കല്ലാച്ചി : പ്രായപൂർത്തിയാകാത്ത കുട്ടികൾ റോഡ് സുരക്ഷാനിയമങ്ങൾ പഠിക്കാതെ ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ പായുന്നത് അപകടഭീഷണി ഉയർത്തുന്നതായ ആക്ഷേപം ശക്തമാകുന്നു. പലരും അപകടകരമായ വിധത്തിലാണ് വണ്ടി ഓടിക്കുന്നതെന്നാണ് പരാതി. നാദാപുരം, കുറ്റ്യാടി മേഖലയിലാണ് ഇത് വ്യാപകം. ഇവിടങ്ങളിൽ സ്‌കൂളുകളിലെയും കോളേജുകളിലെയും ഒട്ടേറെ വിദ്യാർഥികൾ ഇപ്പോൾ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനപാതയിൽ ഉൾപ്പെടെ ഈ സ്‌കൂട്ടറുകൾ ഓടിക്കുന്നത് അപകടഭീഷണി ഇരട്ടിയാക്കുന്നുണ്ട്.
പല കുട്ടികൾക്കും റോഡുസുരക്ഷാ നിയമങ്ങൾ, ട്രാഫിക് ചിഹ്നങ്ങൾ, സുരക്ഷിത ഡ്രൈവിങ് രീതികൾ തുടങ്ങിയവയെക്കുറിച്ച് മതിയായ അറിവോ പരിശീലനമോ ലഭിച്ചിട്ടില്ല. 250 വാട്‌സിൽ താഴെയുള്ള മോട്ടോറുള്ള മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗമുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഓടിക്കാൻ ഡ്രൈവിങ് ലൈസൻസും ആർ.ടി.ഒ രജിസ്ട്രേഷനും ഇൻഷുറൻസും ആവശ്യമില്ല. എന്നാൽ, ഇവ ഓടിക്കാൻ 16 വയസ്സ് പൂർത്തിയായിരിക്കണം. ഈ നിയമം പലരും പാലിക്കാറില്ല. ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് അനുവദനീയമായതിനെക്കാൾ വേഗംകൂട്ടി വിൽപ്പന നടത്തുന്നതായും ആരോപണമുണ്ട്.
പോലീസിനും മോട്ടോർ വാഹനവകുപ്പിനും തലവേദന
ലൈസൻസും രജിസ്‌ട്രേഷനും ഇല്ലാത്ത ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വർധിച്ചുവരുന്ന ഉപയോഗം പോലീസിനും മോട്ടോർ വാഹന വകുപ്പിനും വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഹെൽമെറ്റ് വെക്കാതിരിക്കുക, വൺവേയിലൂടെ തെറ്റായ ദിശയിൽ ഓടിക്കുക, ഫുട്പാത്തിലൂടെ യാത്രചെയ്യുക എന്നിവ മറ്റുയാത്രക്കാരുടെ ജീവനും ഭീഷണിയാണ്. നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത വാഹനങ്ങളായതിനാൽ ക്യാമറകളിൽ ഇവ പതിഞ്ഞാലും ഉടമകളെ കണ്ടെത്താനോ പിഴ ചുമത്താനോ പോലീസിന് സാധിക്കുന്നില്ല. 250 വാട്‌സിൽ താഴെയുള്ള സ്‌കൂട്ടറുകൾക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ അപകടം സംഭവിച്ചാൽ എങ്ങനെ നഷ്ടപരിഹാരം കൊടുക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
Published: 13 Oct 2026, 03:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented