വടുവൻചാൽ : അലർജിയുണ്ടെന്ന് ഡോക്ടറോട് പറഞ്ഞിട്ടും ആന്റിബയോട്ടിക് മരുന്ന് നൽകിയെന്ന് പരാതി. മൂപ്പൈനാട് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരേയാണ് റിപ്പൺ പുതുക്കാട് സ്വദേശി ഇസ്മായിലിന്റെ പരാതി. മരുന്ന് കഴിച്ചതിനുപിന്നാലെ ദേഹമാസകലം പൊള്ളലേറ്റെന്നും തുടർന്ന് സ്വകാര്യ ആശുപത്രിയിലും മാനന്തവാടി മെഡിക്കൽ കോളേജിലും ചികിത്സ തേടേണ്ടിവന്നെന്നും ഇസ്മയിൽ പറയുന്നു.

To advertise here,

പനിക്ക് മരുന്നുവാങ്ങാനാണ് വെള്ളിയാഴ്ച മൂപ്പൈനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയത്. മരുന്നുകുറിച്ചപ്പോൾ ആന്റിബയോട്ടിക് കഴിച്ചാൽ അലർജി ഉണ്ടാകാറുണ്ടെന്ന് ഡോക്ടറോട് പറഞ്ഞിരുന്നു. എന്നാൽ, ആന്റിബയോട്ടിക് മരുന്ന് കഴിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. മരുന്ന് കഴിച്ചതിന് പിന്നാലെ ദേഹമാസകലം പൊള്ളലേറ്റതുപോലെ പാടുകൾവന്നു. ആരോഗ്യനില മോശമായതോടെ ആദ്യം വടുവൻചാലിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തി. അതിനുശേഷമാണ് അൽപ്പം ആശ്വാസമായത്. ആരോഗ്യപ്രശ്നവുമായി വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ തനിക്കുനൽകിയ മരുന്ന് തിരികെ വാങ്ങിയതായും ഇസ്മായിൽ പറഞ്ഞു. ചികിത്സാപ്പിഴവുണ്ടായോ എന്നതുൾപ്പടെ അന്വേഷിക്കണമെന്നാണ് ഇസ്മായിലിന്റെ ആവശ്യം. ആരോഗ്യവകുപ്പിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകുമെന്ന് ഇദ്ദേഹം പറഞ്ഞു. ഇസ്മായിലിന്റെ ചികിത്സാകാര്യങ്ങൾ നടത്തുമെന്ന് മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ പറഞ്ഞു.

മുസ്‌ലിംലീഗ് പ്രതിഷേധിച്ചു

മൂപ്പൈനാട് പ്രാഥമികാരോഗ്യകേന്ദത്തിലെ ചികിത്സാപ്പിഴവിൽ നടപടിസ്വീകരിക്കണമെന്ന് മുസ്‌ലിംലീഗ് മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സി.ടി. ഹുനൈസ്, ആർ. യമുന, സി.വി. സുധ, സി.ടി. ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.