
ഡിജിറ്റൽ യുഗം മനുഷ്യർക്ക് സമ്മാനിച്ച ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്നാണ് സോഷ്യൽ മീഡിയ. ലോകത്തിന്റെ ഏത് കോണിലുള്ളവരുമായും ഒരു ബുദ്ധിമുട്ടില്ലാതെ ബന്ധപ്പെടാനും ഇൻഫർമേഷൻ നിമിഷനേരംകൊണ്ട് ഷെയർ ചെയ്യാനും ക്രിയേറ്റിവിറ്റി ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. എന്നാൽ, ഈ സാങ്കേതിക മുന്നേറ്റം യാതൊരു വിലയും കൊടുക്കാതെയാണ് നമ്മിലേക്ക് എത്തിയതെന്നു കരുതാനാവില്ല. ഇൻസ്റ്റാഗ്രാം റീലുകളിലും യൂടൂബ് വീഡിയോകളിലും പോസ്റ്റുകളിലും കാണുന്നതൊക്കെയും സോ കോൾഡ് ഏസ്തറ്റിക്ക്സും കൃത്യതയാർന്ന ലൈഫ്സ്റ്റൈലും മാത്രം നിറഞ്ഞതാണ്. എവിടെയും പിഴവുകളില്ലാത്ത, ട്രെൻഡുകളെല്ലാം കൃത്യമായി പിന്തുടരുന്ന ഒരു വെർച്വൽ ലോകം അവിടെ നിലനിൽക്കുന്നു. എന്നാൽ, ഈ പോളിഷ്ഡ് പെർഫെക്ഷനിൽ (Polished perfection) ഇന്നത്തെ തലമുറ നടത്തുന്ന വിപ്ലവകരമായ ഒരു സാംസ്കാരിക ചുവടുമാറ്റമാണ് 'ക്രിഞ്ച് റെണൈസൻസ്' (The Cringe Renaissance). അപൂർണ്ണതകളെയും അല്പം വിചിത്രസ്വഭാവങ്ങളെയും ഒക്കെ ആത്മവിശ്വാസത്തോടെ സ്വീകരിക്കുന്ന പുതിയൊരു കാലഘട്ടമാണിത്.
ഡിജിറ്റൽ മുഖംമൂടികളും പെർഫെക്ഷനിസത്തിന്റെ അദൃശ്യഭാരവും
കഴിഞ്ഞ കുറേ വർഷങ്ങളായി സോഷ്യൽ മീഡിയ ആളുകളിൽ അടിച്ചേൽപ്പിച്ച ഏറ്റവും വലിയ ഭാരം 'പെർഫെക്ഷനിസം' അഥവാ എല്ലാ കാര്യങ്ങളിലും മികവ് പുലർത്തണമെന്ന നിർബന്ധ ബുദ്ധിയാണ്. ഉടുക്കുന്ന വസ്ത്രം മുതൽ കുടിക്കുന്ന കാപ്പി വരെ ട്രെൻഡുകളുടെ ഭാഗമായിരിക്കണം, വീടിന്റെ അകത്തളങ്ങൾ മിനിമലിസ്റ്റിക് ആയിരിക്കണം, ഒഴിവുസമയ എന്റ്ർടെയിമെന്റ് പോലും മറ്റുള്ളവരെ ആകർഷിക്കുന്നതായിരിക്കണം. ഏതു നിമിഷവും മറ്റുള്ളവരുടെ കണ്ണിൽ മനോഹരമായിരിക്കുക എന്നത് ഏതൊരു ഡിജിറ്റൽ യൂസറിന്റെയും ആവശ്യവും ഒരുവിധത്തിൽ അദൃശ്യവുമായ തൊഴിലായി മാറി. ഒരു ചിത്രമോ വീഡിയോയോ പങ്കുവെക്കുമ്പോൾ അതിന് ലഭിക്കുന്ന ലൈക്കുകളും കമന്റുകളും ഒരാളുടെ സാമൂഹിക നിലവാരത്തെയും വ്യക്തിത്വത്തെയും നിർണ്ണയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു.
ഈ അതിതീവ്രമായ പ്രൊഫഷണലിസവും പെർഫെക്ഷനും ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചെറുപ്പക്കാർക്കിടയിൽ കടുത്ത അരക്ഷിതാബോധത്തിനും കാരണമായിട്ടുണ്ട്. സാധാരണമായ ജീവിതം മറ്റുള്ളവരുടെ ഫിൽട്ടർ ചെയ്ത, മാന്ത്രികലോകം പോലുള്ള ജീവിതവുമായി താരതമ്യം ചെയ്ത് നിരന്തരം അപകർഷതാബോധം അനുഭവിക്കുന്നു. ഈ കൃത്രിമ മാതൃകകൾക്ക് പിന്നിൽ ഓടിത്തളർന്ന ഒരു തലമുറയാണ് ഇപ്പോൾ വിശ്രമിക്കാനും ശ്വാസംവിടാനുമായി മറ്റൊരു വഴി തേടുന്നത്.
എന്താണ് 'ക്രിഞ്ച് റെണൈസൻസ്'?
കൃത്രിമ ലോകത്തോടുള്ള ഈ കടുത്ത മടുപ്പിൽനിന്നാണ് 'ക്രിഞ്ച് റെണൈസൻസ്' പിറവിയെടുക്കുന്നത്. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ഭയമില്ലാതെ, തന്റെ സ്വാഭാവികമായ പോരായ്മകളെയും വേറിട്ട സ്വഭാവങ്ങളെയും തുറന്നുകാണിക്കാൻ യുവജനങ്ങൾ തയ്യാറാകുന്നു. ട്രെൻഡുകളെ കണ്ണടച്ച് അനുകരിക്കുന്നതിന് പകരം, തനതായ ശൈലിയിൽ അപൂർണ്ണമായ കാര്യങ്ങൾ അവതരിപ്പിക്കുകയാണിവിടെ. പാടാൻ അറിയാത്തവൻ പാടുന്നു, നൃത്തം വശമില്ലാത്തവൻ തന്റെതായ രീതിയിൽ ഒരുവിധ താളവുമില്ലാതെ ചുവടുവെക്കുന്നു, മികച്ച എഡിറ്റിങ്ങോ ലൈറ്റിങ്ങോ ഇല്ലാത്ത വീഡിയോകൾ പങ്കുവെക്കുന്നു.
ഇതിനെയെല്ലാം സമൂഹം പരിഹസിച്ചേക്കാം. അല്ലെങ്കിൽ 'ക്രിഞ്ച്' (Cringe) എന്ന് മുദ്രകുത്തിയേക്കാം. എന്നാൽ, ആ പരിഹാസത്തെ ഭയപ്പെടുകയോ ഒളിച്ചോടുകയോ ചെയ്യുന്നതിന് പകരം, ആ ലേബലിനെ ഒരു കവചമാക്കി മാറ്റുകയാണ് ഈ തലമുറ. മറ്റുള്ളവരുടെ മുൻവിധികളെയും ജഡ്ജ്മെന്റിനെയും ഭയക്കാതെ, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ക്രിഞ്ച് റെണൈസൻസ് മുന്നോട്ടുവെക്കുന്നത്. ഭയത്തിന്റെ വലിയ മതിലുകൾ തകർത്ത് സ്വയം സ്വതന്ത്രരാകാനുള്ള ശക്തമായ മാനസിക പ്രതിരോധമാണിത്.
ആധികാരികതയുടെയും വിരസമായ യാഥാർത്ഥ്യങ്ങളുടെയും വീണ്ടെടുപ്പ്
സോഷ്യൽ മീഡിയയിലെ വ്യാജമായ തികഞ്ഞ സ്വഭാവ പ്രവണത തകർത്തെറിയപ്പെടുന്നത് ആധികാരികതയുടെ (Authenticity) തിരിച്ചുവരവിലൂടെയാണ്. സ്വന്തം പോരായ്മകളെയും തെറ്റുകളെയും പരസ്യമായി അംഗീകരിക്കുക വഴി ആളുകൾ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. ഒരു ഫിൽട്ടറിന്റേയും മേക്കപ്പിന്റേയും സഹായമില്ലാതെ സ്വന്തം മുഖം കാണിക്കാനും അപൂർണ്ണമായ സർഗ്ഗാത്മകതയെ ലജ്ജയില്ലാതെ പുറത്തെടുക്കാനുമുള്ള ആർജ്ജവം ഇന്നത്തെ യുവത്വം കാണിക്കുന്നു.
തങ്ങൾ എപ്പോഴും ട്രെൻഡ്-ലിറ്ററേറ്റ് ആയിരിക്കണമെന്നില്ലെന്നും ചിലപ്പോൾ വളരെ ലളിതവും ബോറടിപ്പിക്കുന്നതുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും തുറന്നുപറയാൻ ഇവർ മടിക്കുന്നില്ല. ആരുടെ മുന്നിലും മാതൃകയാകേണ്ടതില്ലെന്നും മറ്റുള്ളവരുടെ കയ്യടിക്ക് വേണ്ടി ജീവിക്കേണ്ടതില്ലെന്നും തങ്ങളായിരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ സൗന്ദര്യമെന്നും തിരിച്ചറിയുന്ന തലമുറയാണിത്.
ആധുനിക അംബീഷ്യൻ സംസ്കാരത്തോടുള്ള കടുത്ത എതിർപ്പ്
അതിവേഗം മാറുന്ന ആധുനിക ലോകത്ത്, എപ്പോഴും എന്തെങ്കിലും നേടിയെടുക്കണം (Hustle culture) എന്ന വാശിയെ ക്രിഞ്ച് റെണൈസൻസ് ചോദ്യം ചെയ്യുന്നു. എപ്പോഴും പ്രൊഡക്ടീവ് ആയിരിക്കുക, ഒഴിവുസമയങ്ങളിൽ പോലും പുതിയ കാര്യങ്ങൾ പഠിച്ച് അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഇന്നത്തെ ചെറുപ്പക്കാരിൽ വലിയ തോതിൽ മാനസിക ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ട്. വിശ്രമം എന്നത് കുറ്റകരമായ ഒന്നായി കണക്കാക്കപ്പെടുന്ന വിചിത്രമായ തൊഴിൽ സംസ്കാരമാണ് ഇന്ന് നിലവിലുള്ളത്.
ഈ നിരന്തരമായ പെർഫോമെൻസ് സീക്കിങ്ങിന് എതിരെയുള്ള നിശബ്ദവിപ്ലവമാണ് ഇത്. ഒന്നും ചെയ്യാതെ വെറുതെയിരിക്കുക, വിഡ്ഢിത്തങ്ങൾ പറയുക, യാതൊരു പ്രയോജനവുമില്ലാത്ത ലളിതമായ വിനോദങ്ങളിൽ ഏർപ്പെടുക എന്നിവയെല്ലാം തെറ്റല്ലെന്നും അതൊക്കെ തികച്ചും മനുഷ്യസഹജമാണെന്നും ക്രിഞ്ച് റെണൈസൻസ് ഓർമ്മിപ്പിക്കുന്നു. നിരന്തരം തിളങ്ങിനിൽക്കേണ്ട ബാധ്യതയല്ല മനുഷ്യജീവിതമെന്നു തിരിച്ചറിയുന്നിടത്താണ് ഈ ചിന്താഗതി വിജയിക്കുന്നത്.
ഡിജിറ്റൽ തളർച്ചയിൽ നിന്നുള്ള മോചനം
ഇന്റർനെറ്റും സ്മാർട്ട്ഫോണുകളും നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയെങ്കിലും, അതിലൂടെ ഉണ്ടായ ഡിജിറ്റൽ ഡിസോസിയേഷൻ അഥവാ യാഥാർത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടൽ ഗുരുതരമായ പ്രശ്നമാണ്. തങ്ങളുടെ ജീവിതം ഒരു സിനിമ പോലെ ചിത്രീകരിച്ച് നിരന്തരം കാഴ്ചക്കാർക്കായി സമർപ്പിക്കുന്ന 'മെയിൻ ക്യാരക്ടർ സിൻഡ്രം' പലരിലും കടുത്ത മാനസിക തളർച്ച ഉണ്ടാക്കിയിട്ടുണ്ട്.
ക്രിഞ്ച് റെണൈസൻസ് ഇത്തരം ആർട്ടിഫിഷ്യൽ ലോകത്തിൽനിന്ന് മോചനം നൽകാൻ പര്യാപ്തമാണ്. ക്യാമറയോ ലൈറ്റോ ഇല്ലാതെ, എഡിറ്റ് ചെയ്യാത്ത നിമിഷങ്ങളെ അനുഭവിക്കാൻ ഇത് പഠിപ്പിക്കുന്നു. സില്ലിനസും കുസൃതികളെയും സ്വയം ആസ്വദിക്കാൻ സാധിക്കുമ്പോഴാണ് മനുഷ്യൻ യഥാർത്ഥത്തിൽ മാനസികമായി സ്വതന്ത്രനാകുന്നത്.
സമൂഹത്തിന്റെ മുൻവിധികളെയും സോഷ്യൽ മീഡിയ നിർമ്മിച്ചെടുത്ത കൃത്രിമ മാതൃകകളെയും വെല്ലുവിളിച്ചുകൊണ്ട് മുന്നേറുന്ന ഈ സാംസ്കാരിക മുന്നേറ്റം വെറുമൊരു തമാശയല്ല; മറിച്ച്, ഡിജിറ്റൽ അടിമത്തത്തിൽനിന്നുള്ള മാനസിക മോചനമാണ്. എല്ലാം തികഞ്ഞ ഈ ലോകത്ത് അപൂർണ്ണതയോടെ ജീവിക്കാൻ ധൈര്യപ്പെടുക എന്നത് ചെറിയ കാര്യമല്ല.
മറ്റുള്ളവരുടെ അംഗീകാരങ്ങൾക്കും ലൈക്കുകൾക്കും വേണ്ടി മാത്രം ജീവിച്ച ഒരു തലമുറ, ഒടുവിൽ സ്വന്തം സന്തോഷങ്ങൾക്കും സമാധാനത്തിനും ആത്മാവിഷ്കാരത്തിനും മുൻഗണന നൽകാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ക്രിഞ്ച് റെണൈസൻസ്. തികവുകളിലെ കൃത്രിമത്വത്തേക്കാൾ ആയിരം മടങ്ങ് മനോഹരമാണ് പച്ചയായ അപൂർണ്ണതകൾ എന്ന് തിരിച്ചറിയുന്നിടത്താണ് മാറ്റത്തിന്റെ വിജയം നിലകൊള്ളുന്നത്.
Content Highlights: Social media has long forced a culture of toxic perfectionism and polished aesthetics., The Cringe Renaissance represents a cultural shift where youth embrace flaws and quirks without fear of judgment., This movement combats hustle culture, digital fatigue, and burnout caused by constant performance-seeking., True freedom comes from authenticity and letting go of the need for constant online validation.
Published: 10 Sept 2026, 01:08 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented