പണി വേഗത്തിലാക്കാൻ മന്ത്രിതലയോഗത്തിൽ തീരുമാനം

To advertise here,

കുറ്റ്യാടി : കുറ്റ്യാടിയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി പൂർത്തീകരിച്ച് ജനുവരിയോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ നിയമസഭാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ ഫോർ ഡി ഹാളിൽ ചേർന്ന യോഗത്തിലാണ് നിർണായകതീരുമാനം. എം.എൽ.എ. പാറക്കൽ അബ്ദുള്ളയുടെ ആവശ്യപ്രകാരമാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർത്തത്.

വകുപ്പ് ഉദ്യോഗസ്ഥരും എൻജിനിയർമാരും യോഗത്തിൽ പങ്കെടുത്തു. ബൈപ്പാസ് മാത്രമല്ല, മണ്ഡലത്തിലെ വികസനത്തിന് കുതിപ്പേകുന്ന മറ്റുപ്രഖ്യാപനങ്ങളും യോഗത്തിലുണ്ടായി. ചേനായിക്കടവ്, മാണിക്കോത്ത് പാലം ഉൾപ്പെടെ മൂന്ന് പ്രധാന പാലങ്ങൾ, തിരുവള്ളൂർ കന്നിനട, ആയഞ്ചേരി മാണിക്കോത്ത് നട, വേളം തുലാറ്റുനട പാതയോരങ്ങളുടെ ആധുനികീകരണവും സൗന്ദര്യവത്‌കരണവും കുറ്റ്യാടി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിന്റെ പുനർനിർമാണവും മന്ത്രി ഉറപ്പുനൽകി.

കൂടാതെ, മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി. റോഡുകൾ രണ്ടുവർഷത്തിനുള്ളിൽ പൂർണമായും ആധുനികനിലവാരത്തിലാക്കാനും തീരുമാനമായി.

വില്യാപ്പള്ളി-ചേലക്കാട് റോഡിന്റെ പണി വേഗത്തിലാക്കാനും എം.ജെ. സ്കൂളിനുസമീപം കൂടുതൽ കൈവരികൾ സ്ഥാപിക്കാനും വട്ടോളി കാടുമൂടിയ പി.ഡബ്ല്യു.ഡി. ഭൂമിയിലെ പ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം കാണാനും യോഗത്തിൽ ധാരണയായി.