പാത കെട്ടിയടച്ചു; ഉന്നതിനിവാസികളും ദുരിതത്തിൽ
അമ്പലവയൽ : അമ്പുകുത്തി-കരടിപ്പാറ-തോമാട്ടുചാൽ റോഡുനവീകരണത്തിന്റെ ഭാഗമായി നിർമിച്ച സംരക്ഷണഭിത്തി നടുകൊല്ലി പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കി. അമ്പലവയൽ പഞ്ചായത്തിലെ പാമ്പള, നടുകൊല്ലി പ്രദേശവാസികൾ തലമുറകളായി ഉപയോഗിച്ചുവന്നിരുന്ന പ്രധാന റോഡാണ് പൂർണമായും കെട്ടിയടച്ച നിലയിലുള്ളത്. ഇതോടെ ഉന്നതിനിവാസികളും കർഷകരുമുൾപ്പെടെ വഴിമുട്ടിയ അവസ്ഥയിലാണ്.
നെൻമേനി പഞ്ചായത്തിലെ അമ്പുകുത്തി പത്തൊൻപതിൽനിന്നാരംഭിച്ച് തോമാട്ടുചാലിൽ അവസാനിക്കുന്ന പാതയിലാണ് രണ്ടുവർഷത്തോളമായി നവീകരണം നടക്കുന്നത്. പാമ്പള ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി ഉയർത്തിനിർമിച്ചതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. നടുകൊല്ലി ഉന്നതിയിലേക്ക് പാതതിരിയുന്ന ഭാഗത്ത് മുൻപ് ഒരു നടവഴിയുണ്ടായിരുന്നു. ഈ റോഡ് 11 അടി വീതിയിൽ നിർമിക്കാനായി പ്രദേശവാസികൾ ഗ്രാമപ്പഞ്ചായത്തിന് സ്ഥലംവിട്ടുകൊടുക്കുകയും ചെയ്തതാണ്.
പ്രധാനറോഡിന്റെ നവീകരണം നടക്കുമ്പോൾ സുരക്ഷാഭിത്തി ഉയർത്തിക്കെട്ടുന്നത് സംബന്ധിച്ച് നാട്ടുകാർ ആശങ്കയറിയിച്ചിരുന്നു. എന്നാൽ, പുതുതായി നിർമിക്കുന്ന 11 വീതിയുള്ള റോഡിലേക്ക് പ്രധാനപാതയിൽനിന്ന് അനുബന്ധപാത നിർമിച്ചുനൽകാമെന്ന് അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, മാസങ്ങൾക്കിപ്പുറം സുരക്ഷാഭിത്തി പൂർത്തിയായപ്പോൾ എല്ലാവരും കൈമലർത്തി. ഭാരിച്ച ചെലവുവരുമെന്നതിനാൽ മാറിവന്ന പുതിയ ഭരണസമിതിയും കൈയൊഴിഞ്ഞു.
സ്വന്തംനിലയ്ക്ക് ഒന്നും ചെയ്യാനാകാതെ പ്രതിസന്ധിയിലാണ് നടുകൊല്ലി നിവാസികൾ.
നടുകൊല്ലി പ്രദേശത്തെ 25 കുടുംബങ്ങളാണിപ്പോൾ യാത്രാക്ലേശം നേരിടുന്നത്. ഏറെയും കർഷകരും സാധാരണക്കാരുമാണ്. യാത്രാസൗകര്യമില്ലാത്തതിനാൽ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ.
കൃഷിക്കാവശ്യമായ സാധനങ്ങൾ ചുമന്നുകൊണ്ടുപോകാൻപോലും വൻമതിൽ തടസ്സമാണ്. തൊട്ടടുത്തുള്ള മറ്റൊരു വ്യക്തിയുടെ പറമ്പിലൂടെയാണ് ഇപ്പോൾ പ്രധാനപാതയിലേക്ക് വരുന്നതും പോകുന്നതും. വാഹനം കൊണ്ടുപോകാനോ സ്ഥിരമായി ഈ വഴിയുപയോഗിക്കാനോ സാധിക്കാത്ത സ്ഥിതിയാണ്. നടുകൊല്ലി ഉന്നതിയിലേക്കുളള പ്രധാന പാതയാണിത്. പത്തുകുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്. ഇവരും ഇപ്പോൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള കോളനിയിൽനിന്ന് പുറത്തെത്താൻ പാടുപെടണം. ഈ ഭാഗത്തേക്ക് വീതികുറഞ്ഞ മറ്റൊരു കോൺ്ക്രീറ്റ് പാത തൊട്ടപ്പുറത്തുകൂടിയുണ്ട്. എന്നാൽ, കുത്തനെ കയറ്റമായതിനാൽ അതുവഴി വാഹനങ്ങൾ പോകാൻ ബുദ്ധിമുട്ടാണ്. സ്‌കൂൾവിദ്യാർഥികളും പ്രായമായവരും ഇപ്പോൾ വലിയ യാത്രാക്ലേശമാണ് നേരിടുന്നത്. യാത്രാപ്രശ്‌നം ചൂണ്ടിക്കാട്ടി കളക്ടർക്കും പൊതുമരാമത്തുവകുപ്പിനും പരാതിനൽകിയെങ്കിലും ഒന്നും നടന്നില്ല. പരിഹാരമുണ്ടായില്ലെങ്കിൽ സമരത്തിനൊരുങ്ങുകയാണ് നടുകൊല്ലി നിവാസികൾ.
അപേക്ഷനൽകിയിട്ടും നടപടിയില്ല
11 അടി വീതിയിൽ ടാർചെയ്ത് ഉപയോഗിക്കാനായി പ്രദേശവാസികൾ ഒന്നടങ്കം ഒപ്പിട്ട് പഞ്ചായത്തിന് രജിസ്റ്റർ ചെയ്ത് നൽകിയ വഴിയാണിത്. പ്രധാന റോഡിലേക്ക് സൗകര്യപ്രദമായ രീതിയിൽ പ്രവേശനം ഉറപ്പാക്കണം. ഇത് പൊതുവഴിയായി അംഗീകരിച്ച് ടാർചെയ്ത് നൽകണം. തുടക്കത്തിൽ പ്രതിഷേധമറിയിച്ചപ്പോൾ പ്രശ്‌നപരിഹാരം വാഗ്ദാനംചെയ്യാൻ എല്ലാവരുമുണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും ഞങ്ങളെ കൈയൊഴിഞ്ഞ മട്ടാണ്. പ്രധാനപാതയുടെ പണിപൂർത്തീകരിച്ച് കരാറുകാർ പോകുംമുൻപ് ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കണം.
നിഷ കോട്ടൂർ, പ്രദേശവാസി
ബദൽമാർഗമില്ല ഞങ്ങൾക്ക്
റോഡ് നവീകരിക്കുമ്പോൾ എല്ലാവർക്കും ഗുണമാണ്. പക്ഷേ, ഞങ്ങൾക്കുമാത്രം അത് വിനയായിമാറി. ഇതല്ലാതെ മറ്റൊരു മാർഗമില്ലാത്ത അവസ്ഥയാണ്. നാലാൾ ഉയരത്തിൽ കെട്ടിയുയർത്തിയ മതിലിനുമുകളിലേക്ക് റോഡ് നിർമിക്കാൻ അധികൃതരുടെ സഹായമില്ലാതെ പറ്റില്ല. വലിയ പ്രതീക്ഷയോടെയാണ് സ്ഥലം വിട്ടുനൽകിയത്. എന്നാൽ, സ്ഥലവും നഷ്ടമായി ഉള്ള സ്ഥലത്തേക്ക് പ്രവേശിക്കാനും പറ്റാതായി. എത്രയുംവേഗം പരിഹാരം കാണണം.
എൻ.ആർ. രജീഷ് , കർഷൻ
സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്നു
കർഷകരും സാധാരണക്കാരും ഉന്നതിനിവാസികളുമായതിനാൽ ആരും സഹായിക്കാനില്ല. മുൻപ് പല വാഗ്ദാനങ്ങൾ നൽകിയവർ ഇന്ന് കൂടെയില്ല. കരാറുകാരാണെങ്കിൽ തങ്ങളുടെ ഭാഗം കേൾക്കുന്നതുപോലുമില്ല. നടവഴിമൂടി സുരക്ഷാഭിത്തിയുടെ പണിയാരംഭിച്ചപ്പോൾ പ്രദേശവാസികൾ തടയാനൊരുങ്ങിയതാണ്. പക്ഷേ, ബദൽമാർഗമൊരുക്കുമെന്ന് എല്ലാവരും പറഞ്ഞു. ഇന്ന് 25 കുടുംബങ്ങൾ വഴിയാധാരമായി. സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയ സ്ഥിതിയാണിത്.
ജോസ് ആലിലക്കുഴി പൊതുപ്രവർത്തകൻ
ഞങ്ങളെ പറഞ്ഞുപറ്റിച്ചു
പുതിയറോഡ് വന്നപ്പോൾ ഞങ്ങൾക്ക് കൂടുതൽ ദുരിതമായി. സ്ഥിരമായി ആശുപത്രിയിൽ പോകുന്ന രോഗികൾ ഉന്നതിയിലുണ്ട്. ഇവർ കുത്തനെയുളള കയറ്റംകയറി പ്രധാന പാതയിലെത്തേണ്ട അവസ്ഥയാണ്. പ്രധാന റോഡ് രണ്ടുവർഷമായി പൊളിച്ചിട്ടിരിക്കുന്നതിനാൽ ഒരു വണ്ടിവിളിച്ചാൽപോലും വരില്ല. കൃത്യസമയത്ത് സഹായത്തിന് ആളെക്കിട്ടിയില്ലെങ്കിൽ ചികിത്സകിട്ടാതെ മരിക്കേണ്ടിവരുമെന്ന ഭയമാണ്.
ശേഖരൻ, നടുകൊല്ലി ഉന്നതിനിവാസി
Published: 11 Oct 2026, 03:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented