പേരാമ്പ്ര : വാല്യക്കോട് ചേനോളി മുളിയങ്ങൽ കനാൽറോഡിന്റെ സംരക്ഷണം ഉറപ്പുവരുത്തിമാത്രമേ ജലജീവൻ കുടിവെള്ളപദ്ധതി പൈപ്പ് ലൈൻ പ്രവൃത്തി നടത്താൻ പാടുള്ളൂവെന്ന് തീരുമാനം.

To advertise here,

നൊച്ചാട് പഞ്ചായത്ത് ഓഫീസിൽ ചേർന്ന വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും ഇറിഗേഷൻ, ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. പൈപ്പ് ലൈൻ റോഡിന്റെ മധ്യഭാഗത്തുകൂടി സ്ഥാപിക്കും. ചേനോളി അച്ചൻകണ്ടിമീത്തൽ മുതൽ ചാലിൽ പാലംവരെ റോഡിന്റെ മധ്യഭാഗത്തുകൂടിയും പിന്നീട് കനാൽറോഡ് കുറുകെക്കടന്ന് മറുഭാഗത്തുകൂടി എ.കെ.ജി. സെന്റർ പ്രദേശം വരെയും പൈപ്പ് സ്ഥാപിക്കും. പൈപ്പ് സ്ഥാപിക്കുന്ന സ്ഥലങ്ങൾ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സന്ദർശിച്ചു.

ഇറിഗേഷൻ അസിസ്റ്റൻറ് എൻജിനിയർ കെ. സുബിൻ, ജസീൽ, ജല അതോറിറ്റി അസി. എൻജിനിയർ ജിതേഷ്, ജലജീവൻ അസി. എൻജിനിയർ കെ. സമീർ, കരാറുകാരെ പ്രതിനിധാനംചെയ്ത്‌ കെ. സുലൈമാൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാറക്കൽ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ സുനിത മലയിൽ, രമ്യ അമ്പാളി, സി.കെ. സുജിത്, അഞ്ചാം വാർഡ് വികസനസമിതി കൺവീനർ രാമചന്ദ്രൻ ആയടത്തിൽ,

കെ.ടി. ബാലകൃഷ്ണൻ, രഞ്ജിത്ത് തുമ്പക്കണ്ടി, ശശികുമാർ അമ്പാളി, കുഞ്ഞിമൊയ്തി പുളിയുള്ളതിൽ, വി.എൻ. നൗഫൽ, കൊല്ലമ്പത്ത് വിജയൻ, കെ.പി. രാജേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യോഗം വിളിച്ചുചേർക്കാതെ പ്രവൃത്തി നടത്തുന്നത് കഴിഞ്ഞദിവസം നാട്ടുകാർ തടഞ്ഞിരുന്നു.