പനമരം : ആര്യന്നൂർനടയിൽ വാഹനാപകടങ്ങൾ തുടർക്കഥയായിട്ടും വളർന്നുപന്തലിച്ച അടിക്കാടുകൾ വെട്ടിമാറ്റാനും മുറിച്ചിട്ട മരങ്ങൾ റോഡരികിൽ നിന്ന് നീക്കംചെയ്യാനും കുടിവെള്ളപദ്ധതിയുടെ പൈപ്പുകൾ മാറ്റാനും നടപടിയില്ലാത്തതിൽ പ്രതിഷേധം കനക്കുന്നു. പനമരം-മാനന്തവാടി റോഡരികിലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്ന ഈ ദുരവസ്ഥകളുള്ളത്. ഒട്ടേറെ വാഹനാപകടങ്ങൾ നടന്നയിടത്താണ് ഈ കാഴ്ചയുള്ളത്.
ചൊവ്വാഴ്ച രാവിലെ പനമരം കണ്ണാടിമുക്ക് സ്വദേശി സഞ്ചരിച്ച സ്കൂട്ടറിന് പുറകിൽ മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ച് അപകടം ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുകൂടാതെ രണ്ടാഴ്ച മുൻപാണ് ആര്യന്നൂർ ഇറക്കത്തിൽ കാൽനടയാത്രക്കാരായ വിദ്യാർഥികളെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചത്. ജീവഹാനി ഉൾപ്പെടെയുള്ള ഒട്ടേറെ വാഹനാപകടങ്ങളും ഇതിനോടകം ഇവിടെ ഉണ്ടായിട്ടുണ്ട്.
ആര്യന്നൂരിലെ കുത്തനെയുള്ള ഇറക്കമിറങ്ങി പനമരം വലിയ പാലംവരെയെത്തുന്ന ഭാഗങ്ങളിലാണ് കൂടുതലായും പ്രയാസമുണ്ടാകുന്നത്. എതിരേ വരുന്ന വാഹനങ്ങളുടെ കാഴ്ചമറയ്ക്കുന്ന രീതിയാണ് ഇവിടെ. ചിലയിടങ്ങളിൽ മൺകൂനകൾ ഭീഷണിയാണ്. മറ്റുചിലയിടങ്ങളിൽ ചെളിക്കുളമായും കിടക്കുകയാണ്. ചുരുക്കത്തിൽ ഫുട്പാത്ത് ഉപയോഗശൂന്യമായി കിടക്കുന്നതോടൊപ്പം നൂറുകണക്കിന് വിദ്യാർഥികൾക്കും മറ്റു കാൽനടയാത്രക്കാർക്കുമൊപ്പം വാഹന യാത്രക്കാർക്കും ഒരുപോലെ അപകടക്കെണിയാവുകയാണ്.
മലയോരഹൈവേയുടെ ഒന്നാംഘട്ട നിർമാണം നടന്നെങ്കിലും ഫുട്പാത്തിന്റെ നവീകരണം നടത്താത്തതാണ് പ്രശ്നമാവുന്നത്. അതിനാൽ എത്രയും വേഗത്തിൽ ശോച്യാവസ്ഥ പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Published: 14 Oct 2026, 03:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented