കല്പറ്റ : നവരാത്രി സീസണിലും കൈപൊള്ളിക്കുകയാണ് പച്ചക്കറി വില. സാധാരണക്കാർക്ക് താങ്ങാവുന്നതിനും അപ്പുറത്തേക്കാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പച്ചക്കറിയുടെ വില കുതിച്ചുയരുന്നത്.
പലപ്പോഴും വിപണിയിൽ പച്ചക്കറിക്ക് വില ഉയരാറുണ്ടെങ്കിലും പിന്നീട് കുറഞ്ഞു വരാറുമുണ്ട്. എന്നാൽ ഇപ്പോൾ വിലയുയർച്ചയുണ്ടായി ദിവസങ്ങൾ പിന്നിട്ടാലും വില താഴാത്ത സ്ഥിതിയാണ്. കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്കുറവുമാണ് വിലവർധയ്ക്ക് കാരണമെന്ന് കച്ചവടക്കാർ പറഞ്ഞു.
ചെറിയ ഉള്ളി, ബീൻസ്, കൈപ്പയ്ക്ക, വെളുത്തുള്ളി, ചെറുനാരങ്ങ തുടങ്ങിയവയ്ക്കാണ് ഇപ്പോൾ തീ വില. ചെറിയ ഉള്ളിക്ക് കിലോയ്ക്ക് മൊത്ത വിൽപ്പനയിൽ 125 രൂപയാണ് വില. ചില്ലറ വിൽപ്പനയിൽ കിലോയ്ക്ക് 135 രൂപയാണ് വില. 40-നും 50-നും രൂപയ്ക്ക് ഇടയിലുണ്ടായിരുന്ന വിലയാണ് ഇപ്പോൾ നൂറ് കടന്നത്.
80 രൂപ മുതൽ 100 രൂപ വരെ കിലോയ്ക്കുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ ഇരട്ടിയാണ് വില. മൊത്ത വിൽപ്പനയിൽ കിലോയ്ക്ക് 200 രൂപയാണ് വില. ചില്ല്ലറ വിൽപ്പനയിൽ കിലോയ്ക്ക് 220 രൂപയാണ് വില. കടുത്ത ചൂടിൽ നാരങ്ങാവെള്ളത്തിനുൾപ്പെടെ ചെലവേറിയ സമയത്ത് ചെറുനാരങ്ങയ്ക്കും കത്തുന്ന വിലയാണ്. 140 രൂപയാണ് മൊത്തവ്യാപാര വില. ചില്ലറ വിൽപ്പനയ്ക്ക് കിലോയ്ക്ക് 150 രൂപയാണ് വില. 50- 60 രൂപ വിലയുണ്ടായിരുന്ന ബീൻസിന് ഇപ്പോൾ 100 രൂപയാണ് വില.
വിലവർധിച്ചിരുന്ന തക്കാളിക്കും സവാളയ്ക്കും വില കുറഞ്ഞത് നേരിയ ആശ്വാസമാണ്. ചില്ലറ വിൽപ്പനയിൽ തക്കാളിയുടെ വില കിലോയ്ക്ക് ഇപ്പോൾ കിലോയ്ക്ക് 35 രൂപയാണ്. സവാളയുടെ വില ചില്ലറ വിൽപ്പനയിൽ 60 രൂപയായും കുറഞ്ഞിട്ടുണ്ട്.
തമിഴ്നാട്,. കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതലും പച്ചക്കറികൾ എത്തുന്നത്. ഉത്പാദനം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഉത്പാദനം കൂടിമ്പോൾ വില കുറയുമെന്നതും കച്ചവടക്കാർ പറഞ്ഞു.
കച്ചവടക്കാർക്കും നഷ്ടം
പച്ചക്കറിക്ക് ഒരു പരിധിയിൽ കൂടുതൽ വിലയുയർന്നാൽ കച്ചവടക്കാർക്ക് നഷ്ടം നേരിടേണ്ട സാഹചര്യമാണെന്ന് കല്പറ്റ സം സം വെജിറ്റബിൾസ് ഉടമ ടി. ഹാരിസ് പറഞ്ഞു. ആളുകൾ പച്ചക്കറി വാങ്ങുന്നതിന്റെ അളവ് കുറയ്ക്കുന്നതു കാരണം ഇറക്കിയ പച്ചക്കറികൾ ബാക്കിയാവുകയും കേടായി നശിച്ചു പോവുകയും ചെയ്യും. ഇതുകാരണം വലിയ നഷ്ടം നേരിടേണ്ടി വരും. പച്ചക്കറി വില എപ്പോഴും സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിൽ മിതമായ വിലയിൽ നിന്നാൽ മാത്രമേ ഗുണമുണ്ടാവുകയുള്ളൂവെന്നും കച്ചവടക്കാർ പറഞ്ഞു. വിലക്കയറ്റത്തിനുകാരണം ഉത്പാദനക്കുറവ്
Published: 12 Oct 2026, 02:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented