
നാല് വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് സ്വവര്‍ഗപങ്കാളികളായ അഞ്ജു ശര്‍മയും കവിത താപ്പുവും അടുത്തിടെ വിവാഹിതരായത്. സാധാരണ വിവാഹത്തിലുണ്ടാകുന്ന എല്ലാവിധ ചടങ്ങുകളും നടത്തിയാണ് ഇരുവരും പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. ഫൈനലി എന്ന ക്യാപ്ഷനോടെ ഏപ്രില്‍ മാസത്തിലാണ് വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച് വിവാഹത്തെക്കുറിച്ച് ഇരുവരും അറിയിച്ചത്. ഗുരുഗ്രാമിലാണ് അഞ്ജുവും കവിതയും താമസിക്കുന്നത്.
വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം എ.എന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തേക്കുറിച്ച് മാത്രമല്ല ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനേക്കുറിച്ച് ആലോചിക്കുന്ന കാര്യവും ദമ്പതിമാര്‍ സംസാരിച്ചു.
"ഞങ്ങളുടെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുമെന്ന കാര്യം ഉറപ്പായിരുന്നു. പക്ഷേ എന്റെ കുടുംബത്തെ ആവശ്യമില്ലാതെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് മനഃപ്രയാസമുണ്ടാക്കുന്നുണ്ട്. എന്റെ പങ്കാളി നന്നായി കെയര്‍ ചെയ്യുന്ന ആളാണ്. ഞാനെടുത്ത തീരുമാനത്തെ കുറിച്ച് എനിക്ക് അഭിമാനമുണ്ട്, അവളോടൊപ്പം ഞാന്‍ ഏറെ സന്തുഷ്ടയാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസമായി. ഭാവിയില്‍ ആരോരുമില്ലാത്ത ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങളിരുവരുടേയും കുടുംബങ്ങള്‍ക്ക് ഞങ്ങളെ മനസിലാക്കാനായതാണ് ഏറ്റവും വലിയ ഭാഗ്യം", കവിത പറഞ്ഞു.
മേക്കപ്പ് ആര്‍ടിസ്റ്റായിരുന്ന കവിത ഇപ്പോള്‍ ജോലിയ്ക്ക് പോകുന്നില്ല. ടെലിവിഷന്‍ താരമായ അഞ്ജു കവിതയോട് താന്‍ തന്നെ സാമ്പത്തികകാര്യങ്ങള്‍ നോക്കിക്കോളാം എന്നു പറഞ്ഞതിനാലാണത്. ഒരിക്കല്‍ ഗുരുഗ്രാമില്‍ ഷൂട്ടിങ് നടക്കവേ കവിതയെ മേക്കപ്പിനായി അഞ്ജു വിളിച്ചുവരുത്തിയതോടെയാണ് പ്രണയത്തിന്റെ ആരംഭം. 22 ദിവസത്തോളം കവിത അഞ്ജുവിനൊപ്പം താമസിച്ചു. തന്റെ അമ്മയെപ്പോലെയാണ് കവിത തന്നെ ആ ദിവസങ്ങളില്‍ പരിപാലിച്ചതെന്ന് അഞ്ജു അഭിമുഖത്തില്‍ ഓര്‍മിച്ചു.
"നാല് കൊല്ലമായി ഞങ്ങള്‍ ഒരുമിച്ച് കഴിയുകയാണ്. എന്റെ ജീവിതത്തിലെ എല്ലാഘട്ടങ്ങളിലും അവള്‍ എനിക്കൊപ്പം നിന്നു. പക്ഷെ ഞങ്ങളുടെ വിവാഹത്തിന് നിയമസാധുതയില്ല. ഇന്ത്യയ്ക്ക് പുറത്ത് ഈ വിവാഹത്തിന് സ്വീകാര്യതയുണ്ട്, അവിടെ നിയമസാധുതയുമുണ്ട്. വിവാഹച്ചടങ്ങ് നടത്തുന്നതിന് മുമ്പ് അഭിഭാഷകരോട് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ തിരക്കിയിരുന്നു. അപ്പോഴാണ് സ്വവര്‍ഗവിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ലെന്ന് അവര്‍ പറയുന്നത്. ഞങ്ങള്‍ക്ക് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് മാത്രമേ ലഭിക്കൂ", അഞ്ജു പറഞ്ഞു. "പക്ഷേ ഞങ്ങളുടെ തീരുമാനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്", അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Same-sex couple Anju Sharma and Kavita Tappu
Published: 28 Jun 2024, 05:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented