വെള്ളമുണ്ട : വെള്ളമുണ്ട എട്ടേനാൽ അങ്ങാടിയിൽ ബസ് കാത്തിരിപ്പുകേന്ദ്രം തുറന്നു. മഴയെത്തും വെയിലത്തും ഇരിപ്പിടങ്ങളും നിൽക്കാനൊരു ഇടവുമില്ലാത്ത പഞ്ചായത്ത് ആസ്ഥാനമായ അങ്ങാടിയിൽ യാത്രക്കാരെല്ലാം ദുരിതമനുഭവിക്കുകയായിരുന്നു. കടവരാന്തയിലും മറ്റുമായാണ് യാത്രക്കാരെല്ലാം ബസ് കാത്തിരുന്നത്.

To advertise here,

ഗ്രാമപ്പഞ്ചായത്തും ഗ്രാമീണ ബാങ്ക് വെള്ളമുണ്ട ശാഖയും കൈകോർത്താണ് ഇപ്പോൾ താത്കാലിക സംവിധാനമായി ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. എട്ടേനാലിൽ ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലം ലഭ്യമല്ല തുടങ്ങിയ കാര്യങ്ങൾ നിരത്തിയാണ് ഇതുവരെയും ബസ് സ്റ്റാൻഡ് നിർമാണം നീണ്ടുപോകുന്നത്. എട്ടേനാല് അങ്ങാടിയിലെ ഗ്രാമപ്പഞ്ചായത്ത് ഓഫീസടക്കം പ്രവർത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുമാറ്റി ഇവിടെ ബസ് സ്റ്റാൻഡ് നിർമിക്കാനായിരുന്നു മുൻ ഭരണസമിതിയുടെ തീരുമാനം. ഗ്രാമപ്പഞ്ചായത്തിനായി അതിനോട് ചേർന്ന സ്ഥലം ഏറ്റെടുക്കുകയും ഓഫീസ് നിർമാണം പുരോഗമിക്കുകയും ചെയ്യുകയാണ്.

എത്രയുംവേഗം ഈ കെട്ടിടനിർമാണം പൂർത്തിയാക്കി കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്. ശൗചാലയ സൗകര്യമടക്കമുള്ള ബസ് സ്റ്റാൻഡ് ഇവിടെ ഉയരണം. ബസ് കാത്തിരിപ്പുകേന്ദ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കമർലൈല ഉദ്ഘാടനംചെയ്തു.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക, സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സലാം, വാർഡ് മെമ്പർമാരായ റംല മുഹമ്മദ്, എം.പി. സുരേഷ്, എം.പി. സുധാകരൻ, കേരള ഗ്രാമീണ ബാങ്ക് ചീഫ് മാനേജർ വി. വിപിൻ, വെള്ളമുണ്ട ശാഖ മാനേജർ കെ. ശ്രീനാഥ്, അസിസ്റ്റന്റ് മാനേജർ കെ. ശരത് തുടങ്ങിയവർ സംസാരിച്ചു.