കല്പറ്റ : സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ‘മാതൃഭൂമി’ ഏറ്റെടുത്ത പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്നാണ് ‘സീഡ്’ പദ്ധതിയെന്ന് മന്ത്രി ടി. സിദ്ദിഖ്. മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്ന് വിദ്യാലയങ്ങളിൽ നടത്തുന്ന സീഡ് പദ്ധതിയുടെ 2025-26 വർഷത്തെ സംസ്ഥാനതല പുരസ്കാരവിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളിൽ പ്രകൃതിയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും അവബോധം വളർത്താനും പ്രകൃതിയോട് ഇടപഴകാൻ അവരെ പ്രോത്സാഹിപ്പിക്കാനുമുള്ള വലിയൊരു കാൻവാസാണ് സീഡ് ഒരുക്കിയിരിക്കുന്നത്. ഈ ഭൂമി ഇന്നത്തെ തലമുറയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ധാരണ തെറ്റാണെന്നും വരുംതലമുറയ്ക്കായി ഈ ഭൂമിയെ കാത്തുസൂക്ഷിച്ച് കൈമാറേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

To advertise here,

 

ലക്ഷക്കണക്കിന് മരത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഹരിതകവചമൊരുക്കാനും പ്ലാസ്റ്റിക്‌രഹിത സമൂഹത്തെ വളർത്തിയെടുക്കാനുള്ള ആത്മവിശ്വാസം പകരാകാനും സീഡ് വഴിയൊരുക്കുന്നുണ്ട്. വിദ്യാർഥികളിൽ കാർഷികസംസ്കാരം വളർത്തുന്നതിനായി ആവിഷ്കരിച്ച ‘കതിർ’ പദ്ധതിയുടെ ഭാഗമായി വീടുകളിൽ കൃഷിചെയ്യുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറേ വർഷങ്ങളായി ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ് മാതൃഭൂമി സീഡ് പദ്ധതിയിലൂടെ കാഴ്ചവെക്കുന്നതെന്ന് മുഖ്യാതിഥിയായ വയനാട് വന്യജീവിസങ്കേതം എ.സി.എഫ്. അജിത് കെ. രാമൻ പറഞ്ഞു. സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ കൃത്യമായി ജനങ്ങളിലേക്കെത്തിച്ച മാതൃഭൂമി പതിറ്റാണ്ടുകൾക്കിപ്പുറവും സമൂഹത്തോടുള്ള കടമ നിർവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹരിതവിദ്യാലയ പുരസ്കാരങ്ങൾ നേടിയ മുഴുവൻ വിദ്യാലയങ്ങൾക്കും മന്ത്രി ടി. സിദ്ദിഖ് അവാർഡ് വിതരണംചെയ്തു. ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം മാനേജർ കെ. അനൂപ്, മാതൃഭൂമി സീനിയർ കറസ്പോണ്ടന്റ് നീനു മോഹൻ, മാതൃഭൂമി എക്സിക്യുട്ടീവ് സോഷ്യൽ ഇനിഷ്യേറ്റീവ് യു. അജ്മൽ സാജിദ്, ജേണലിസ്റ്റ് ട്രെയിനി നബീൽ പാറശ്ശേരി, ജൂനിയർ സെയിൽസ് ഓർഗനൈസർ വി.പി. നിഖിൽകുമാർ എന്നിവർ സംസാരിച്ചു.