എൻ.ഐ.ടി. ശുപാർശ കൗൺസിൽ അംഗീകരിച്ചു
കോഴിക്കോട് : പാളയം മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റാൻ കൗൺസിൽ തീരുമാനം. വിദഗ്ധപരിശോധനയിൽ കെട്ടിടം അൺഫിറ്റാണെന്നും നിയമാനുസൃതമായി ഘട്ടംഘട്ടമായി പൊളിക്കണമെന്നുമുള്ള എൻ.ഐ.ടി. ശുപാർശയാണ് മേയർ ഒ. സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിച്ചത്.
യു.ഡി.എഫ്. എതിർത്തതോടെ വോട്ടിനിട്ടാണ് അജൻഡ പാസാക്കിയത്. എൽ.ഡി.എഫും ബി.ജെ.പി.യും അജൻഡയെ അനുകൂലിച്ചു. കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തുന്നത് ശുപാർശചെയ്യാനാവില്ലെന്നും കോംപ്ലക്‌സിലെ എല്ലാ കെട്ടിടങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും എൻ.ഐ.ടി. ശുപാർശചെയ്തിട്ടുണ്ട്.
റിപ്പോർട്ടിൽ സംശയമുന്നയിച്ച് യു.ഡി.എഫ്. അംഗങ്ങൾ എതിർത്തു. എൻ.ഐ.ടി. പരിശോധിക്കുന്നുണ്ട്. അതിൽ റിപ്പോർട്ട് വന്ന മറ്റുള്ളവ യു.ഡി.എഫ്. സംശയിക്കുന്നുണ്ടോയെന്ന് മേയർ ചോദിച്ചു. അങ്ങനെയെങ്കിൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ അജൻഡയും വോട്ടിനിടണമെന്ന് ബി.ജെ.പി. അംഗങ്ങൾ പറഞ്ഞു. സ്റ്റേഡിയം കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തണമെന്ന അജൻഡയും കൗൺസിലിൽ വന്നിരുന്നു. പാളയത്ത് മാത്രമാണ് എതിർപ്പെന്ന് യു.ഡി.എഫ്. വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷൻ
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. ബി.ജെ.പി. എതിർത്തു. യു.ഡി.എഫിലെ എസ്.കെ. അബൂബക്കറാണ് അടിയന്തരപ്രമേയം കൊണ്ടുവന്നത്. രാജ്യത്തുടനീളം ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ടുവെട്ടിയ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും മോദിസർക്കാരിനെ താഴെയിറക്കണമെന്നും യു.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു.
ജനാധിപത്യം അപകടപ്പെടുത്തുന്ന നടപടിയാണെന്നും പ്രമേയം അവതരിപ്പിച്ച യു.ഡി.എഫ്. എസ്.ഐ.ആറിന്റെ ആനുകൂല്യം പറ്റിയവരാണെന്നും എൽ.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നതയുണ്ടെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ മാധ്യമസൃഷ്ടിയാണെന്ന് ബി.ജെ.പി. കൗൺസിലർമാർ ആരോപിച്ചു. കക്ഷിരാഷ്ട്രീയമായി വിഷയത്തെ കാണേണ്ടെന്നും ഡൽഹിയിൽ ജനാധിപത്യസമരം നടത്തുന്നവരെ രാജ്യവിരുദ്ധശക്തികളായി മുദ്രകുത്തുകയാണെന്നും സമൂഹം ഏറ്റെടുക്കേണ്ടകാര്യമാണെന്നും മേയർ വ്യക്തമാക്കി. വി.പി. മനോജ്, കെ. രാജീവ്, സഫറി വെള്ളയിൽ, വി.പി. സലീം, നമ്പിടി നാരായണൻ, ടി. രനീഷ് തുടങ്ങിയവർ ചർച്ചയുടെ ഭാഗമായി.
ഡൽഹിയിൽ പ്രതിപക്ഷ എം.പി.മാർക്കെതിരെയുണ്ടായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരിദിനം ആചരിക്കുന്നതിനാൽ കറുത്ത ബാഡ്ജ് അണിഞ്ഞാണ് കോൺഗ്രസ് കൗൺസിലർമാർ എത്തിയത്. ലീഗിൽനിന്നുള്ള ചിലരും ബാഡ്ജ് അണിഞ്ഞു. കൗൺസിൽ യോഗം കഴിഞ്ഞശേഷം കോർപ്പറേഷനിൽ യു.ഡി.എഫ്. അംഗങ്ങൾ പ്രകടനം നടത്തി.
രാഷ്ട്രീയപ്പോര്; പ്രമേയം പിൻവലിച്ചു
സാമൂഹികസുരക്ഷാപെൻഷൻ വീടുകളിൽ നേരിട്ട് വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് ടി.എസ്. ഷിംജിത്ത് അവതരിപ്പിച്ച പ്രമേയത്തിൽ രാഷ്ട്രീയപ്പോര്. കിടപ്പുരോഗികളായവർക്കുൾപ്പെടെ വീട്ടിൽ പെൻഷൻ കിട്ടുമെന്നിരിക്കെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന വാദമുന്നയിച്ചാണ് യു.ഡി.എഫ്. എതിർത്തത്. ചർച്ചകൾക്കൊടുവിൽ പ്രമേയം പിൻവലിച്ചു.
വെള്ളപ്പൊക്കമുണ്ടായി രണ്ടുമാസമായിട്ടും അടിയന്തര നഷ്ടപരിഹാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പി. ബിജുലാൽ പ്രമേയം അവതരിപ്പിച്ചു. ബി.ജെ.പി. അനുകൂലിച്ചു. നഷ്ടപരിഹാരം നൽകിത്തുടങ്ങിയെന്നുകാട്ടി യു.ഡി.എഫ്. എതിർത്തു. വെള്ളിമാടുകുന്നിൽ എല്ലാ സൗകര്യവുമുള്ള ബസ് സ്റ്റാൻഡ് വേണമെന്ന് സ്വപ്നാ മനോജ് പ്രമേയം കൊണ്ടുവന്നു.
തെരുവുനായ ആക്രമണം: 27.83 ലക്ഷം നഷ്ടപരിഹാരം
തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ 32 പേർക്ക് 27,82,500 രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. 2014 മുതൽ 2021 വരെയുള്ള 32 കേസുകളിൽ നഷ്ടപരിഹാരം നൽകാനാണ് ലീഗൽ സർവീസ് അതോറിറ്റി ഉത്തരവ്. 12,01,500 രൂപയാണ് കൂടിയ നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളത്. കുറവ് 5000 രൂപയും.
കോർപ്പറേഷൻ പരിധിയിൽ അല്ലാത്തവരും ഇതിലുണ്ട്. െതരുവുനായ സംരക്ഷണത്തിനുള്ള താത്പര്യപത്രത്തിന്റെ കരടിനും അംഗീകാരമായി.
Published: 09 Oct 2026, 03:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented