ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ജപ്പാന്‍. രാജ്യത്തെ നയിക്കാന്‍ ഇതാദ്യമായി ഒരു വനിത പ്രധാനമന്ത്രിയാകുകയാണ്. ഭരണകക്ഷിയായ ലിബറല്‍ ഡെമക്രാറ്റിക് പാര്‍ട്ടിയുടെ (എല്‍ഡിപി) നേതാവായി മുന്‍ സാമ്പത്തികസുരക്ഷാ മന്ത്രി സനേ തകായിച്ചിയെ (64) തിരഞ്ഞെടുത്തത് ശനിയാഴ്ച നടന്ന ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പിലാണ്.
നിലവിലെ കൃഷിമന്ത്രിയും മുന്‍ പ്രധാനമന്ത്രി ഷിന്‍ജിരോ കൊയ്സുമിയുടെ മകനുമായ ഷിന്‍ജിരോ കൊയ്സുമിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് സനേ തകായിച്ചി പാര്‍ട്ടിയുടെ തലപ്പത്തെത്തിയത്. ജപ്പാനില്‍ ഭരണകക്ഷി നേതാവാണ് പ്രധാനമന്ത്രിയാവുക. ഔദ്യോഗിക തിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 15-ന് തകായിച്ചി സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞമാസമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുതോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷിഗരു ഇഷിബ രാജിവെച്ചത്. പാര്‍ട്ടിനേതൃസ്ഥാനത്ത് 2027 സെപ്റ്റബര്‍വരെ ഇരിക്കാമെന്നിരിക്കേയായിരുന്നു രാജി. ഇഷിബയുടെ രാജി ആവശ്യപ്പെട്ട എല്‍ഡിപിയിലെ വലതുപക്ഷക്കാരില്‍ മുന്‍നിരയിലുണ്ടായിരുന്നു തകായിച്ചി.
ആരാണ് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി സനേ തകായിച്ചി?
അതിയാഥാസ്ഥിതികവും തീവ്രദേശീയവുമായ നിലപാടിലൂടെ രാഷ്ട്രീയരംഗത്ത് ശ്രദ്ധനേടിയിട്ടുള്ള വ്യക്തിയാണ് അന്തരിച്ച മുന്‍നേതാവ് ഷിന്‍സോ ആബെയുടെ ശിഷ്യകൂടിയായ സനേ തകായിച്ചി. ടിവി അവതാരകയും മോട്ടോര്‍സൈക്കിള്‍ പ്രേമിയുമായ അവര്‍ ഒരുകാലത്ത് ഹെവി-മെറ്റല്‍ ബാന്‍ഡിലെ ഡ്രമ്മര്‍കൂടിയായിരുന്നു. യൗവനകാലത്ത് നല്ലൊരു മോട്ടോര്‍സൈക്കിള്‍ റൈഡര്‍ കൂടിയായിരുന്നു അവര്‍.
സ്ത്രീവിരുദ്ധനിലപാടുകളിലൂടെ കുപ്രസിദ്ധയായ തകായിച്ചി സ്വവര്‍ഗവിവാഹങ്ങള്‍ക്കും എതിരായിരുന്നു. വിവാഹശേഷം സ്ത്രീകള്‍ക്ക് കുടുംബപ്പേരുകള്‍ നിലനിര്‍ത്താന്‍ അനുവദിക്കുന്ന നിയമനിര്‍മാണത്തെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നുപറഞ്ഞാണ് തകായിച്ചി എതിര്‍ത്തത്. സ്ത്രീകള്‍ 'നല്ല അമ്മമാരും ഭാര്യമാരു'മാകണം എന്ന എല്‍ഡിപിയുടെ കാഴ്ചപ്പാടിനൊപ്പമാണ് സനേ തകായിച്ചി. സ്വവര്‍ഗവിവാഹത്തിനും എതിരായിരുന്നു അവര്‍.
അതേസമയം ആര്‍ത്തവവിരാമം കാരണം താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞും തകായിച്ചി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സ്ത്രീകളുടെ ആരോഗ്യ്രശ്‌നങ്ങളെ കുറിച്ച് സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലും പുരുഷന്മാരെ ബോധവത്കരിക്കണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തിയിരുന്നു.
യുദ്ധത്തില്‍ മരിച്ചവരെ ആദരിക്കുന്ന യാസുകുനി ദേവാലയത്തിലെ പതിവു സന്ദര്‍ശകയാണ്. ഷിന്‍സോ ആബെയുടെ സാമ്പത്തികപരിപാടിയായ അബെനോമിക്‌സിനെ പിന്തുണയ്ക്കുന്നതിലും പേരുകേട്ടതാണ്. സൈന്യത്തെ ശക്തിപ്പെടുത്തുക, ഊര്‍ജസുരക്ഷയ്ക്കായി ന്യൂക്ലിയര്‍ ഫ്യൂഷന്‍ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുക, സൈബര്‍ സുരക്ഷ ശക്തമാക്കുക, ജപ്പാനിലേക്കുള്ള കുടിയേറ്റത്തെ ശക്തമായി നിയന്ത്രിക്കുക തുടങ്ങിയവയാണ് തകായിച്ചി സ്വീകരിച്ച മറ്റ് പ്രധാന നിലപാടുകള്‍.
1993-ല്‍ സ്വന്തം നാടായ നാരയില്‍നിന്നാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജപ്പാന്റെ ഭരണഘടന പരിഷ്‌കരിക്കണമെന്നും തായ്വാനുമായുള്ള സുരക്ഷാബന്ധത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്നുമാണ് നിലപാട്.
Published: 05 Oct 2025, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented