നിർമാണപ്രവൃത്തി തുടങ്ങിയശേഷം നിർത്തിവെച്ചു
വാഴവറ്റ : തകർന്നുതരിപ്പണമായ വാഴവറ്റ-കാരാപ്പുഴ റോഡിൽ യാത്രാദുരിതം. പൊട്ടിപ്പൊളിഞ്ഞ റോഡിൽ നാട്ടുകാരും കാരാപ്പുഴ ഡാമിലേക്കെത്തുന്ന വിനോദസഞ്ചാരികളും യാത്രാക്ലേശത്തിൽ വലയുകയാണ്. റോഡിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോൾ കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെയാണ് യാത്ര. കാരാപ്പുഴ ഭാഗത്തുനിന്ന് വാഴവറ്റയിലേക്ക് നിർമാണപ്രവൃത്തി തുടങ്ങിയെങ്കിലും അകാരണമായി നിർത്തിവെച്ചെന്നാണ് നാട്ടുകാരുടെ പരാതി.
റോഡിന്റെ തകർച്ചകാരണമുള്ള പ്രയാസം കഴിഞ്ഞ സർക്കാരിന്റെ നവകേരളസദസ്സിൽ ഉൾപ്പെടെ പരാതിപ്പെട്ടതിനെ തുടർന്നാണ് നന്നാക്കാൻ നടപടിയായത്. ഏഴുകോടി രൂപയാണ് റോഡിനായി വകയിരുത്തിയത്. എന്നാൽ, കാരാപ്പുഴ ഭാഗത്തുനിന്ന് നിർമാണപ്രവൃത്തി തുടങ്ങാനിരിക്കെ ഉന്നതതലത്തിൽനിന്നുള്ള നിർദേശപ്രകാരം കാക്കവയൽ ഭാഗത്തുനിന്നു തുടങ്ങുന്നതിനായി നിർത്തിവെച്ചതായാണ് നാട്ടുകാരുടെ ആരോപണം. നിർമാണപ്രവൃത്തി തുടങ്ങുന്നതിനു മുന്നോടിയായി റോഡിന്റെ വശങ്ങളിലെ ഒാവുചാൽ മൂടുകയും ചെയ്തിരുന്നു. ഇതുകാരണം ഇരട്ടിദുരിതമായെന്നും നാട്ടുകാർ പറഞ്ഞു. ഇപ്പോൾ വലിയ മഴപെയ്താൽ റോഡ് വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയുമായി. ഈ സാഹചര്യത്തിൽ കാരാപ്പുഴ ഭാഗത്തുനിന്ന് റോഡു നിർമാണം എത്രയുംവേഗം തുടങ്ങണമെന്നാണ് ആവശ്യം.
ഉന്നതനിലവാരത്തിലാണ് കാരാപ്പുഴ-കാക്കവയൽ റോഡ് നിർമാണം വിഭാവനംചെയ്തിരിക്കുന്നത്. കാക്കവയൽ മുതൽ വാഴവറ്റവരെ റോഡിന്റെ നവീകരണം കഴിഞ്ഞവർഷം പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പദ്ധതിയിൽ
വീണ്ടും കാക്കവയൽ ഭാഗത്തുനിന്ന് നിർമാണപ്രവൃത്തി തുടങ്ങാനുള്ള നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. കഴിഞ്ഞവർഷം നവീകരണം പൂർത്തിയാക്കിയ കാക്കവയൽ-വാഴവറ്റ റോഡിന്റെ പലഭാഗങ്ങളും പൊളിഞ്ഞുതുടങ്ങിയിട്ടുമുണ്ട്.
Published: 11 Nov 2026, 04:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented