വടകര : വടകര മേഖലയിലെ ദേശീയപാതയിൽ പുതുതായി അനുവദിച്ച ഉയരപ്പാതയുടെ പൈലിങ്ങിന്റെ നാലിലൊന്ന് ഒന്നരമാസംകൊണ്ട് പൂർത്തിയായി. ആയിരം പൈലിങ്ങാണ് വടകര ബൈപ്പാസ്, ചോറോട്, കൈനാട്ടി എന്നിവിടങ്ങളിലായി വേണ്ടത്. ഇതിൽ വടകര ബൈപ്പാസിൽ മാത്രം 250 പൈലിങ് കഴിഞ്ഞു. ശേഷിക്കുന്നവ ഡിസംബറോടെ പൂർത്തിയാകും.
വടകര ബൈപ്പാസിൽ പെരുവാട്ടുംതാഴ മുതൽ കരിമ്പനപ്പാലം വരെയുള്ള ഭാഗത്ത് അഞ്ചിടങ്ങളിലായി ഉയരപ്പാതയുടെ നീളം കൂട്ടുന്നുണ്ട്. ആദ്യ ഡി.പി.ആറിൽ ഇവിടെ മണ്ണിട്ടുയർത്തിയുള്ള (എംബാങ്ക്‌മെന്റ്) ഉയരപ്പാതയാണ് വിഭാവനംചെയ്തത്. എന്നാൽ മണ്ണ് ദുർബലമായ സ്ഥലത്ത് മണ്ണിട്ടുയർത്തി പാത നിർമിച്ചാൽ മലപ്പുറം കൂരിയാട് സംഭവിച്ചതുപോലുള്ള ദുരന്തം ഉണ്ടാകുമെന്ന് കണ്ടതിനെത്തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിൽ കോൺക്രീറ്റ് തൂണിൻമേലുള്ള പാത (വയഡക്ട്) നിർമിക്കാൻ എൻ.എച്ച്.എ.ഐ. അനുമതി നൽകിയത്. ഈ പ്രവൃത്തിയും അദാനി എന്റർപ്രൈസസിനുതന്നെ കരാർ നൽകി. നേരേത്തയുള്ള ഉപകരാറുകാരായ വാഗഡിന് പകരം ഗൾഫാർ കൺസ്ട്രക്‌ഷൻസിനെയാണ് പ്രവൃത്തി അദാനി ഏൽപ്പിച്ചത്. ഗൾഫാർ അത്യാവശ്യം വേഗത്തിൽത്തന്നെ പ്രവൃത്തി ചെയ്യുന്നുണ്ട്.
എട്ട് പൈലിങ് യന്ത്രങ്ങൾ ഇപ്പോൾ വടകരയിലുണ്ട്. കൂടാതെ 300-ഓളം തൊഴിലാളികളും. പൈലിങ് നടക്കുന്നതിന് സമാന്തരമായിത്തന്നെ ഗർഡർ നിർമാണവും തകൃതിയാണ്. നാരായണനഗരം ജങ്ഷനിൽനിന്ന് തെക്കോട്ട് ഏതാണ്ട് 150 മീറ്റർ നീളത്തിലാണ് പാലം നീട്ടുന്നത്. ഇവിടെ പൈലിങ് പൂർത്തിയായി. നാലു തൂണിന്റെ വാർപ്പും കഴിഞ്ഞു. ഇതിനു സമീപംതന്നെ ഏതാണ്ട് അൻപതോളം ഗർഡറുകൾ നിർമിച്ചുവെച്ചിട്ടുണ്ട്. തൂണും പൈൽ ക്യാപും ഉയരുമ്പോഴേക്കും ഗർഡർ എടുത്തുവെക്കാൻ പാകമാകും.
അടയ്ക്കാത്തെരു ജങ്ഷനും ലിങ്ക് റോഡ് ജങ്ഷനും ഇടയിലുള്ള ഭാഗത്തും പൈലിങ്ങും ഒപ്പംതന്നെ തൂൺ നിർമാണവും ഊർജിതമായി നടക്കുന്നുണ്ട്. അടയ്ക്കാത്തെരുവിലെ പാലത്തിന്റെ വടക്കുഭാഗത്തും പൈലിങ് തുടങ്ങി. പെരുവാട്ടുംതാഴയിലെ മേൽപ്പാലത്തിന്റെ നീളം കൂട്ടുന്നതിനായുള്ള പൈലിങ് തെക്കുഭാഗത്ത് തുടങ്ങി. ഇനി കരിമ്പനപ്പാലത്താണ് പൈലിങ് വേണ്ടത്. ഇവിടെ മണ്ണുപരിശോധന വേണ്ടിവരും. കൈനാട്ടിയിലും പൈലിങ് തുടങ്ങി. ഇവിടെ നിലവിലുള്ള മേൽപ്പാലത്തിന്റെ നീളംകൂട്ടുകയാണ് ചെയ്യുന്നത്. ചോറോടിലെ അടിപ്പാതയ്ക്ക് സമമായി തൂണിൻമേൽപ്പാതയും ലക്ഷ്യമിടുന്നുണ്ട്. ഇവിടെയും പൈലിങ് വേണ്ടിവരും.
Published: 13 Oct 2026, 03:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented