പനമരം : കൊടുംവരൾച്ച അനുഭവപ്പെടുന്ന കാലത്ത്‌ ശുദ്ധജലവിതരണപദ്ധതിയുടെ പൈപ്പിന് ലീക്കുവന്ന് മാസങ്ങളായി കുടിവെള്ളം പാഴാവുമ്പോഴും അധികൃതർക്ക് നിസ്സംഗത.

To advertise here,

പനമരം പൊതുമരാമത്ത് ഓഫീസ് ചുറ്റുമതിലിനോടുചേർന്ന് പനമരം സി.എച്ച്.സി.ക്ക്‌ മുൻപിലാണ് 10 മാസത്തോളമായി കുടിവെള്ളം പാഴാവുന്നത്. പനമരം സി.എച്ച്.സി.യിൽ എത്തുന്ന രോഗികൾ വാഹനങ്ങൾ പാർക്കു ചെയ്യുന്ന ഇടമാണിത്. ഇവിടമിപ്പോൾ വെള്ളം തളംകെട്ടി നിൽക്കുകയാണ്. വെള്ളം പമ്പുചെയ്യുന്ന സമയങ്ങളിലാണ് കുടിവെള്ളം പാഴാവുന്നത്. ലിറ്ററുകണക്കിന് വെള്ളം വെറുതേ പാഴാവുമ്പോഴും ബന്ധപ്പെട്ടവർ നന്നാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്.

മഴയുടെ കുറവുമൂലം കിണറുകളിലെ ജലലഭ്യത കുറഞ്ഞും കൃഷിയിടങ്ങൾ വറ്റിവരണ്ടും നൂറുകണക്കിന് ആളുകൾ ദുരിതം പേറുമ്പോഴാണ് ഇത്തരത്തിൽ ഒരു പ്രയോജനവുമില്ലാതെ കുടിവെള്ളം റോഡിലൂടെ പരന്നൊഴുകുന്നത്. തന്മൂലം റോഡുതകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.

ഒരിടത്ത് കുടിവെള്ളം പാഴാവുമ്പോൾ ഒരിടത്ത് തുള്ളിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്.

നിസ്സാരമായ പൈപ്പിന്റെ ചോർച്ച മാറ്റാൻപോലും തയ്യാറാവാത്തത് അധികൃതരുടെ ധാർഷ്ട്യമനോഭാവമാണെന്നാണ് നാട്ടുകാർ പറയുന്നത്.