കർഷകന് വൻ നഷ്ടം

To advertise here,

വടുവൻചാൽ : വിളവെടുപ്പിനു പാകമായിക്കൊണ്ടിരുന്ന കാപ്പിത്തോട്ടം മുച്ചൂടും നശിപ്പിച്ച് വാനരൻമാർ. മൂപ്പൈനാട് പഞ്ചായത്തിലെ ആറാംവാർഡ് അപ്പാളം അമ്പക്കാട് സോണി കുര്യന്റെ തോട്ടമാണ് കുരങ്ങൻമാർ നശിപ്പിച്ചത്. വിളഞ്ഞുനിൽക്കുന്ന ചെടികളും പുതുതായി നട്ടുപിടിപ്പിച്ച ചെടികളുമുൾപ്പെടെ കുരങ്ങൻമാർ നശിപ്പിച്ചു.

പരമ്പരാഗതമായി കാപ്പിയും ഏലവും കൃഷിചെയ്യുന്ന കർഷകനാണ് സോണി കുര്യൻ. അപ്പാളത്ത് വീടിനോടുചേർന്നുള്ള അഞ്ചേക്കർ സ്ഥലത്താണ് കഴിഞ്ഞദിവസം കുരങ്ങൻമാർ കൂട്ടത്തോടെയെത്തി നാശംവിതച്ചത്. മുൻവർഷങ്ങളിൽ മികച്ചവില കിട്ടിയതിനാൽ ഏറെസമയം ചെലവഴിച്ച് കാപ്പിച്ചെടികൾ നന്നായി പരിചരിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും പണംമുടക്കി തോട്ടംനനയുൾപ്പെടെ നടത്തി. ഡിസംബർ -ജനുവരി മാസം വിളവെടുപ്പിനായി കാത്തിരിക്കുമ്പോഴാണ് തോട്ടത്തിൽ കുരങ്ങൻമാരുടെ വിളയാട്ടം. കാപ്പിക്കൊമ്പുകൾ ഒടിച്ചുനിലത്തിട്ടു. പുതുതായി നട്ടുപിടിപ്പിച്ച കാപ്പിച്ചെടികൾ അടുത്തവർഷം വിളവുനൽകേണ്ടതാണ്. അതിൽ പകുതിയും നശിപ്പിച്ചു.

അടുത്തൊന്നും വനമില്ലാത്ത പ്രദേശമാണ് അപ്പാളം. 15 കൊല്ലംമുമ്പ് ഈ പ്രദേശത്ത് ഒരു കാട്ടുമൃഗത്തിന്റെ ശല്യവുമുണ്ടായിരുന്നില്ല. കല്പറ്റ നഗരസഭയിൽനിന്ന് പിടികൂടിയ കുരങ്ങുകളെ മൂപ്പൈനാട് പഞ്ചായത്തിലെ നസ്രാണിക്കാട്ടിൽ കൊണ്ടുവിട്ടതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് കർഷകർ പറയുന്നു. അവ പെറ്റുപെരുകിയാണ് കടലാട്, അപ്പാളം, വരിപ്ര ഭാഗങ്ങളിൽ കർഷകർക്ക് ഉപദ്രവമായി മാറിയിരിക്കുന്നത്. കാപ്പിക്കുപുറമേ ഏലച്ചെടികളും കുരങ്ങൻമാർ നശിപ്പിക്കുന്നുണ്ട്. പഴവർഗങ്ങൾ കൃഷിചെയ്താൽ വിളവെല്ലാം കുരങ്ങ് കൊണ്ടുപോകും.

കൃഷിനശിച്ചാൽ നഷ്ടപരിഹാരത്തിന് വനംവകുപ്പിനെ സമീപിക്കാറില്ലെന്ന് സോണി കുര്യൻ പറഞ്ഞു. ഓഫീസ് കയറിയിറങ്ങി അപേക്ഷനൽകി കാത്തിരുന്നാൽ തുച്ഛമായ തുകയാണ് അനുവദിക്കുക. പോയിവരുന്നതിന്റെ വണ്ടിക്കൂലിക്കുപോലും അത് തികയില്ല -അദ്ദേഹം പറഞ്ഞു.