പനമരം : വയനാട്ടുകാരുടെ സ്വപ്നമായ വിമാനത്താവളം കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ ചീക്കല്ലൂരിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി പ്രമേയം പാസാക്കി. ജില്ലയിൽ വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശമാണിതെന്ന് ഒട്ടേറെത്തവണ പരിശോധനയിൽ സ്ഥിരീകരിച്ചതാണ്.

To advertise here,

വിമാനത്താവളവുമായി ബന്ധപ്പെട്ട പരിശോധനകളിൽ സിയാൽ അധികൃതർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചീക്കല്ലൂരിന്റെ സാധ്യതകളിൽ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

വയനാടിനായി ഒരു പ്രാദേശികവിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള ആശയം കേരളസർക്കാരിന്റെ വിവിധ ബജറ്റ്/വികസന രേഖകളിൽ മുൻകാലങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021/22-ലെ കേരള വാർഷിക പദ്ധതിയിൽ വയനാട് പദ്ധതിക്കായി തുക വകയിരുത്തിയിരുന്നു. പദ്ധതി ടെക്കനോ ഇക്കണോമിക് പഠനത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തേണ്ട ആശയഘട്ടത്തിലാണെന്നും രേഖപ്പെടുത്തിയിരുന്നു.

വയനാടിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കുന്നത് ജില്ലയുടെ സമഗ്രവികസനത്തിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ. ജില്ലയ്ക്ക് റെയിൽവേ സൗകര്യമില്ലാത്ത സാഹചര്യത്തിൽ വിമാനത്താവളം അനിവാര്യമാണെന്നും അതിനാൽ ചീക്കല്ലൂരിൽത്തന്നെ പദ്ധതി നടപ്പാക്കണമെന്നുമാണ് ആവശ്യം.

കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതിയധ്യക്ഷൻ കെ.എം. ഫൈസൽ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് വി.പി. യൂസഫ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് രോഷ്മ രമേശ്, സി. സുരേഷ് ബാബു, മറിയം അബ്ദുറഹിമാൻ, സെക്രട്ടറി ലതിക തുടങ്ങിയവർ പങ്കെടുത്തു.