പുല്പള്ളി : മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരപരമായ സമീപനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

To advertise here,

ജനപ്രതിനിധികളോടും പൊതുജനങ്ങളോടും മാന്യമായി പെരുമാറിയില്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ശക്തമായ പ്രതിഷേധങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി. ബി.ജെ.പി. അംഗം വിജയിച്ച വാർഡിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരപരമായ സമീപനംമൂലം ഗ്രാമസഭ പിരിച്ചുവിട്ട് ഇവിടുത്തെ ജനങ്ങളെ അപമാനിച്ച നടപടി അംഗീകരിക്കാനാവില്ല. വാർഡ് വികസന സമിതി രൂപവത്കരിക്കാൻ സാധ്യമല്ലെന്ന നിലപാടാണ് പ്രസിഡന്റ് സ്വീകരിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥരോട് അനാവശ്യമായി കലഹിക്കുന്ന പ്രസിഡന്റിന്റെ പ്രവൃത്തികൾമൂലം ഇവിടെ ജോലിചെയ്യാൻ ജീവനക്കാർ താത്‌പര്യപ്പെടുന്നില്ല.

യു.ഡി.എഫ്. നേതൃത്വംനൽകുന്ന മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ ഭരണം തികഞ്ഞ പരാജയമാണെന്നും സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കാൻ തയ്യാറാവണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. ബി.ജെ.പി. പുല്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ഡി. ഷാജിദാസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷൈജു പുലികുത്തി അധ്യക്ഷതവഹിച്ചു. ജന. സെക്രട്ടറി അമൽ കവളക്കാട്ട്, ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ നായർ, എൻ. വാമദേവൻ, ജോബിഷ് മാവടി, സദാശിവൻ കളത്തിൽ, പി.എൻ. സന്തോഷ്, റിൻസി വർഗീസ്, സ്മിത സന്തോഷ്, രഞ്ജിത്ത് ഇടമല തുടങ്ങിയവർ സംസാരിച്ചു.

സി.പി.എം. സമരം ഇന്ന്

: മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ധാർഷ്ട്യത്തിനെതിരേ സി.പി.എം. വ്യാഴാഴ്ച രാവിലെ പത്തിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. സി.പി.എം. ജില്ലാസെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനംചെയ്യും. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്ന പൊതുജനങ്ങളോടും മറ്റു ഗ്രാമപ്പഞ്ചായത്തംഗങ്ങളോടും ജീവനക്കാരോടുമുള്ള ധാർഷ്ട്യത്തോടെയുള്ള പ്രസിഡന്റിന്റെ സമീപനം ജനാധിപത്യ സ്ഥാപനങ്ങൾക്ക് അപമാനമാണെന്ന് സി.പി.എം. കുറ്റപ്പെടുത്തി.

പഞ്ചായത്ത് പ്രസിഡന്റിനെ വിമർശിച്ചാൽ അവരുടെ പേരിൽ പോലീസിൽ കേസ് കൊടുക്കുമെന്ന ഭീഷണി പരിഹാസ്യമാണ്. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ ഭരണം അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു. യു.ഡി.എഫ്. നേതൃത്വംനൽകുന്ന പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്നും നാടിന്റെ വികസന മുരടിപ്പിന് പരിഹാരംകാണാൻ ഉണർന്ന് പ്രവർത്തിക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറിമാരായ സി.പി. വിൻസെന്റ്, സണ്ണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

‘ സമരം രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗം’

മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ സി.പി.എമ്മും ബി.ജെ.പി.യും നടത്തുന്ന സമരം അനാവശ്യമാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ്. ഭരണസമിതിയുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നത് കണ്ടു വിറളിപൂണ്ട് ചില കപടരാഷ്ട്രീയക്കാരാണ് ഈ സമരത്തിനു പിന്നിൽ.

നാടിന്റെ വികസനപ്രവർത്തനങ്ങളെ തുരങ്കംവെക്കുന്ന നിലപാടാണ് ഇടതു -ബി.ജെ.പി. ഗ്രാമപ്പഞ്ചായത്തംഗങ്ങളും ചില രാഷ്ട്രീയകക്ഷികളും സ്വീകരിക്കുന്നത്. സി.പി.എം.-ബി.ജെ.പി. സമരം രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമായാണ്. പഞ്ചായത്തിലെ രണ്ട്, 11 വാർഡുകൾ ഒഴികെ മുഴുവൻ വാർഡുകളിലും ഗ്രാമസഭകൾ പൂർത്തിയാക്കാൻ കഴിഞ്ഞു. ക്വാറം തികയാത്തതിനാലാണ് രണ്ട് വാർഡുകളിൽ ഗ്രാമസഭകൾ നടക്കാതെ പോയത്. അതിന്റെ ഉത്തരവാദിത്വം ആ വാർഡുകളിലെ ഗ്രാമപ്പഞ്ചായത്തംഗത്തിനാണ്. 11-ാം വാർഡിലെ ഗ്രാമസഭയിൽ പങ്കെടുക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ ഗ്രാമപ്പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ഒരു സംഘമാളുകൾചേർന്ന് ചീത്തവിളിച്ച് ഹാളിൽനിന്ന് ഇറക്കിവിടുന്ന സാഹചര്യമുണ്ടായി.

വരൾച്ചാ ലഘൂകരണത്തിന്റെ ഭാഗമായി രണ്ടാം വാർഡ് ഒഴികെ മറ്റ് 18 വാർഡുകളിലും ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ജനകീയ തടയണകൾ നിർമിച്ചു. രണ്ടാംവാർഡിലെ തടയണനിർമാണം ഗ്രാമപ്പഞ്ചായത്തംഗത്തെ ഹൈജാക്ക് ചെയ്ത് ഒരു രാഷ്ട്രീയപാർട്ടി ഏറ്റെടുക്കുകയായിരുന്നു. അതു ശരിയായില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐ.യും പ്രസിഡന്റിനെതിരേ തിരിഞ്ഞിരിക്കുന്നത്.

പഞ്ചായത്തിൽ നിലവിൽ നാല് ക്വാറികൾ മാത്രമേയുള്ളൂ. പുതുതായി ഒരു ക്വാറിക്കും പഞ്ചായത്ത് ലൈസൻസ് അനുവദിക്കുകയോ അപേക്ഷ സ്വീകരിക്കുകയോചെയ്തിട്ടില്ല. നിലവിൽ പ്രവർത്തിക്കുന്നതിൽ രണ്ട് ക്വാറികൾ സി.പി.എമ്മിന്റെ പൂർണ നിയന്ത്രണത്തിലാണുള്ളതെന്നും ഭരണസമിതിയംഗങ്ങൾ പറഞ്ഞു.

സ്ഥിരംസമിതി അധ്യക്ഷൻമാർ, യു.ഡി.എഫ്. ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.