പാഡി ആർട്ടിലൂടെ 12-ാമത് ചിത്രവുമായി പ്രസീദ്

To advertise here,

സുൽത്താൻബത്തേരി : നെൽച്ചെടികളുടെ വർണവൈവിധ്യങ്ങളാൽ രാഷ്ട്രപതിയുടെ ചിത്രമൊരുക്കി പാരമ്പര്യകർഷകൻ പ്രസീദ് തയ്യിൽ. പതിവായി പാഡി ചിത്രമൊരുക്കുന്ന ബത്തേരി സ്വദേശി തയ്യിൽ പ്രസീദിന്റെ നമ്പിക്കൊല്ലിയിലെ പത്തേക്കർ വയലിൽ 30 സെന്റ് സ്ഥലത്താണ് ദ്രൗപദി മുർമുവിന്റെ ചിത്രമൊരുക്കിയത്. ഏഴിനം നെല്ലുകളാണ് പാഡി ആർട്ടിന് ഉപയോഗിച്ചത്.

വയലറ്റിന്റെ നിറഭേദങ്ങളിലുള്ള നെല്ലുകളായ കാലാബത്തി, നസർബാത്ത്, ആത്മീക എന്നിവയും പച്ചയുടെ ഭേദങ്ങളായ കൃഷ്ണകൗമോദ്, ജീരകശാല, ഗന്ധകശാല, ഡാബർശാല നെല്ലുകളുമാണ് ചിത്രത്തിന് ഉപയോഗിച്ചത്. ഒരുമാസം മുൻപ് നൂറോളം വിത്തിനങ്ങൾ വയലിൽ വിതച്ചിരുന്നു. ഇതിൽനിന്ന് ചിത്രത്തിന് ആവശ്യമുള്ളവ ഉപയോഗിച്ചു.

ഇന്ത്യയുടെ ഭൂപടം നെൽച്ചിത്രമാക്കിയാണ് പ്രസീദ് പാഡി ആർട്ടിന് തുടക്കമിട്ടത്. പിന്നീട് ബുദ്ധൻ, ക്രിസ്തു, മക്ക-മദീന, ഓണപ്പൂക്കളം, പ്രണയമീനുകൾ, ഗരുഡൻ, സ്വാമി വിവേകാനന്ദൻ, ഗുരുവായൂർ കേശവൻ, ആദിയോഗി, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയ ചിത്രങ്ങളുമൊരുക്കി.

ചിത്രകാരരായ ബത്തേരിയിലെ എ വൺ പ്രസാദ്, പ്രമോദ്, ദീദി തുടങ്ങിയവരാണ് ചിത്രം വരച്ചുനൽകുന്നത്. ഇതുപ്രകാരം ഓരോ ഭാഗത്തേക്കും വേണ്ട നിറങ്ങൾ കണക്കാക്കി നെൽച്ചെടികൾ നടും. ഒരുമാസത്തിനുള്ളിൽത്തന്നെ ചിത്രം പൂർത്തിയാകും. ഇത്തവണ മഴകുറഞ്ഞതോടെ ഏറെ പ്രയാസപ്പെട്ടാണ് വെള്ളമെത്തിച്ച് കൃഷി നടത്തിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ കതിരിടും. ഇന്ത്യയുടെ പല ഭാഗങ്ങളിൽനിന്ന് ശേഖരിച്ച് സംരക്ഷിക്കുന്ന നാനൂറിലേറെ വിത്തിനങ്ങളുടെ റൈസ് ബാങ്കും പ്രസീദ് നിർമിച്ചിട്ടുണ്ട്. പാഡി ചിത്രമൊരുക്കുന്ന സ്വന്തം വയലിൽ ഓരോ തവണയും നൂറിലേറെ വിത്തുകൾ കൃഷിചെയ്ത് സംരക്ഷിക്കുന്നുമുണ്ട്. പരമ്പരാഗത വിത്തുകൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാഡി ആർട്ട് ചെയ്യുന്നത്.

ഔഷധഗുണമേറെയുള്ള വിത്തുകളുടെ മിശ്രിതമായ പോഷക് അരിയാക്കി ഇവയെല്ലാം മാറ്റും. കളർ നെൽവിത്തുകൾക്കും ആവശ്യക്കാരേറെയുണ്ട്. തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം ഇരുനൂറോളം സ്ഥലത്ത് തന്റെ വിത്തുകൾ കൊണ്ടുപോയി ഇത്തവണ പാഡി ആർട്ട് ചെയ്യുന്നുണ്ടെന്ന് പ്രസീദ് പറഞ്ഞു. പരമ്പരാഗത വിത്തുകളിലൂടെയുള്ള ഭക്ഷണത്തിലൂടെയേ ആരോഗ്യകരമായ ഒരു ജനതയുണ്ടാകൂവെന്ന തിരിച്ചറിവാണ് തന്റെ ശ്രമങ്ങൾക്ക് പിന്നിലുള്ളതെന്നും പ്രസീദ് പറയുന്നു. 2023-ൽ രാഷ്ട്രപതിയിൽനിന്ന് മികച്ച കർഷകനുള്ള ദേശീയ സസ്യജനിതക പുരസ്കാരവും പ്രസീദ് ഏറ്റുവാങ്ങിയിട്ടുണ്ട്.

വനിതയുടെ ചിത്രം ആദ്യം

2026 അന്താരാഷ്ട്ര വനിതാ കർഷകദിനമായാണ് ഐക്യരാഷ്ട്രസഭ ആചരിക്കുന്നത്. അതിന്റെ ഭാഗമായി ആലോചിച്ചപ്പോൾ രാജ്യത്തെ പ്രഥമവനിതതന്നെയാകട്ടെയെന്ന് തീരുമാനിച്ചു. വനിതകളുടെ ചിത്രങ്ങൾ ഇതുവരെ ചെയ്തിട്ടില്ലാത്തതും 2023-ൽ മികച്ച കർഷകനുള്ള ദേശീയ സസ്യജനിതക പുരസ്കാരം ഏറ്റുവാങ്ങിയത് രാഷ്ട്രപതിയിൽനിന്നായിരുന്നുവെന്നതും ഇതിന് നിമിത്തമായതായി പ്രസീദ് പറഞ്ഞു.