ഓർക്കാട്ടേരി : ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻതീപ്പിടിത്തം. ടൗണിലെ പ്രധാന ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപമുള്ള മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. കെട്ടിടത്തിൽനിന്ന്‌ പുക ഉയരുന്നതാണ്‌ ആദ്യംകണ്ടത്. അല്പസമയത്തിനുള്ളിൽ തീപടർന്നു. കെട്ടിടത്തിലെ സ്ഥാപനങ്ങളെല്ലാം പൂട്ടിയതിനാൽ ആളപായമൊന്നുമില്ല. ഷോട് സർക്കിറ്റാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഒന്നരമണിക്കൂറിനു ശേഷം പത്തുമണിയോടെയാണ് തീപടരാതെ തടയാനായത്.

To advertise here,

ഏറാമല ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ, ഇവ ബ്രൈഡ് ഫാൻസി സ്റ്റോർ, ടോയ് മാൾ, കോട്ടക്കൽ ആര്യവൈദ്യശാല, ഫ്രൂട്ട്‌സ് സ്റ്റാൾ തുടങ്ങി ഏഴു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിലെ ഏതാണ്ടെല്ലാ സ്ഥാപനങ്ങളിലും തീ നാശംവിതച്ചു. ആദ്യം വടകരയിൽനിന്ന് രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാൻ തുടങ്ങിയെങ്കിലും പെട്ടെന്നുതന്നെ വെള്ളംതീർന്നു. ഇതോടെ കളിയാംവെള്ളി കനാലിൽ പോയി വീണ്ടും വെള്ളം നിറയ്ക്കേണ്ടിവന്നു. അപ്പോഴെല്ലാം തീ കത്തുന്നുണ്ടായിരുന്നു. പിന്നീട് പാനൂർ, ചേലക്കാട് ഫയർ സ്റ്റേഷനുകളിൽനിന്ന് രണ്ട് യൂണിറ്റുകൂടി സേനയെത്തി തീയണയ്ക്കാൻ തുടങ്ങി. അഗ്നിരക്ഷാസേന എത്താൻ താമസിച്ചത് തീ പടരാൻ ഇടയാക്കിയെന്ന ആക്ഷേപമുണ്ട്. ഓർക്കാട്ടേരി സ്വദേശി എരോത്ത് യൂനസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്.