പ്രതീകാത്മക ചിത്രം
'മജാ മാ' എന്നൊരു ഹിന്ദി ചിത്രമുണ്ട്. ചിത്രത്തിൽ സ്വവർഗാനുരാഗിയായ അമ്മയെ മകൻ മന്ത്രവാദിയുടെ അടുത്ത് ചികിത്സയ്ക്ക് കൊണ്ടുപോകുന്ന ഒരു രംഗമുണ്ട്. മകൻ തേജസ് പട്ടേലിനെ സംബന്ധിച്ചിടത്തോളം അമ്മ പല്ലവിയുടെ സ്വവർഗാനുരാഗം ഒരു രോഗമാണ്. അത് മരുന്നു കൊണ്ടോ മന്ത്രം കൊണ്ടോ മാറ്റാമെന്നാണ് അവന്റെ ധാരണ.
തേജസ് പട്ടേൽ ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധിയാണ്. പുതിയ കാലത്തും മതവും സംസ്കാരവും വിശ്വാസപ്രമാണങ്ങളും തീർത്ത ധാരണകളുടെയും ധാരണപ്പിശകുകളുടെയും കെട്ടുപാടുകളിൽ പെട്ടുഴലുന്ന ഒരു വിഭാഗം. ഈ വിഭാഗത്തിന്റെ ശബ്ദമാണ്, കഴിഞ്ഞ കുറേ ദിവസങ്ങളായി, ഒരേ ലിംഗത്തിൽപ്പെട്ടവരുടെ വിവാഹം സംബന്ധിച്ച ഹരജി പരിഗണിക്കവേ, സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്റെ വാദങ്ങളിൽ മുഴങ്ങിക്കേട്ടത്.
ഇന്ത്യൻ സംസ്‌കാരത്തിന് നിരക്കാത്തതാണ് ഹോമോ സെക്ഷ്വല്‍ വിവാഹങ്ങള്‍ എന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ നിലപാട് വെളിപ്പെടുത്തിയത്. പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും എഴുതപ്പെട്ട രേഖയായ വിവാഹത്തില്‍ എതിര്‍ലിംഗക്കാര്‍ തന്നെ ഒന്നിക്കണമെന്നാണ് ഇന്ത്യന്‍ സംസ്‌കാരം പറയുന്നതെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചു. ഇക്കാര്യത്തിൽ ഭേദമില്ലാതെ മതനേതൃത്വങ്ങൾക്കും ഏതാണ്ട് ഒരേ സ്വരമാണ് എന്നത് പരസ്യമായ രഹസ്യമാണ്. കേന്ദ്ര സർക്കാരിന് മാത്രമല്ല, സമൂഹത്തിൽ വലിയൊരു വിഭാഗത്തെ സംബന്ധിച്ചും ഹോമോസെക്ഷ്വാലിറ്റി ഇന്നും പാപമാണ്. പ്രകൃതിവിരുദ്ധമാണ്. അരുതാത്തതാണ്. പക്ഷേ, അത്ര വലിയ തെറ്റാണോ ഗേ, ലെസ്ബിയൻ ബന്ധങ്ങൾ? അന്വേഷണത്തിന് അവസാനമുണ്ടാവില്ല, അത്ര സങ്കീർണമാണ് അതിന്റെ ഉൾപ്പിരിവുകൾ.
എന്താണ് ഹോമോസെക്ഷ്വാലിറ്റി?
തുല്യം എന്ന് അര്‍ത്ഥമുള്ള ''ഹോമോസ്'' എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഹോമോസെക്ഷ്വല്‍സെന്ന് വാക്കുണ്ടായത്. സമാനലിംഗത്തിലുള്ളവരോട് തോന്നുന്ന ലൈംഗികാഭിവാഞ്ഛയെ ഹോമോ സെക്ഷ്വാലിറ്റിയെന്ന് വിളിക്കാം. ആണ്‍-പെണ്‍-നോണ്‍ബൈനറിയെന്ന് പറയുന്നത് പോലെ ഹോമോസെക്ഷ്വാലിറ്റി ജെന്‍ഡര്‍ ഐഡന്റിറ്റിയല്ല മറിച്ച് ഒരു സെക്ഷ്വല്‍ ഓറിയന്റേഷനാണ്.
ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ അങ്ങനെ ഒറിയന്റേഷന്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നു.
ഗേ-പുരുഷന്‍മാര്‍ തമ്മിലുള്ള റൊമാന്റിക്ക് സെക്ഷ്വല്‍ അട്രാക്ഷനാണ് ഈ ഓറിയന്റേഷന്‍. ജീവിതത്തില്‍ അവര്‍ സ്‌നേഹിക്കുന്ന പുരുഷനെ മാത്രമേ ജീവിത പങ്കാളിയാക്കാന്‍ സാധിക്കുകയുള്ളൂ. നിര്‍ബന്ധിച്ച് ഒരു സ്ത്രീയെ കൊണ്ട് വിവാഹം ചെയ്പിച്ചാല്‍ അക്‌സെപ്ട് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാകും. അവരുടെ ഓറിയന്റേഷന്‍ പുരുഷന്‍മാര്‍ മാത്രമായിരിക്കും.
ലെസ്ബിയന്‍- ഗേ എന്നതിന്റെ നേര്‍വിപരീതമാണ് ഇത്. ഇവിടെ ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് മാത്രമേ റൊമാന്റിക്ക് സെക്ഷ്വല്‍ വികാരങ്ങള്‍ തോന്നുകയുള്ളൂ.
ബൈസെക്ഷ്വല്‍- സ്ത്രീകളോടും പുരുഷന്‍മാരോടും ഒരുപോലെ പ്രണയവും ലൈംഗിക താത്പര്യങ്ങളും തോന്നുന്നവരാണ് ബൈസെക്ഷ്വല്‍സ്.
ട്രാന്‍സ് ജെന്‍ഡര്‍- ജനിച്ചു വീണ ലിംഗത്തില്‍ സ്വത്വത്തെ നിര്‍വചിക്കാത്ത ജെന്‍ഡര്‍ വേറെയായി നിലനില്‍ക്കുന്നവരാണിവര്‍.
ക്വീര്‍- LGBTQIA+ കമ്മ്യൂണിറ്റിയെ മൊത്തത്തില്‍ ക്വീര്‍ എന്ന ഈ കുടക്കീഴില്‍ കൊണ്ടുവരാറുണ്ട്. നോര്‍മ്മല്‍ എന്ന് അവകാശപ്പെടുന്ന ഹെട്രോ സെക്ഷ്വാലിറ്റിയില്‍ നിന്നും മാറി നില്‍ക്കുന്നവരെ ഇതില്‍ പെടുത്താം.
ഇന്റര്‍സെക്‌സ്- ക്രോമോസോം, ഗോനാഡ്, ലൈംഗിക ഹോര്‍മോണുകള്‍, ജനനേന്ദ്രിയങ്ങള്‍ തുടങ്ങിയവയില്‍ സവിശേഷ പ്രത്യേകതകളോടെയുള്ളവരാണിവര്‍. സ്ത്രീ പുരുഷന്‍ എന്നത്‌പോലെ തന്നെ മിശ്രലിംഗക്കാരും ലിംഗഭേദമുള്ളവരാണ്.
എസെക്ഷ്വല്‍- ഒരു തരത്തിലുള്ള ലൈംഗിക ചായ്‌വുകളുമില്ലാത്ത ഗ്രൂപ്പിനെയാണ് ഈ കമ്മ്യൂണിറ്റിയില്‍ പെടുത്തുന്നത്.
ഇത് മാത്രമല്ല ഈ ഓറിയന്റേഷനുകളുടെ സബ് ഓറിയന്റേഷനുകളുമുണ്ട്.
'ഒരേ ലിംഗക്കാര്‍ തമ്മിലുള്ള പ്രണയം സമൂഹത്തിലും കുടുംബത്തിലും അംഗീകരിക്കപ്പെടാത്ത ഒന്നാണ്. ഹോമൊസെക്ഷ്വാലിറ്റിയെന്ന ആശയത്തിനോട് സഹിഷ്ണുത പുലര്‍ത്തുന്ന വീടുകളുണ്ടെങ്കില്‍ അവകാശങ്ങളിലേക്കുള്ള ഇവരുടെ യാത്ര കുറച്ചധികം സുഗമമാകും. സാംസ്‌കാരിക പരിപ്രേക്ഷത്തിൽ സമൂഹം തന്നെ മെനെഞ്ഞെടുത്ത ഒരു ആശയമുണ്ട്. ഹെട്രോസെക്ഷ്വാലിറ്റി വളരെ നേര്‍മലാണെന്നും ഹോമോസെക്ഷ്വാലിറ്റി പാപമാണെന്നും പ്രകൃതിനിയമങ്ങള്‍ക്ക് എതിരാണെന്നും ഇവ പിന്തുരുന്നവര്‍ സ്വഭാവ ശുദ്ധിയില്ലാത്തവരാണെന്നും പറയുന്നു. ഇത് അവര്‍ അവരെ തന്നെ നാണക്കേടോടെ ഒന്നിനും കൊള്ളാത്തവര്‍ എന്ന അപകര്‍ഷതാബോധത്തോടെ നോക്കിക്കാണാന്‍ തള്ളിവിടുന്നു. ഇത്തരത്തില്‍ വൈകാരികമായി ബാധിക്കുന്ന പ്രതികരണങ്ങള്‍ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ഉയര്‍ന്നുവരുന്നതിനാല്‍ ഇത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അവരുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ പലപ്പോഴും ആശയക്കുഴപ്പത്തോടെ മനസ്സിലാക്കുന്നതിലൂടെ ''സെല്‍ഫ്'' എന്നൊരു ചിന്ത അവര്‍ക്ക് ഇത്തരം ട്രോമകളുണ്ടാക്കി കൊടുക്കും. കൂടാതെ അവരെ മനസ്സിലാക്കാത്ത മറ്റുള്ളവര്‍ക്കായി താങ്ങളുടെ സെക്ഷ്വല്‍ ഓറിയന്റേഷനെ പറ്റി വിശദീകരിക്കേണ്ട അവസ്ഥയും വരുന്നു. ഹോമോസെക്ഷ്വലായി ഇരിക്കുന്ന ഓരാളെ മറ്റുള്ളവരെ പോലെ ഹെട്രോസെക്ഷ്വലായി മാറാന്‍ കുടുംബവും സുഹൃത്തുക്കളുമെല്ലാം നിര്‍ബന്ധിക്കുന്നത് പോലും യുക്തിയില്ലാത്ത വിഷയമാണ്. പുരുഷ ലിംഗത്തോടെ ജനിച്ച സ്ത്രീ സ്വഭാവക്കാരെയും സ്ത്രീ ലിംഗത്തോടെ ജനിച്ച പുരുഷ സ്വഭാവക്കാരെയും സമൂഹം ജനിച്ച ലിംഗത്തിന്റെ സ്വഭാവഗുണങ്ങള്‍ കാണിക്കാന്‍ വേണ്ടി അവരെ സമ്മര്‍ദ്ദപ്പെടുത്തുന്നു. പലപ്പോഴും തൊഴിലിടങ്ങളില്‍ പോലും അവരുടെ അവകാശങ്ങള്‍ അത്തരത്തില്‍ ലംഘിക്കപ്പെടുന്നുണ്ട്.''
ഡോ.അനീറ്റ
(റെഗോ ഫൗണ്ടര്‍ ഡയറക്ടര്‍ ഓഫ് പേള്‍സ് 4 ഡെവലപ്പ്‌മെന്റ് എ കണ്‍സള്‍ട്ടിങ്ങ് കമ്പനി ആന്റ് എഎംഐറ്റിഎ മെന്റല്‍ ഹെല്‍ത്ത് വെല്ലിങ്ങ്, കൗണ്‍ലിങ്ങ് ആന്റ് ഫിസിയോതെറാപ്പി ഇന്‍ഷ്യേറ്റീവ്)
മിത്തുകളും തെറ്റിദ്ധാരണകളും
* സ്വവര്‍ഗ്ഗരതി പകര്‍ച്ച വ്യാധിയാണ്..
ഒരു വ്യക്തിയുടെ സെക്ഷ്വല്‍ ഓറിയന്റേഷനെന്നത് ജനിതകമാണ്. അത് ഒരിക്കലും അവരായി തിരഞ്ഞെടുക്കുന്നതല്ല. ഒരു സെക്ഷ്വല്‍ ഓറിയന്റേഷനില്‍ ഉള്ള വ്യക്തി മറ്റൊരു സെക്ഷ്വല്‍ ഓറിയന്റേഷനിലുള്ള വ്യക്തിയെ സ്വാധീനിക്കാന്‍ ഒരിക്കലും സാധിക്കില്ല. തീര്‍ത്തും യുക്തിരഹിതമായ ഉദാഹരണമാണിത്.
* ഹോമോസെക്ഷ്വലായ വ്യക്തികളില്‍ ട്രെയിറ്റുകളില്‍ മാറ്റം വരുന്നു.
ഗേ ആയ വ്യക്തികള്‍ക്ക് ഫെമിനൈന്‍ ട്രെയിറ്റും ലെസ്ബിയനായ ഒരു സ്ത്രീക്ക് മാസ്‌ക്കുലിന്‍ ആയിട്ടുള്ള ട്രെയിറ്റും കാണുമെന്ന് ചിന്തിക്കുന്നത് തെറ്റാണ്. അവന്‍ ആണാണെങ്കിലും പെണ്ണിനെപോലെയാണ് പെരുമാറുന്നത്, ആ പെണ്ണ് ആണായിട്ട് ജനിക്കാനുള്ളതായിരുന്നുവെന്നൊക്കെ സ്ഥിരം പറച്ചിലുകള്‍ നമുക്ക് ചുറ്റും കേള്‍ക്കാറുണ്ട്. പക്ഷേ ഇത്തരത്തില്‍ കാറ്റഗറൈസ് ചെയ്യുന്നവരൊക്കെ ഗേയോ ലെസ്ബിയനോ അല്ല. ആളുകളെ കുറ്റം പറയാനാകില്ല. ഗേ-ലെസബിയന്‍ പ്രണയത്തെ ആസ്പദമാക്കി ഇറങ്ങുന്ന മിക്ക സിനിമകളില്‍ പോലും അവരെ അത്തരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
* അവര്‍ക്ക് പെണ്ണ് വേണോ ആണ് വേണോ എന്ന് അവര്‍ തിരഞ്ഞെടുക്കുന്നതാണ്
ഒരാള്‍ക്ക് ഗേ ആകണോ ലെസ്ബിയന്‍ ആകണോയെന്ന് അയാള്‍ തീരുമാനിക്കുന്നതല്ലേ അവര്‍ മനസ്സ് വെച്ചാല്‍ ബാക്കിയുള്ളവരെ പോലെ '' നോര്‍മല്‍'' ആയി ജീവിക്കാവുന്നതല്ലേ ഉള്ളൂ? ഈ ചോദ്യം ഹോമോസെക്ഷ്വലായ ആളുകള്‍ ജീവിതത്തില്‍ കേള്‍ക്കേണ്ടി വരുന്ന കുറ്റപ്പെടുത്തല്‍ ചോദ്യങ്ങളിലൊന്നാണ്. മനസ്സിലാക്കേണ്ടതെന്തെന്നാല്‍ ഒരു സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഒരിക്കലും തിരഞ്ഞെടുക്കാന്‍ സാധിക്കുന്നല്ല. വസ്ത്രങ്ങളും ഉത്പന്നങ്ങളും പോലെ ആവശ്യപ്രകാരം തിരഞ്ഞെടുക്കുന്ന ഒന്നല്ല സെക്ഷ്വല്‍ ഓറിയന്റേഷന്‍. ഹെട്രോ സെക്ഷ്വലായ ഒരാള്‍ക്ക് ഹോമോ സെക്ഷ്വലായി ചിന്തിക്കാന്‍ പറ്റില്ല അതുപോലെ തന്നെയാണ് അവര്‍ക്കും. അവര്‍ അങ്ങനെ തന്നെയാണ് ജനിച്ചത് എന്ന് മനസ്സിലാക്കണം.
* എതിര്‍ ലിംഗക്കാര്‍ നല്‍കിയ ട്രോമയാണ് ഹോമോ സെക്ഷ്വാലിറ്റിക്ക് കാരണം
ചെറിയ പ്രായത്തിലുണ്ടാകുന്ന സെക്ഷ്വല്‍ അബ്യൂസ് കാരണം മാനസ്സികമായി ബാധിക്കപ്പെട്ടുണ്ടാകുന്ന സൈക്കോളജിക്കല്‍ ട്രോമയാണ് ഹോമോസെക്ഷ്വാലിറ്റിയെന്ന അസുഖത്തിന് കാരണം ചികിത്സിച്ച് ശരിയാക്കാമെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അതും ശരിയല്ല.
ഇങ്ങനെ പറഞ്ഞും പറയാതെയും പാടിനടക്കുന്ന ഒരുപാട് തെറ്റിദ്ധാരണകള്‍ ഹോമോസെക്ഷ്വല്‍ കമ്മ്യൂണിറ്റിയെ പറ്റി ഇന്ത്യയില്‍ നിലവനില്‍ക്കുന്നു. ആര്‍ക്കും ഒരു ശല്യമില്ലാതെ ജീവിച്ചിട്ടും LGBTQIA+ സമൂഹത്തെ ഇപ്പോഴും ചാപ്പ കുത്തുന്നതും അകറ്റിനിർത്തുന്നത് പതിവാണ്.
(തുടരും...)
Content Highlights: same sex marriage in india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..