ബൈക്ക് തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ചു
23 വിദ്യാർഥികളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു
നാദാപുരം : എം.ഇ.ടി. കോളേജിൽ ജൂനിയർ-സീനിയർ വിദ്യാർഥികൾ തമ്മിലുടലെടുത്ത പ്രശ്നത്തെച്ചൊല്ലി ഒട്ടേറെ സ്ഥലങ്ങളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം.
വിവിധ സ്ഥലങ്ങളിൽവെച്ച് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പോലീസ് എത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. അക്രമത്തിൽ പങ്കാളികളായ 17 സീനിയർ വിദ്യാർഥികളെയും ആറ് ജൂനിയർ വിദ്യാർഥികളെയും കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു.
ജൂനിയർവിദ്യാർഥി ദേവർകോവിൽ തളിയിൽ ശംകൂന്റകണ്ടി മുഹമ്മദ് നജാദ് (19)ന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ആറാളുടെപേരിൽ പോലീസ് കേസടുത്തു. ജൂനിയർ വിദ്യാർഥി കുനിങ്ങാട് മുഹമ്മദ് സിയാദ് (19)ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടി. പരിക്കേറ്റ ഒട്ടേറെ വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ പ്രാഥമികചികിതത്സ തേടിയതായാണ് പോലീസിന് ലഭിച്ച വിവരം. കേസ് ഭയന്ന് പലരും ആശുപത്രിയിൽ ശരിയായ മേൽവിലാസം നൽകിയിട്ടില്ല. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ കോളേജിനടുത്ത് വെച്ചാണ് സംഘർഷം തുടങ്ങിയത്. കായക്കൊടി സ്വദേശി ഷിഫാനെ കോളേജിനടുത്തുവെച്ച് സീനിയർ വിദ്യാർഥികൾ കൂട്ടംചേർന്ന് ആക്രമിച്ചു. ഇതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പോലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ ലാത്തിവീശി പിരിച്ചുവിട്ടു.
സംഘർഷാവസ്ഥയെ തുടർന്ന് പത്തരയോടെ അധികൃതർ കോളേജിന് അവധി പ്രഖ്യാപിച്ചു. ഇതോടെ പിരിഞ്ഞുപോയ വിദ്യാർഥികൾ തമ്മിൽ പലസ്ഥലത്തുവെച്ചും ഏറ്റുമുട്ടി. തിരിച്ചുപോകുന്നതിനിടെ കല്ലാച്ചി കോടതിപരിസരത്തെ ഉൗടുവഴികളിൽവെച്ച് പല സമയങ്ങളിലായി വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. പോലീസെത്തിയാണ് വലിയ സംഘർഷാവസ്ഥ ഒഴിവാക്കിയത്. ഇതിനിടയിൽ തൂണേരി പട്ടാണികിണർ ഭാഗത്തും നാദാപുരം ഗവ. ആശുപത്രിക്കടുത്തും വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. കക്കംവള്ളി ഭാഗത്ത് വിദ്യാർഥികൾ തമ്മിൽ രൂക്ഷമായ അടിപിടിയാണ് നടന്നത്. അക്രമികളായ വിദ്യാർഥികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അക്രമികളെ വെച്ചുപെറുപ്പിക്കില്ലെന്നും കോളേജ് അധികൃതർ അറിയിച്ചു.
തൂണേരി പട്ടാണിക്കിണർ ഭാഗത്ത് വെച്ച് അടിപിടി കൂടിയ കേസിൽ എം.ഇ.ടി. കോളേജിലെ നാല് പേരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കല്ലുമ്മൽ ചെറുമോത്ത് പി.സി. മുഹമ്മദ് സിനാൻ (19), കായക്കൊടി വി.കെ.പി. മുഹമ്മദ് ഷിസാൻ (19), വിലാതപുരം കളത്തിൽ മുഹമ്മദ് ജുമാൻ (19), നാദാപുരം വി.കെ. മുഹമ്മദ് ഷാസ് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. പട്ടാണിക്കിണർ പരിസരത്ത് വെച്ച് അടിപിടികൂടിയ കേസിൽ പോലീസ് സ്വമേധയാ കേസടുക്കുകയാണുണ്ടായത്.
അക്രമത്തിന് പിന്നിൽ ജൂനിയർ-സീനിയർ വിദ്യാർഥികൾ തമ്മിലുള്ള ഇൗഗോയാണെന്ന വിവരമാണ് അധ്യാപകർ നൽകുന്നത്. ഇൻസ്റ്റഗ്രാം പേജിലെ കമന്റും ഇതിന് കാരണമായി ഒരുവിഭാഗം വിദ്യാർഥികൾ പറയുന്നു. പലസ്ഥലത്തുവെച്ചുമുള്ള സംഘർഷത്തിന്റെ ദ്യശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈക്കിലെത്തിയ വിദ്യാർഥികളെ ബൈക്ക് തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയും തലയ്ക്ക് ചവിട്ടുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്.
Published: 13 Oct 2026, 03:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented