സ്വവർഗാനുരാഗം പാരമ്പര്യ വിരുദ്ധമാണെന്ന് ആര് പറഞ്ഞു? | പരമ്പര രണ്ടാം ഭാഗം


അഖില സെൽവം

6 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

പ്ലേറ്റോ തന്റെ 'സിമ്പോസിയ'ത്തിൽ പറയുന്ന ഒരു കഥയുണ്ട്.
'പണ്ടു പണ്ട് മനുഷ്യന്‍ ഇന്ന് കാണുന്നതു പോലെയായിരുന്നില്ല. മനുഷ്യന്റേത് ഉരുണ്ട ശരീരപ്രകൃതിയായിരുന്നു. നാല് കൈകളും രണ്ടു തലയും രണ്ട് ജനനേന്ദ്രിയവുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. ഇത് സ്ത്രീയും സ്ത്രീയും, സ്ത്രീയും പുരുഷനും, പുരുഷനും പുരുഷനും എന്നിങ്ങനെയുള്ള മാതൃകകളിലായിരുന്നുവത്രേ. ഈ മനുഷ്യര്‍ വളരെ ശക്തരും അഭിമാനികളും എല്ലാ തരത്തിലും മികച്ചവരുമായിരുന്നു. പക്ഷേ, ഇവരില്‍ ദൈവത്തെ ആക്രമിക്കാനുള്ള വാസന വളര്‍ന്നു. ഗ്രീക്ക് ഭഗവാനായ സിയൂസ് ദേവന്‍ ഇതിന് ശിക്ഷയെന്നോണം അവരെ രണ്ടായി മുറിച്ച് മാറ്റി. അങ്ങനെ അവര്‍ രണ്ട് മനുഷ്യരായി. ഈ മുറിച്ച് മാറ്റപ്പെട്ട മനുഷ്യര്‍ തങ്ങളില്‍നിന്നു മുറിക്കപ്പെട്ട മറുപാതിക്കായി അക്ഷീണം തിരച്ചില്‍ തുടങ്ങി. പരസ്പരം കണ്ടുമുട്ടുമ്പോള്‍ ആലിംഗനബദ്ധരാവുന്ന ഇവര്‍ വിശപ്പും ഉറക്കവും മറന്ന് മരിച്ചുവീഴുകയാണ് ഉണ്ടായത്. അങ്ങനെ അവര്‍ നശിച്ചുപോയാല്‍ ശരിയാവില്ലെന്ന് കണ്ട സിയൂസ് ദേവന്‍ അവരുടെ ശരീരവും മനസ്സും ഒന്നായി തീരുന്ന തരത്തില്‍ പ്രണയവും ലൈംഗികതയും അവര്‍ക്കിടയില്‍ ഉളവാക്കി. വികാരങ്ങള്‍ ശരിയായി പ്രകടിപ്പിക്കാനാവുന്നതു കൊണ്ടുതന്നെ അവര്‍ സ്വന്തം കാര്യങ്ങളില്‍ മുഴുകി തുടങ്ങി. പുരുഷന്‍മാര്‍ തമ്മിലുള്ള ശരീരം വേര്‍പ്പെട്ട് ഗേ ആയും സ്ത്രീകള്‍ വേര്‍പ്പെട്ട് ലെസ്ബിയനായും സ്ത്രീയും പുരുഷനും വേര്‍പ്പെട്ട് ഹെട്രോസെക്ഷ്വലായി മാറുകയും ചെയ്തു...'

സാങ്കൽപികമെങ്കിലും മനോഹരമായാണ് പ്ലാറ്റോ സ്വവർഗാനുരാഗത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാറുമുണ്ട്.

Read More: ആർക്കാണ് സ്വവർഗ വിവാഹങ്ങളെ ഇത്ര പേടി?...... | പരമ്പര ആദ്യ ഭാഗം

427 ബി.സി. കാലഘട്ടത്തിലെ തത്ത്വചിന്തകനായ പ്ലാറ്റോ സ്വവർഗാനുരാഗത്തെ പ്രകൃതിദത്തമായി ഉരുത്തിരിഞ്ഞു വന്ന സ്വാഭാവികമായ ഒരു കാര്യമായി വിലയിരുത്തുമ്പോൾ 2023-ൽ ജീവിക്കുന്ന മനുഷ്യരില്‍ ഭൂരിഭാഗം പേര്‍ക്കും ഇതിനെപറ്റിയുള്ള സംസാരം പോലും ബുദ്ധിമുട്ടായി അനുഭവപ്പെടുന്നു എന്നത് വിചിത്രമാണ്. ആധുനിക ജീവിത സാഹചര്യങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ കൊണ്ടുവന്ന ട്രെന്‍ഡാണ് ഇതെന്നു വാദിക്കുന്നവർക്കുള്ള മറുപടിയാണ് പ്ലേറ്റോയുടെ 'സിമ്പോസിയം'.

സ്വവർഗാനുരാഗം റോമില്‍

ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ സാമ്രാജ്യശക്തിയായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളവരാണ് റോമാക്കാര്‍. നല്ല ഗുണങ്ങളുള്ള മാര്‍ക്ക്‌സ് ഓറിലിയസ്, ആന്‍നൈസ് പയസ് തുടങ്ങിയവർ ഈ സാമ്രാജ്യത്തിന്റെ തലപ്പത്തെത്തിയപ്പോൾ കലിഗുല, കൊമ്മോഡസ്, കറക്കാല തുടങ്ങിയവർ രക്തത്തിനും ലൈംഗിക വൈകൃതങ്ങള്‍ക്കുമായി ദാഹിക്കുന്നവരുമായിരുന്നു. സ്യൂട്ടോണിയസ്, ലൂസിയസ് ക്യാസിയസ് ഡിയോ, പ്ലീനി തുടങ്ങിയവർ റോമിന്റെ ചരിത്രത്തെ കുറിച്ച് വിശദമായി പറഞ്ഞിട്ടുള്ളത് കൊണ്ട് തന്നെ ഈ ഇമ്പീരിയലിസ്റ്റുകളുടെ കഥകള്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. പക്ഷേ, ഇവിടെ ചോദ്യം ഉയരുന്നത് തികച്ചും പാട്രിയാര്‍ക്കലായിരുന്ന റോമന്‍ സമൂഹത്തില്‍ എത്തരത്തിലാണ് സ്വവർഗാനുരാഗം നിലനിന്നത് എന്നാണ്.

ഹോമോസെക്ഷ്വല്‍, ഹെട്രോസെക്ഷ്വല്‍ എന്ന വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. അവിടെ പരിഗണിച്ചിരുന്നത് സെക്ഷ്വലി ഡോമിനന്റ് ആയത് ആരെന്നുള്ളതാണ്. സമൂഹത്തില്‍ ഉയര്‍ന്ന പദവിയിലുള്ളവര്‍ക്ക് അതിന് സാധിക്കുമായിരുന്നു. താഴ്ന്ന പദവിയിലുള്ള അതേ ലിംഗക്കാരെ അവര്‍ക്ക് ലൈംഗികതയ്ക്കായി ഉപയോഗിക്കാവുന്നതാണ്. പക്ഷേ, ലൈംഗികത ഒന്നു കൊണ്ട് മാത്രം സ്വവര്‍ഗാനുരാഗത്തെ വിലയിരുത്താന്‍ സാധിക്കില്ലല്ലോ. അതില്‍ ആത്മാര്‍ത്ഥമായ പ്രണയവും വേണം. അല്ലെങ്കില്‍ രതിയും പ്രണയവും ഒറ്റപ്പെട്ടതായി മാറും. 21 വര്‍ഷം വരെ റോം ഭരിച്ചിരുന്ന ഭരണാധികാരിയാണ് ഹേഡ്രിയന്‍. ചരിത്രമെടുത്തു നോക്കുമ്പോള്‍ റോമിലെ മികച്ച അഞ്ചു ചക്രവര്‍ത്തിമാരില്‍ ഒരാള്‍ ഇദ്ദേഹമാണ്. ഒരു യാത്രയിലാണ് അദ്ദേഹം പതിനാലുകാരനായ യവനസുന്ദരൻ ആന്റോണിയസിനെ കണ്ടുമുട്ടിയത്. പിന്നീട് അവര്‍ പിരിയാന്‍ പറ്റാത്ത തരത്തില്‍ പങ്കാളികളായി. കമിതാക്കളെ പോലെ ഇരുവരും സ്‌നേഹത്തോടെ ഒരുപാട് സ്ഥലങ്ങളില്‍ യാത്രയും ചെയ്തു. നൈല്‍ നദിയിലൂടെ ബോട്ടില്‍ യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ അന്റോണിയസ് വെള്ളത്തില്‍ വീണ് മരിച്ചു. ഇന്നും ആ മരണത്തില്‍ ദുരൂഹതകളുണ്ട്. ഹേഡ്രിയന്‍ ആ മരണത്തോടെ തകർന്നുപോയി. അന്റനോപുലസ് എന്നൊരു സിറ്റി പോലും അയാളുടെ ഓര്‍മയ്ക്കായി ഹേഡ്രിയസ് സ്ഥാപിച്ചു. കൂടാതെ അന്റോണിയസിനെ പ്രതിഷ്ഠിച്ച അമ്പലങ്ങള്‍ പണിയുകയും രണ്ടായിരത്തോളം ശിലകളും സ്ഥാപിച്ചു. എന്തിനേറെ, പിന്‍ഗാമിക്ക് പേരിട്ടത് അന്റോണിയസ് പയസെന്നാണ്. മനോഹരമായ പ്രണയമായിരുന്നു അത്. അവര്‍ തമ്മിലുണ്ടായിരുന്നത് രതിക്രീഡകള്‍ മാത്രമല്ലെന്ന് വ്യക്തം.

സ്വവർഗ ലൈംഗികത ഗ്രീസില്‍

അഞ്ച് തരത്തിലുള്ള ഒരേ ലിംഗബന്ധങ്ങള്‍ ഗ്രീസില്‍ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. പ്രായമുള്ള പുരുഷനും യുവാവും തമ്മിലും, ഒരേ പ്രായത്തിലുള്ള പുരുഷന്‍മാര്‍ തമ്മില്‍, രണ്ട് വലിയ പുരുഷന്‍മാര്‍ തമ്മില്‍, രണ്ട് വ്യത്യസ്ത പ്രായക്കാരായ യുവതികള്‍ തമ്മില്‍, പ്രായപൂര്‍ത്തിയാകുന്ന യുവതികള്‍ തമ്മില്‍ എന്നിങ്ങനെയായിരുന്നു ബന്ധങ്ങള്‍. ഇതില്‍ വലിയ പ്രാമുഖ്യം നേടിയിരുന്നത് ആദ്യത്തെ കാറ്റഗറിയില്‍ വരുന്ന പെഡറാസ്റ്റിക്കാണ്. ഇതില്‍ വളരെ പ്രായമുള്ള ഒരു പുരുഷനും പ്രായപൂര്‍ത്തിയാകാത്ത യുവാവും ബന്ധത്തിലാവുന്നതാണ്. അലക്‌സാണ്ടര്‍ ദി ഗ്രേറ്റിനും വളരെയധികം പുരുഷ കാമുകന്‍മാരുണ്ടായിട്ടുണ്ട്. ഹെട്രോ സെക്ഷ്വലായ ബന്ധങ്ങള്‍ കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള ഉപാധി മാത്രമായിരുന്നു.

ഇറോസ് ദേവനെയാണ് ഹോമോസെക്ഷ്വല്‍ പ്രണയത്തിന്റെ ദേവനായി കണക്കാക്കുന്നത്. പല സ്വവര്‍ഗാനുരാഗ കഥകളും ഗ്രീക്കില്‍ പറഞ്ഞുവരുന്നുണ്ട്. പ്ലൂട്ടാര്‍ച്ചിന്റെ എഴുത്തില്‍ നൂറ്റമ്പതോളം സ്വവര്‍ഗാനുരാഗികളുടെ ഒരു ഗ്രൂപ്പായ തീബ്‌സ് മിലിട്ടറി ബറ്റാലിയനായി തുടര്‍ന്നിരുന്നു. ജനറൽമാരായ എപ്പാമിനോണ്ടസ്, പീലോപിഡാസ് എന്നിവര്‍ ഈ ബറ്റാലിയനിലെ പ്രസിദ്ധരായ പോരാളികളാണ്. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ 600 ബി.സിയില്‍ ജീവിച്ചിരുന്ന സാഫോ അവരുടെ കൃതികളുടെ അടിസ്ഥാനത്തില്‍ ലെസ്ബിയനാണെന്ന് പറയപ്പെടുന്നുണ്ട്. അവരുടെ ഓരോ കവിതയിലും സ്ത്രീയോടുള്ള പ്രണയത്തെ സൂചിപ്പിച്ചിരുന്നു. ''മറ്റൊരു സമയത്ത് ആരെങ്കിലും നമ്മെ ഓര്‍മ്മിപ്പിക്കുമെന്ന് ഞാന്‍ പറയുന്നു...'' സാഫോയുടെ ഈ വാക്കുകള്‍ അര്‍ത്ഥവത്താക്കുന്ന തരത്തില്‍ പല പ്രണയത്തിന്റെ നൈര്‍മല്യത നിലനിര്‍ത്തുന്ന സ്വവര്‍ഗാനുരാഗികളെ നമുക്ക് ചുറ്റുമിന്ന് കാണാം.

സ്വവർഗ ലൈംഗികത ജപ്പാനില്‍

ജപ്പാനീസ് ഇംപീരിയലിസത്തിന്റെ ആദ്യകാലമായ മെയ്ജി യുഗത്തിനു മുമ്പ്‌ ഒരേ ലിംഗത്തില്‍ പെട്ടവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിലനിനിന്നിരുന്നു. ഇത് കൂടുതലായി പ്രോത്സാഹിപ്പിച്ചത് ബുദ്ധസന്യാസിയായ കുക്കായി ആണെന്ന് പറയപ്പെടുന്നു. ഇദ്ദേഹമാണ് ജപ്പാനില്‍ ഷിങ്കോണ്‍ ബുദ്ധിസത്തിന് തുടക്കമിട്ടത്. ജപ്പാന്‍കാര്‍ സ്വവര്‍ഗാനുരാഗത്തെ നാന്‍ഷോക്കു എന്നാണ് വിളിച്ചിരുന്നത്. ഇതിനര്‍ത്ഥം പുരുഷന്‍മാരുടെ പ്രണയം അല്ലെങ്കില്‍ പുരുഷവര്‍ണ്ണങ്ങള്‍ എന്നാണ്. ഇവ നിയമപരവും ഉന്നതകുലജാതരുടെ ഇടയിൽ വളരെ പ്രബലവുമായിരുന്നു. അവര്‍ വിശ്വസിച്ചിരുന്നത് പ്രണയവും ലൈംഗികതയും ജീവിതത്തില്‍ പ്രകൃതിയുടെ നിയമമനുസരിച്ച് നടക്കുന്നതാണ്, അതുകൊണ്ട് തന്നെ അതിന് ലിംഗഭേദമില്ലെന്നുമാണ്.

പ്രീ മോഡേണ്‍ ജപ്പാനില്‍ വളരെ വ്യാപകമായി അംഗീകരിക്കപ്പെട്ടതാണ് സ്വവര്‍ഗാനുരാഗം. പ്രത്യേകിച്ച് സാമുറായ് ക്ലാസ്സില്‍ പുരുഷന്‍മാര്‍ തമ്മിലുള്ള സ്‌നേഹത്തെയും വിശ്വാസത്തെയും സൂചിപ്പിച്ചിരുന്നു. ഹെട്രോസെക്ഷ്വല്‍ ബന്ധങ്ങളെ യാതൊരു വിധത്തിലും ബാധിക്കാതെയാണ് ഹോമോസെക്ഷ്വല്‍ ബന്ധങ്ങള്‍ അക്കാലത്ത് നിലനിന്നത്. കലകളിലും എഴുത്തുകളിലും ഇത്തരം ബന്ധങ്ങളെ പാടിപ്പുകഴ്ത്തിയിട്ടുമുണ്ട്. പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മെയ്ജി റെസ്റ്റൊറേഷൻ കാലം മുതല്‍ ജപ്പാനിലും ഇത്തരം ബന്ധങ്ങളെ തെറ്റായി വിലയിരുത്തി തുടങ്ങി. അങ്ങനെ അവിടെയും ഒരേ ലിംഗക്കാര്‍ തമ്മിലുള്ള ബന്ധം കുറ്റകൃത്യമാക്കപ്പെട്ടു.

സ്വവർഗ ലൈംഗികത ഇന്ത്യയില്‍

കാമസൂത്രയിലെ ''പുരുഷയിത'' എന്ന അധ്യായം സ്വവര്‍ഗരതിക്കാരെയും മൂന്നാം ലിംഗക്കാരെയും പറ്റി പറയുന്നുണ്ട്. ലെസ്ബിയനുകളെ സ്വരിണി എന്നാണ് വിളിക്കാറുള്ളത്. ഇത്തരം സ്ത്രീകള്‍ വിവാഹം കഴിക്കുകയും കുട്ടികളെ വളര്‍ത്തുകയും ചെയ്തിരുന്നു. പുരുഷന്മാരെ ഖിലിബാസെന്നും അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെ സ്വവര്‍ഗാനുരാഗരീതികള്‍ നിലനില്‍ക്കുന്നത് കൊണ്ട് തന്നെ സ്ത്രീകളെ ആനന്ദിക്കാന്‍ സാധിക്കില്ല. എഴുത്തുകളെ നിരാകരിക്കുന്നവര്‍ക്ക് പണ്ടും ഇവിടെ ഹോമോസെക്ഷ്വാലിറ്റി നിലനിന്നിരുന്നവെന്ന് കാഴ്ചയില്‍ തെളിവെന്നോണം ഖജുരാഹോയിലെ കൊത്തുശിലകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ''കൃതി വാസി രാമായണ''ത്തില്‍ ഭഗീരഥി എന്ന രാജാവ് രണ്ട് സ്ത്രീകളുടെ സംഗമത്തില്‍നിന്നു ജനിച്ചതായാണ് പറയപ്പെടുന്നത്. കൂടാതെ ഋഗ്വേദത്തില്‍ വരുണനെയും മിത്രനെയും ഒരേ ലിംഗത്തില്‍ പെട്ട പങ്കാളികളായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഭാഗവതപുരാണത്തിലാകട്ടെ അവര്‍ക്ക് കുട്ടികളുമുണ്ടായിരുന്നു. ഇതൊക്കെ ശാസ്ത്രത്തിന് എതിരാണ് പക്ഷേ, പ്രണയത്തെ ശാസ്ത്രത്തിന് തള്ളിക്കളയാനാകില്ല. വിശുദ്ധഗ്രന്ഥമായി സൂക്ഷിക്കുന്ന വാത്മീകി രാമായണത്തില്‍ പോലും രണ്ട് രാക്ഷസ സ്ത്രീകള്‍ ചുംബിക്കുന്നത് ഹനുമാന്‍ കാണുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

''ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തോടെയാണ് വിക്ടോറിയന്‍ സദാചാരം ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. വിക്ടോറിയന്‍ സദാചാരത്തിന്റെ ആകെത്തുക വളരെയധികം നിയമങ്ങള്‍ ആയിരുന്നു. ഇത് നിഷിദ്ധമാണ്, ടാബൂ ആണെന്ന് അവര്‍ നിയമങ്ങള്‍ വെച്ചിരുന്നു. അതിലേറ്റവും വലിയ ഉദാഹരണം സ്വയംഭോഗത്തിനെതിരെയുള്ള അവരുടെ നിലപാടുകളാണ്. ലൈംഗികതയെന്നതും റൊമാന്‍സ് എന്നതും ശയനമുറിയില്‍ മാത്രം ഒതുങ്ങേണ്ട ഒന്നാണെന്ന്‌ അവര്‍ പറഞ്ഞിരുന്നു. സ്ത്രീയും പുരുഷനും കിടപ്പുമുറിക്ക് പുറത്ത് പരസ്യമായി ഇന്റിമേറ്റ് ആകാന്‍ പാടില്ലായിരുന്നു. എന്തിനേറെ, പിയാനോയുടെ കാലുകള്‍ പോലും തുണിവച്ച് മറച്ചിരുന്ന ഒരു കാലം നിലനിന്നിരുന്നു.

മിഷേല്‍ ഫുക്കോ എന്ന ഫ്രഞ്ച് തത്വചിന്തകന്റെ 'ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി' ഒന്നാമത്തെ വാള്യത്തിന്റെ രണ്ടാം ഭാഗത്തിൽ ചര്‍ച്ച ചെയ്യുന്നത് റിപ്രസ്സീവ് ഹൈപ്പോതീസീസിനെ കുറിച്ചാണ്. ബ്രിട്ടനില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ വിക്ടോറിയന്‍ മൊറാലിറ്റി അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരുന്ന കാലത്ത് സദാചാര നിയമങ്ങള്‍ ലഘുലേഖകളിലൂടെയും കുറിപ്പുകളിലൂടെയും പ്രബോധന പ്രസംഗങ്ങളിലൂടെയും നിരന്തരം പ്രചരരിപ്പിക്കപ്പെട്ടു കൊണ്ടിരുന്നു. അങ്ങനെയാണ് സെക്ഷ്വാലിറ്റിയെ കുറിച്ചുള്ള സംസാരങ്ങള്‍ പോലും ബെഡ്‌റൂമില്‍ മാത്രം ഒതുങ്ങേണ്ടതാണെന്നുള്ള ബോധം ഊട്ടിയുറപ്പികപ്പെട്ടത്. ഇന്റിമസി കാണിക്കുന്ന തരത്തില്‍ കൈ കോർത്തു നടക്കുക, പരസ്യമായി ചുംബിക്കുക ഇതൊക്കെ വലിയ പാതകങ്ങളായി കരുതപ്പെട്ടിരുന്നു. അതുപോലെ തന്നെ സ്വയംഭോഗവും ഒരേ ലിംഗക്കാര്‍ തമ്മിലുള്ള ബന്ധവുമെല്ലാം പാതകങ്ങളിലുള്‍പ്പെട്ടിരുന്നു. ഇതൊന്നും പാടില്ല പാടില്ല പാടില്ല എന്ന് നിരന്തരം പ്രചരിപ്പിച്ചപ്പോള്‍, വാസ്തവത്തില്‍ സെക്ഷ്യാലിറ്റിയെ പറ്റിയുള്ള വ്യവഹാരം സെക്ഷ്വാലിറ്റിയെ അടിച്ചമര്‍ത്താന്‍ വേണ്ടി നിഷിദ്ധം എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത്‌ സെക്ഷ്വാലിറ്റിയുടെ വ്യാപനമാണ് ഉണ്ടാക്കിയതെന്നാണ് ഫുക്കോ വാദിക്കുന്നത്.

ഹോമോഫോബിക്ക്, ട്രാന്‍സ്ഫോബിക്ക് തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവന്നതും ബ്രിട്ടീഷുകാർ തന്നെയാണ്. ആ ബ്രിട്ടീഷ് നിയമത്തെയാണ് ഇന്ത്യക്കാര്‍ മുറുകെപ്പിടിക്കുന്നത്. ഇന്ന് ലോകത്തെ മികച്ച ജനാധിപത്യ രാജ്യങ്ങളെല്ലാം അതിനെ ഡിക്രിമിനലൈസ് ചെയ്തു കൊണ്ടിരിക്കുകയാണ്. സെയിം സെക്‌സ് മാരേജ് പലയിടത്തും അനുവദനീയമാണ്. ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് സെയിം സെക്‌സ് യൂണിയന്‍, സെയിം സെക്‌സ് മ്യാരേജ്, ലിവിംഗ് റിലേഷന്‍സ് എന്നിവ നിയമവിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം LGBTQA+ കമ്യൂണിറ്റി ഒരിക്കലും പ്രകൃതിവിരുദ്ധമല്ല, മറിച്ച് ചില മനുഷ്യരില്‍ സ്വാഭാവികമായി ഉണ്ടാവുന്ന ഒരു സെക്ഷ്വല്‍ ബീമിംഗ് ആണത്. അത് പ്രകൃതിവിരുദ്ധമോ ശാസ്ത്രവിരുദ്ധമോ അല്ലന്ന് തെളിയിക്കപെട്ടിട്ട് വളരെ കാലമായി. പല പാശ്ചാത്യരാജ്യങ്ങളും മത സംഘടനകളുടേയും കാലഹരണപ്പെട്ട സദാചാരനിഷ്ഠ മുറുകെപ്പിടിക്കുന്നവരെയും പേടിച്ചിട്ടാണ് ഇത് നടപ്പാക്കാത്തത്.

"പ്രാചീന ഇന്ത്യയില്‍ ഇതിന് കാര്യമായ വിലക്കുണ്ടായിരുന്നില്ല. ഖജുരാഹോയിലെ കൊത്തുശിലകളില്‍ വളരെ വ്യക്തമായി തന്നെ ഹോമോസെക്ഷ്വല്‍ ആക്ട്‌സിനെ വരച്ചു കാട്ടുന്നുണ്ട്. മഹാഭാരതത്തിലും രാമായണത്തിലുമെല്ലാം ഇതിനെയൊക്കെ കുറിച്ച് പ്രതിപാദിക്കുന്നുമുണ്ട്. കാമസൂത്രയിലെ ഒരദ്ധ്യായം മുഴുവനും ഹോമോസെക്ഷ്വാലിറ്റിയെ കുറിച്ചാണ് പറയുന്നത്.''

എ എം ഷിനാസ്
(അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് ഹിസ്റ്ററി, മാഹാരാജാസ് കോളേജ്, എറണാകുളം)

മെസോപ്പൊട്ടോമിയ, ഈജിപ്ത്‌, ചൈന സംസ്‌കാരങ്ങളിലും സ്വവര്‍ഗാനുരാഗം വളരെ സ്വാഭാവികമായിരുന്നു. നിലനിന്നിരുന്ന ഹെട്രോസെക്ഷ്വല്‍ ബന്ധങ്ങളോടൊപ്പം തന്നെ ഇവയും തുടര്‍ന്നു പോയിരുന്നു. പക്ഷേ, ഈ നിലകളില്‍ പെട്ടെന്നൊരു മാറ്റമുണ്ടായതാണ് ഇവ സമൂഹത്തില്‍ അബ്‌നോര്‍മ്മലാവാനുള്ള കാരണം. ഹോമോസെക്ഷ്വാലിറ്റി ക്രിസ്ത്യന്‍ മതത്തിന്റെ പ്രചാരത്തോടെ വിലക്കപ്പെട്ടതായി മാറുകയായിരുന്നു. പ്രണയവും ലൈംഗികതയും സുഖത്തിന് വേണ്ടിയല്ല, മറിച്ച് അന്യോന്യം മരിക്കുന്നതുവരെ നിലനില്‍ക്കുന്നതിനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനുമാണെന്ന് വിശ്വസിച്ചിരുന്ന ആശയങ്ങള്‍ ആളുകളിലേക്ക് ആ സമയങ്ങളില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. നവോത്ഥാന കാലഘട്ടില്‍ ഈ വിലക്ക് കൂടുതല്‍ മൂർച്ചയുള്ളതായി മാറി.

പല തരത്തിലുള്ള അടിച്ചമര്‍ത്തലുകളും ഈ വിഭാഗങ്ങള്‍ക്ക് നേരിടേണ്ടി വന്നു. ഹോമോ ഫോബിയ എന്ന ആശയം കൂടുതല്‍ സമൂഹത്തെ പിടിമുറുക്കി. കൊളോണിയല്‍ അമേരിക്കയില്‍ 1776-ല്‍ പ്യൂരിട്ടന്‍ കോളനികളില്‍ ഗേ ആളുകള്‍ക്ക് പ്രവേശനമില്ലായിരുന്നു. ഈ ദുരവസ്ഥയ്ക്ക് ഇരുപതാം നൂറ്റാണ്ടോടെയാണ് കുറച്ചെങ്കിലും മാറ്റം വന്നുതുടങ്ങിയത്. പല നാടുകളിലും ഗേ ബാറുകള്‍ സജീവമായെങ്കിലും ഗേ ആകുന്നത് ലീഗല്‍ അല്ലാത്തതു കൊണ്ട് തന്നെ അവിടെയൊക്കെ പോലീസ് റെയിഡ് നടക്കാറുണ്ടായിരുന്നു. ഇത്തരത്തിലെ ഒരു ബാര്‍ ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ സ്റ്റോണ്‍വോളാണ്. 1969 ജൂണ്‍ 28-ന്‌ ആ കാലഘട്ടത്തിലെ ഗേ ഐക്കണ്‍ എന്നറിയപ്പെട്ടിരുന്ന ജൂഡി ഗാര്‍ലന്‍ മരിക്കുന്ന സമയത്ത് സ്റ്റോണ്‍വോളിലെ ആളുകള്‍ ഒരു പുതിയ ഗേ ലിബറേഷന്‍ മൂവ്‌മെന്റിന് തുടക്കം കുറിച്ചു. ഹോമോഫോബിയ വ്യാപകമായിരുന്ന സമയത്തുപോലും അവയെ കുറിച്ച് തുറന്ന് സംസാരിക്കുന്ന ജൂഡി ഗാര്‍ലന്‍ഡിനോടുള്ള ആദരവാണ് ആ പ്രസ്ഥാനമെന്ന്‌ പലരും അഭിപ്രായപ്പെടുന്നു. ഈ ഒരു പോരാട്ടമായിരുന്നു അവകാശങ്ങള്‍ക്കായുള്ള ഒരു സമൂഹത്തിന്റെ മുറവിളികളുടെ തുടക്കമായി തീര്‍ന്നത്.........

(തുടരും.....)

Content Highlights: same sex marriage in india

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented