തന്റെ പങ്കാളിയെ മാതാപിതാക്കള്‍ സ്വീകരിച്ച നിമിഷത്തെ കുറിച്ച് ഹൃദയസ്പര്‍ശിയായ വീഡിയോ പങ്കുവെച്ച് ക്വിയര്‍ യുവതി. കാനഡയില്‍ താമസിക്കുന്ന സുഭിക്ഷ സുബ്രഹ്മണി എന്ന യുവതിയാണ് തന്റെ പങ്കാളിയെ എങ്ങനെയാണ് വീട്ടുകാര്‍ തുറന്ന മനസോടെ സ്വീകരിച്ചതെന്ന് വീഡിയോയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലിലാണ് യുവതി ഇക്കാര്യം വിശദീകരിക്കുന്നത്.
കാനഡയിലെ സുഭിക്ഷയുടെ വീട്ടില്‍ നടന്ന ഗൃഹപ്രവേശന ചടങ്ങിന്റെ ഭാഗമായുള്ള പൂജയ്ക്കിടെ നടന്ന സംഭവമാണ് അവര്‍ പങ്കുവെച്ചത്. പൂജയ്ക്കായി ഇന്ത്യയില്‍ നിന്നെത്തിയ പൂജാരി തന്റെ ഭര്‍ത്താവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മാതാപിതാക്കള്‍ തങ്ങളുടെ മകള്‍ സ്വവര്‍ഗ വിവാഹമാണ് ചെയ്തതെന്ന് പൂജാരിയോട് പറഞ്ഞത്. അത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നെന്നും മാതാപിതാക്കള്‍ തങ്ങളെ അംഗീകരിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും വീഡിയോയില്‍ സുഭിക്ഷ പറയുന്നു.
പൂജയ്ക്ക് മുമ്പാണ് പൂജാരി സുഭിക്ഷയോട് കാര്യങ്ങള്‍ അന്വേഷിച്ചത്. 'വിവാഹിതയാണോ എന്നും ഭര്‍ത്താവ് എവിടെയാണെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഇതിന് മറുപടി നല്‍കിയത് എന്റെ മാതാപിതാക്കളാണ്. യാതൊരു മടിയുടെ കൂടാതെ അഭിമാനത്തോടെ അവര്‍ മറുപടി പറഞ്ഞു. 'ഞങ്ങളുടെ മകള്‍ ടിന എന്ന പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്' എന്നായിരുന്നു ആ മറുപടി. എനിക്ക് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.' വീഡിയോയില്‍ സുഭിക്ഷ പറയുന്നു.
'നിങ്ങള്‍ ക്വിയര്‍ ആണെങ്കില്‍, പൂജാരി ഇതിനെ കുറിച്ച് നിങ്ങളോട് ചോദിക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?' എന്ന ക്യാപ്ഷനോടെയാണ് സുഭിക്ഷ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എട്ട് ലക്ഷത്തോളം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ കണ്ടത്. 27,000-ല്‍ അധികം ലൈക്കും ലഭിച്ചു. വൈകാരികമായ പ്രതികരണങ്ങളാല്‍ ഒട്ടേറെപ്പേര്‍ കമന്റ് സെക്ഷനും നിറച്ചു.
'എത്ര മനോഹരമായ നിമിഷം. സാധാരണ ദമ്പതികള്‍ ചിന്തിക്കുക പോലും ചെയ്യാത്ത വളരെ ലളിതമായ കാര്യങ്ങള്‍ ക്വിയര്‍ വ്യക്തികള്‍ക്ക് വളരെ പ്രധാനമാണ്,' എന്നായിരുന്നു ഒരു കമന്റ്. 'ഈ വീഡിയോ മനോഹരമാണ്. ഇപ്പോള്‍ ഞാന്‍ കരയുകയാണ്. കാരണം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇത്തരത്തിലുള്ള സമാധാനവും അംഗീകാരവും ലഭിക്കാന്‍ അര്‍ഹതയുണ്ട്.'-ഒരു ഉപയോക്താവ് കുറിച്ചു. നിങ്ങളുടെ മാതാപിതാക്കളേയും പൂജാരിയേയും ഓര്‍ത്ത് അഭിമാനിക്കുന്നു എന്നായിരുന്നു ഒരു പ്രതികരണം.
'ഇത് ഞാന്‍ പൂര്‍ണമായും മനസിലാക്കുന്നു. മാതാപിതാക്കളില്‍ നിന്ന്, പ്രത്യേകിച്ച് ഇന്ത്യന്‍ തമിഴ് മാതാപിതാക്കളില്‍ നിന്ന് ഈ അംഗീകാരം ലഭിക്കുന്നത് വേറെ ലെവല്‍ ആണ്. എന്റെ അമ്മ എന്റെ ഭര്‍ത്താവിനെ അംഗീകരിച്ചെങ്കിലും ഇത്രയധികം അഭിമാനത്തോടെ പരിചയപ്പെടുത്തില്ല. എന്റെ അച്ഛന് ഒരു ദശാബ്ദം മുന്‍പ് എന്നോട് സംസാരിക്കുന്നത് നിര്‍ത്തി. എല്ലാ മാതാപിതാക്കളും നിങ്ങളുടേത് പോലെയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'-ഒരു ക്വിയര്‍ വ്യക്തി തന്റെ അനുഭവംതന്നെ കമന്റ് ബോക്സില്‍ കുറിച്ചു. ശരിക്കും ഹൃദ്യമായ നിമിഷമാണെന്നും ഇപ്പോള്‍ ലോകത്തിന് ഇത്തരത്തിലുള്ള അംഗീകാരം വളരേയധികം ആവശ്യമുണ്ട് എന്നുമായിരുന്നു ഒരു കമന്റ്.
Content Highlights: indian origin queer women shares touching video
Published: 16 May 2025, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented