അമ്പലവയൽ : ദുരന്തനിവാരണരംഗത്തും ടൂറിസംമേഖലയിലും പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി വയനാട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടുപയോഗിച്ച് ആധുനിക സംവിധാനങ്ങളോടെയുള്ള ഹെലിപാഡിന്റെ നിർമാണം അമ്പലവയലിൽ തുടങ്ങി. അമ്പലവയൽ ടൗണിനടുത്ത് പോലീസ്‌സ്റ്റേഷൻ റോഡിൽ കേരള കാർഷിക സർവകലാശാലയുടെ സ്ഥലത്താണ് ഈപദ്ധതി യാഥാർഥ്യമാകുന്നത്.

To advertise here,

വയനാടിന്റെ ഭൂപ്രകൃതിയും സുരക്ഷാ ആവശ്യങ്ങളും മുൻനിർത്തി ഉയർന്ന നിലവാരത്തിലാണ് ഹെലിപാഡിന്റെയും അനുബന്ധറോഡുകളുടെയും നിർമാണം പുരോഗമിക്കുന്നത്. ഇന്ത്യൻ നേവിയുടേതുൾപ്പെടെയുള്ള വലിയ ഹെലികോപ്റ്ററുകൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുന്ന വിസ്തൃതിയും ആധുനിക സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ അമ്പലവയൽ ഗ്രാമപ്പഞ്ചായത്താണ് പദ്ധതിയുടെ മേൽനോട്ടവും നടത്തിപ്പും നിർവഹിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളും പ്രതികൂലകാലാവസ്ഥയും കാരണം മലയോരമേഖല ഒറ്റപ്പെട്ടുപോകുന്ന സന്ദർഭങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും ഈ ഹെലിപാഡ് ജീവനാഡിയാകും. ഇതിനുപുറമെ, ജില്ലയിലേക്കുള്ള വി.വി.ഐ.പി. സന്ദർശനങ്ങൾ സുഗമമാക്കുന്നതിനും വയനാടൻ ടൂറിസംമേഖലയെ ലോകഭൂപടത്തിൽ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനും കാരണമാകും. നിർമാണപ്രവൃത്തികളുടെ പുരോഗതി അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ വിലയിരുത്തി. അതിവേഗത്തിൽ പുരോഗമിക്കുന്ന ഹെലിപാഡ് നിർമാണം ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ, ബീന അബു, സിജി എൽദോ, റജിലാ ഷാഫി, എം. ജിൻസി, പി.ടി. ആമിന, കെ.സി. ജിൻസി എന്നിവർ സംഘത്തിലുണ്ടായിരുന്നു.