നാട്ടുകാരുടെ പ്രക്ഷോഭം ശക്തമാകുന്നു
നിർമാണ പ്രവൃത്തി തടഞ്ഞു
കൊയിലാണ്ടി : നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസിൽ പന്തലായനി-വിയ്യൂർ റോഡ് മുറിച്ചുകടക്കുന്നിടത്ത് അണ്ടർപ്പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തുന്ന പ്രക്ഷോഭം ശക്തമായി. കുന്ന്യോറമലയിൽ മണ്ണിടിച്ച് നീക്കംചെയ്യുന്ന 11 ലോറികൾ നാട്ടുകാർ തടഞ്ഞു. അതോടെ എല്ലാ പണികളും സ്തംഭിച്ചു.
അടിപ്പാത ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. എന്നിട്ടും ഇവരുമായി വിഷയം ചർച്ചചെയ്യാൻപോലും എൻ.എച്ച്.എ.ഐ. അധികൃതർ തയ്യാറായിട്ടില്ലെന്ന് കൊയിലാണ്ടി നഗരസഭാ കൗൺസിലർ കെ. ഷജിത്ത് പറഞ്ഞു. പ്രദേശവാസികൾ പ്രവൃത്തി തടസ്സപ്പെടുത്തിയ വിവരം അറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലെത്തത്തിയിരുന്നു.
ആറു മാസത്തിനുളളിൽ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണം പൂർത്തിയാക്കാനാണ് കരാർ കമ്പനിയ്ക്ക് നൽകിയ കർശനനിർേദശം, അതുകൊണ്ട് പന്തലായനി വിയ്യൂർ റോഡ് അടച്ചുകെട്ടി നിർമാണ പ്രവൃത്തി പൂർത്തിയാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഈ ഭാഗത്ത് ബൈപ്പാസ് റോഡിനായി പടിഞ്ഞാറു ഭാഗത്ത് കോൺക്രീറ്റ് മതിൽ ഉയർന്നിട്ടുണ്ട്.
കിഴക്കു ഭാഗത്ത് മതിൽ പൂർണമായി കെട്ടിയിട്ടില്ല. ഇവിടെ ഇനിയും മണ്ണിട്ട് ഉയർത്താനുണ്ട്. അണ്ടർപ്പാസ് അനുവദിച്ചാൽ പടിഞ്ഞാറു ഭാഗത്ത് കെട്ടി ഉയർത്തിയ മതിൽ കുറച്ചുസ്ഥലത്ത് നീക്കം ചെയ്യണം. ഇവിടെ അണ്ടർപ്പാസ് അനുവദിച്ചുകിട്ടാൻ ഷാഫി പറമ്പിൽ എം.പി.യും കെ. പ്രവീൺ കുമാർ എം.എൽ.എ.യും എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് നഗരസഭാ കൗൺസിലർ അഡ്വ. പി.ടി. ഉമേന്ദ്രൻ പറഞ്ഞു.
കൊയിലാണ്ടി ടൗണിൽനിന്ന് വിയ്യൂർ ഭാഗത്തേക്ക് പോകാനുള്ള പ്രധാനപാതയാണ് ബൈപ്പാസ് നിർമാണത്തോടെ കെട്ടിമുട്ടിക്കുന്നത്. ഈ റോഡ് വഴിയാണ് വിയ്യൂർ, പന്തലായനി ഭാഗത്തെ വിദ്യാർഥികൾ പന്തലായനി ജി.എച്ച്.എസ്. എസ്സിലേക്ക് വന്നിരുന്നത്.
റോഡുസൗകര്യം ഇല്ലാതായതോടെ സ്കൂളിലേക്ക് കുട്ടികൾക്കുവരാൻ കഴിയാതായി. അതോടെ പന്തലായനി ഗവ. എച്ച്. എസ്.എസ്സിൽ കുട്ടികൾ വലിയതോതിൽ കുറഞ്ഞു. മാത്രവുമല്ല ഒട്ടെറെ കുടുംബങ്ങൾ അധിവസിക്കുന്ന സ്ഥലമാണിത്. വിയ്യൂർ ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോയിരുന്നത്.
ബൈപ്പാസ് നിർമിക്കാൻ റോഡ് അടച്ചതോടെ പന്തലായനി, വിയ്യൂർ നിവാസികൾ കടുത്ത യാത്രാക്ലേശം അനുഭവിക്കുകയാണ്. കൊയിലാണ്ടി നഗരസഭയിലെ 14, 12, 11, 9, വാർഡുകളിലെ ജനങ്ങളുടെ യാത്രാ മാർഗം തടസ്സപ്പെടുത്തിയാണ് ബൈപ്പാസ് നിർമിച്ചിരിക്കുന്നത്.
ഇവിടെ അണ്ടർപ്പാസ് വരുമെന്ന പ്രതീക്ഷയിലായിരുന്നു കഴിഞ്ഞദിവസംവരെ പ്രദേശവാസികൾ.
അണ്ടർപ്പാസ് നിർമിക്കാനെന്ന തരത്തിൽ ഒരുഭാഗത്ത് പ്രവൃത്തി നടത്താതെ ഒഴിച്ചിട്ടിരുന്നു. എന്നാൽ കഴിഞ്ഞദിവസം വാഗാഡ് അധികൃതർ സ്ഥലത്തെത്തി ഇവിടെ കോൺക്രീറ്റ് ഭിത്തിവെച്ച് പ്രവൃത്തി തുടങ്ങിയതോടെയാണ് പ്രദേശവാസികൾ വീണ്ടും സമരവുമായി രംഗത്തുവന്നത്.
Published: 15 Oct 2026, 03:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented