നാടോടിക്കഥകളില്‍ രണ്ട് വിധവകള്‍ തമ്മിലുള്ള പ്രണയബന്ധത്തെ കുറിച്ച് പറയുന്നുണ്ട്. മധ്യകാല ഇന്ത്യയല്‍ ഭക്തിയില്‍ ആഴ്ന്നിറങ്ങിയ സന്യാസികള്‍ സ്‌ത്രൈണപ്രകൃതരായി കൃഷ്ണനെയും ശിവനെയുമൊക്കെ ആരാധിച്ചിരുന്നതും ഇന്ത്യയില്‍ നിലനിന്നിരുന്ന വിശ്വാസ സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ നവാബുമാര്‍ ചില അവധി ദിവസങ്ങളില്‍ സ്ത്രീകള്‍ മാത്രം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതായാത്, ഇന്ന് ഇന്ത്യയില്‍ നിയമമാക്കരുതെന്ന് പറയുന്ന ബന്ധങ്ങളെ പണ്ട് പ്രത്യേക ലേബലുകളില്ലാതെ പൂര്‍വ്വികന്മാര്‍ ആസ്വദിച്ചുവന്നിട്ടുള്ളതാണ്. 1800-കളില്‍ ജീവിച്ചിരുന്ന കവികളായ ഇന്‍ഷ, റംഗീന്‍ തുടങ്ങിയവര്‍ സ്വവര്‍ഗക്കാര്‍ തമ്മിലുള്ള പ്രണയവും രതിയുമെല്ലാം സ്വാഭാവികതയോടെ അവതരിപ്പിച്ചിട്ടുണ്ട്, തുറന്നെഴുതിയിട്ടുണ്ട്.

സ്വവര്‍ഗ പ്രണയം എന്നു മുതലാണ് നിഷിദ്ധമായത്? 1860-ല്‍ ഹോമോ സെക്ഷ്വാലിറ്റി ഒരു പ്രകൃതി വിരുദ്ധ കുറ്റകൃത്യമായി തോമസ് മൊക്കോളെ ഇന്ത്യന്‍ പീനല്‍ കോഡില്‍(സെക്ഷന്‍ 377) കൂട്ടിച്ചേര്‍ക്കുന്നതോടെയാണ്. ഇതുപ്രകാരം അനല്‍, ഓറല്‍ സെക്‌സ് എന്നത് ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യമാണ്. പ്രണയത്തെ ഇവിടെ പ്രതിപാദിച്ചിരുന്നില്ല. ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ച് ഇന്ത്യയ്ക്കുണ്ടായിരുന്ന തുറന്ന സമീപനത്തെ മോശമായിട്ടാണ് ബ്രിട്ടീഷുകാര്‍ വിലയിരുത്തിയിരുന്നത്. പക്ഷേ, അവര്‍പോലും തിരുത്തലുകള്‍ക്ക് തയ്യാറായപ്പോള്‍ അവര്‍ ചുമത്തിയ ഭാരങ്ങളെ നെഞ്ചോടു ചേര്‍ത്ത് സ്വന്തം സംസ്‌കാരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് നമ്മുടെ സമൂഹം.
.....................................
സ്വവർഗാനുരാഗം പാരമ്പര്യ വിരുദ്ധമാണെന്ന് ആര് പറഞ്ഞു? പരമ്പര രണ്ടാം ഭാഗം
.....................................
1920-ല്‍ സ്വവര്‍ഗ ലൈംഗികതയെ പ്രതിപാദിച്ചെഴുതിയ ചോക്ലേറ്റ് എന്ന ചെറുകഥ സമാഹാരത്തിന് വലിയ വിമര്‍ശങ്ങളാണ് നേരിടേണ്ടി വന്നത്. ഹിന്ദി സാഹിത്യകാരനായ ഉഗ്ര് എഴുതിയ ആ കഥയില്‍ സ്വവര്‍ഗ ലൈംഗികതയെ തള്ളിപ്പറയുകയാണ് ചെയ്തിരിക്കുന്നത്, എന്നിട്ടുപോലും എതിര്‍പ്പു നേരിടേണ്ടി വന്നിരുന്നു. 1967-ലാണ് സ്വവര്‍ഗ വിവാഹം ബ്രിട്ടണ്‍ ഡിക്രിമിനലൈസ് ചെയ്യുന്നത്. ഇതേ ബ്രിട്ടീഷുകാര്‍ ഹോമോസെക്ഷ്വാലിറ്റിയെ പ്രകൃതിവിരുദ്ധമായും സംസ്‌കാരത്തിന് വിരുദ്ധമായും ഇന്ത്യന്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചതിന്റെ മുദ്ര ഇന്നും മായാതെ കിടക്കുന്നു. 1988-ല്‍ ഇന്തോ കനേഡിയന്‍ സംവിധായികയായ ദീപ മേത്തയുടെ ''ഫയര്‍'' എന്ന ലെസ്ബിയന്‍ പ്രണയത്തെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമക്ക് ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഷ്ടിചുരുട്ടിക്കൊണ്ടുള്ള സ്വീകരണമാണ് ഒരുക്കിയത്. ബജ്‌റംഗ്ദള്‍ മുതല്‍ ബി.ജെ.പിയിലുള്ളവര്‍ വരെ തീയേറ്ററുകള്‍ നശിപ്പിക്കുകയും പോസ്റ്ററുകള്‍ വലിച്ചു കീറുകയും ചെയ്തു. ഇന്ത്യന്‍ പാരമ്പര്യത്തിനും സംസ്‌കാരത്തിനും ചേരാത്ത അന്യഗ്രഹ ജീവിയെ പോലെയാണ് ഈ ആശയമെന്നാണ് അവര്‍ വ്യക്തമാക്കിയത്. പക്ഷേ, ഇവിടെയൊക്കെ മുന്നോട്ട് വന്ന് പോരാടാന്‍ ശക്തരായ LGBTQA+ ആക്ടിവിസ്റ്റുകളുണ്ടായിരുന്നു. ഈ പോരാട്ടം പിന്നീടങ്ങോട്ട് അവകാശങ്ങള്‍ക്ക് വേണ്ടി മുന്നോട്ട് വന്ന ഒരു സമൂഹത്തിന്റെ പോരാട്ടമായി.

മനുഷ്യ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ഗണിത ശാസ്ത്രജ്ഞയായ ശകുന്തള ദേവി ഹോമോ സെക്ഷ്വാലിറ്റിയെ കുറിച്ച് പഠിച്ച് കൊണ്ട് '' ദി വേള്‍ഡ് ഓഫ് ഹോമോസെക്ഷ്വല്‍സ്'' എന്നൊരു പുസ്തകം പുറത്തിറക്കിയിരുന്നു. സഹാനുഭൂതിയും അസഹിഷ്ണുതയും കാണിക്കാതെ സ്വവര്‍ഗ ലൈംഗികതയെ കുറ്റകരമല്ലാതാക്കി അവരെ അംഗീകരിക്കാനാണ് അവര്‍ പുസ്തകത്തിലൂടെ ആവശ്യപ്പെട്ടത്. അത്തരമൊരു അഭിപ്രായം മുന്നോട്ടുവെച്ചതിന് അവര്‍ക്കും വലിയ എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്.
1981-ലാണ് ഓള്‍ ഇന്ത്യ ഹിജ്‌റ കോണ്‍ഫറന്‍സ് ആദ്യമായി നടക്കുന്നത്. ആഗ്രയില്‍ വെച്ചുനടന്ന കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി ഈ സമുദായങ്ങളില്‍പെട്ട അമ്പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തു. അവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും പോരാട്ടങ്ങളുടെയും ഭാഗമായിട്ടാണ് 1994-ല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വോട്ടവകാശം നല്‍കപ്പെട്ടത്. 377-ാം ആര്‍ട്ടിക്കിളിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആദ്യത്തെ പെറ്റിഷന്‍ 1994-ല്‍ എയ്ഡ്‌സ് ഭേദ്ഭാവ് വിരോധി ആന്തോളനാണ് ഫയല്‍ ചെയ്തത്. വളരെ നിസാരമായി ഇത് തള്ളിക്കളയപ്പെട്ടു. പോരാട്ട ചരിത്രത്തില്‍ രേഖപ്പെടുത്തിയ സൗത്ത് ഏഷ്യയിലെ ആദ്യത്തെ പ്രൈഡ് മാര്‍ച്ച് കൊല്‍ക്കത്തയിലാണ് സംഘടിപ്പിക്കപ്പെട്ടത്.
ആര്‍ട്ടിക്കിള്‍ 377-നെതിരെ നാസ്സ് ഫൗണ്ടേഷന്‍ ഡല്‍ഹി കോടതിയില്‍ 2001-ല്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് 2009-ല്‍ സെക്ഷന്‍ 377 പ്രകാരമുള്ള വിലക്കുകളെല്ലാം കുറ്റകരമല്ലാതാക്കിയെങ്കിലും നിയമമാക്കിയില്ല. ചരിത്രത്തില്‍ മഴവില്ല് വരയ്ക്കുന്നതിന്റെ തുടക്കമായിരുന്നു ഇത്. പക്ഷേ, ഈ സന്തോഷം അധികകാലം നീണ്ടില്ല. 2013 ഡിസംബര്‍ 11-ന് സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കി. ജഡ്ജിമാരുടെ ബെഞ്ച് ഈ വിഷയം പാര്‍ലമെന്റിന്റെ ചര്‍ച്ചയ്ക്ക് വിട്ടു. 'രാജ്യത്തെ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് LGBTQA+ ആയിട്ടുള്ളത്' എന്നായിരുന്നു ഹൈക്കോടതി ഭാഷ്യം. എന്തായാലും 2014-ലെ ജനറല്‍ ഇലക്ഷന് ആം ആദ്മി, കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പോലുള്ള പാര്‍ട്ടികളുടെ മുദ്രാവാക്യമായിരുന്നത് ഹോമോസെക്ഷ്വാലിറ്റിയെ കുറ്റകരമല്ലാതാക്കുക എന്നതായിരുന്നു.
2014-ലാണ് ഹോമോസെക്ഷ്വാലിറ്റിയെ മാനസികരോഗമാണെന്ന് വിശ്വസിച്ചിരുന്ന ഒരു പറ്റം ആള്‍ക്കാരുടെ മുന്നിലേക്ക് അതൊരു രോഗമല്ലെന്ന പ്രഖ്യാപനം നടത്തി ഇന്ത്യന്‍ സൈക്യാട്രിക്ക് സൈാസൈറ്റി എത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളെ മൂന്നാം ലിംഗക്കാരായി പരിഗണിക്കാന്‍ സുപ്രീം കോടതി ഉത്തരവിറക്കുകയും ചെയ്തു. 377-ാം സെക്ഷനെതിരേ 2015-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ ഭൂരിഭാഗം അംഗങ്ങളും തള്ളിക്കളഞ്ഞു. സ്വവര്‍ഗലൈംഗികതയ്ക്കുള്ള നിയമപരമായ വിലക്കിനെ കുറിച്ച് അവലോകനം ചെയ്യാന്‍ 2016-ലാണ് സുപ്രീംകോടതി തീരുമാനിക്കുന്നത്. 2017 ഓഗസ്റ്റ് 24-ന്.
LGBTQA+ കമ്യൂണിറ്റിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലൈംഗികാഭിരുചി തുറന്നുപറയുന്നതിനുള്ള അവകാശം ലഭിച്ചു. പക്ഷേ, അത്തരം ബന്ധങ്ങള്‍ക്കുള്ള നിയമസാധുത അപ്പോഴും കിട്ടാക്കനിയായി. നിയമപോരാട്ടത്തിനിറങ്ങിയത് ലെസ്ബിയന്‍ ദമ്പതികളായ സുപ്രീം കോടതി അഭിഭാഷകര്‍ മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവുമാണ്. ഹര്‍ജിക്കാരായിരുന്നവര്‍ക്ക് വേണ്ടിയും തൊഴില്‍പരമായ നേട്ടങ്ങള്‍ക്കും വേണ്ടി മാത്രമല്ല, സ്വന്തം ജീവിതത്തിലേക്കുള്ള വഴിത്തിരിവാണ് ഈ കേസെന്ന് അവര്‍ അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞു. സ്വവര്‍ഗ ബന്ധങ്ങള്‍ കുറ്റകരമാവുന്ന 377-ാം വകുപ്പ് 2018-ല്‍ സുപ്രീം കോടതി പിന്‍വലിച്ചതോടെ ഇവര്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടി. 2019-ലെ ടൈം മാഗസിന്റെ ലോകത്തെ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയില്‍ ഇവര്‍ ഇടംനേടി.

ഈ കേസില്‍ എടുത്തു പറയേണ്ടവരിലൊരാളാണ് നവ്‌തേജ് സിംഗ് ജോഹര്‍. ഇദ്ദേഹമടക്കം അഞ്ച് പേരാണ് സെക്ഷന്‍ 377 വിധിയെ ചോദ്യം ചെയ്ത് പെറ്റിഷന്‍ കെടുത്തത്. നവ്‌തേജ് സിംഗ് ഭരതനാട്യ കലാകാരനും യോഗാചാര്യനും അതിനോടെപ്പം തന്നെ ക്വീര്‍ ആക്ടിവിസ്റ്റുമാണ്. മാധ്യമപ്രവര്‍ത്തകനും യോഗ പരീശിലകനായ സുനില്‍ മെഹ്‌റ, സെലിബ്രിറ്റി ഷെഫായ റിതു ഡാല്‍മിയ, എഴുത്തുകാരായ അമന്‍ നാഥ്, കേശവ് സുരി എന്നിവരാണ് മറ്റു പരാതിക്കാര്‍. ബ്രീട്ടീഷുകാരാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഹോമോ ഫോബിയ ഒരു പരിധി വരെ കുറയ്ക്കാന്‍ ഇവരുടെ പോരാട്ടങ്ങള്‍ക്ക് സാധിച്ചു.
2018-ലാണ് ഇന്ത്യ സ്വവര്‍ഗ ലൈംഗികതയ്ക്കുള്ള നിയമപരമായ വിലക്ക് ഒഴിവാക്കുന്നത്. എന്നിരുന്നാല്‍ തന്നെയും ഇന്നും ഇന്ത്യയില്‍ 70% ആളുകള്‍ക്കും ഹോമോസെക്ഷ്വാലിറ്റി എന്ന് വാക്കിനോടുപോലും അറപ്പാണ്. 2018-ല്‍ നിയമം വന്നപ്പോള്‍ രാജ്യത്തെ ഭരണപക്ഷം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തിരുന്നില്ല. സ്വവര്‍ഗ വിവാഹം നിയമ വിരുദ്ധമാക്കണമെന്ന അപ്പീലുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ നിരവധി ചോദ്യങ്ങളാണ് ആളുകള്‍ക്കിടയില്‍ ഉയരുന്നത്. ഒരേ ലിംഗത്തില്‍ പെട്ടവര്‍ പങ്കാളികളായി ജീവിക്കുന്നതും ലൈംഗികതയിലേര്‍പ്പെടുന്നതുമെല്ലാം ക്രിമിനല്‍ കുറ്റം ആക്കിയാല്‍ വീണ്ടും ഇന്ത്യ ബ്രിട്ടീഷ് ഇന്ത്യയായി മാറുമെന്നതില്‍ സംശയമില്ല. ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്ന ഇന്ത്യന്‍ സംസ്‌കാരത്തെ ഇല്ലാതാക്കുകയാണ് ഇത്തരം ബന്ധങ്ങളെന്നുള്ള വാദങ്ങളുണ്ട്. വിവാഹമെന്നത് ഒരു സംവിധാനമാണ്, അതിന് പവിത്രതയുണ്ട്. നമ്മുടെ പാരമ്പര്യം, ധാര്‍മികത, പൈതൃകം എന്നിവയൊക്കെ പരിഗണിച്ചുള്ള ഒരു നിയമം വേണമെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. പക്ഷേ, ഇതേ പൈതൃകം ഹോമോസെക്ഷ്വാലിറ്റിയെ അംഗീകരിച്ച ചരിത്രവുമുണ്ടായിരുന്നു എന്നകാര്യം മറക്കരുതെന്ന് മാത്രം.
Content Highlights: same sex marriage in india
Published: 09 May 2023, 01:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented