നവീകരണം വർഷങ്ങളുടെ കാത്തിരിപ്പി​നൊടുവിൽ

To advertise here,

പന്തീരാങ്കാവ് : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന പന്തീരാങ്കാവ് മത്സ്യമാർക്കറ്റ് ഭൂമിയിൽ പുതിയപദ്ധതിയുമായി ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത്. ഭൂമി സർവേ ചെയ്യാനുള്ള നടപടിയാണ് തുടങ്ങിയത്. 2026-27 വർഷത്തെ പദ്ധതിയിൽ രണ്ടുനിലയിൽ പന്തീരാങ്കാവ് സംഭരണ വിതരണകേന്ദ്രം നിർമിക്കാൻ 82 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

സർവേ പൂർത്തിയാക്കി കെട്ടിടത്തിന്റെ ഡിസൈനിങ് ഉൾപ്പെടെ പൂർത്തിയാക്കിയതിനുശേഷം ടെൻഡർ നടപടികളിലേക്ക് നീങ്ങും.

പുതിയപദ്ധതി ആവിഷ്കരിച്ചതോടെ പന്തീരാങ്കാവ് പൊതു മത്സ്യമാർക്കറ്റ് പൂർണമായും ഇല്ലാതാകും.

ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിന്റെ അനാസ്ഥയിൽ, ശോച്യാവസ്ഥയിൽ കിടന്നിരുന്ന മാർക്കറ്റിനു പരിഹാരംകാണണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പത്തു വർഷത്തിലേറെ പഴക്കമുണ്ട്.

അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാത്ത മാർക്കറ്റിൽനിന്ന്‌ മത്സ്യവിൽപ്പനക്കാർ പന്തീരാങ്കാവ് അങ്ങാടിയിലെ സ്വന്തംകെട്ടിടത്തിലേക്ക് വിൽപ്പന മാറ്റിയിട്ടും വർഷങ്ങളായി. മലിനജലം മാറ്റുന്നതിനും മഴവെള്ളം ഒഴുകിപ്പോകുന്നതിനുപോലും സംവിധാനമില്ലാത്ത സാഹചര്യമായിരുന്നു. മാർക്കറ്റിൽ ഒരു ചിക്കൻ സ്റ്റാൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മത്സ്യവിൽപ്പന പൂർണമായും അങ്ങാടിയിലാണ്. തിരക്കേറിയ പന്തീരാങ്കാവ് റോഡി​െൻറ പലഭാഗങ്ങളിലുമായി വാഹനങ്ങളിലും അല്ലാതെയും മത്സ്യവിൽപ്പന നടക്കുന്നുണ്ട്.

2009-10 ലാണ് പന്തീരാങ്കാവിലെ 24 സെന്റ് ഭൂമിയിൽ ഒളവണ്ണ ഗ്രാമപ്പഞ്ചായത്തും സംസ്ഥാന ശുചിത്വമിഷനും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് മത്സ്യമാർക്കറ്റും എക്കോ സാൻ ബയോഗ്യാസ് പ്ലാൻറും കംഫർട്ട് സ്റ്റേഷനും നിർമിക്കുന്നത്. അന്നുമുതൽ തുടങ്ങിയതാണ് മത്സ്യമാർക്കറ്റിലെ പ്രശ്നങ്ങൾ.

തുടക്കത്തിലേ പ്രവർത്തനരഹിതം

പ്രതിദിനം 400 കിലോഗ്രാം ജൈവ മാലിന്യ സംസ്കരണശേഷിയിൽ 10 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ബയോഗ്യാസ് പ്ലാൻറ്‌ ചോർച്ചകാരണം തുടക്കം മുതലേ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ചോർച്ചയടയ്ക്കാൻ മൂന്നുതവണ നടത്തിയ ശ്രമവും വിജയം കണ്ടില്ല. ഒരുദിവസംപോലും ഉപയോഗിക്കാത്ത പ്ലാൻറ്‌ പിന്നീട് ലക്ഷങ്ങൾ ചെലവഴിച്ച് മാറ്റിസ്ഥാപിച്ചെങ്കിലും ഏതാനും മാസങ്ങൾ മാത്രമാണ് കുറഞ്ഞ അളവിൽ മാത്രം മാലിന്യസംസ്കരണം നടന്നത്. വീണ്ടും ടാങ്ക് പൊട്ടി മാലിന്യം ഒലിച്ചിറങ്ങിയതോടെ പന്തീരാങ്കാവ് അങ്ങാടിയിലും സമീപപ്രദേശങ്ങളിലും മൂക്കു പൊത്താതെ നടക്കാനാവാത്ത അവസ്ഥയിലായി. മാർക്കറ്റിനുള്ളിൽ പൊതു ജനങ്ങൾക്കായി നിർമിച്ച രണ്ടു കംഫർട്ട് സ്റ്റേഷനും ഇതുവരെ തുറന്നുകൊടുക്കാതെ അടഞ്ഞുകിടക്കുകയാണ്.

പുതിയപദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ടുവന്നതോടെ തിരക്കേറിയ അങ്ങാടിയിൽ മത്സ്യവിൽപ്പന പലയിടങ്ങളിലായി തുടരുന്ന അവസ്ഥയാകും.

ആസൂത്രണം പാളി

2010 ഏപ്രിൽ 22-ന് അന്നത്തെ വ്യവസായമന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തെങ്കിലും ആറുമാസത്തിലേറെ മാർക്കറ്റ് അടഞ്ഞുകിടന്നു. പിന്നീട് മത്സ്യമാർക്കറ്റ് ലേലംചെയ്തു. എന്നാൽ അങ്ങാടിക്ക് പുറംതിരിഞ്ഞ് നിൽക്കുന്ന മാർക്കറ്റിലേക്ക് ആളുകൾക്ക് വരാനും കച്ചവടക്കാർക്ക് വിൽപ്പന നടത്താനും പ്രയാസംനേരിട്ടു. ഇതോടെ മാർക്കറ്റിനുള്ളിൽത്തന്നെ കവാടത്തിനുസമീപമായി മത്സ്യ വിൽപ്പന. മഴവെള്ളം ഒഴുകിപ്പോകാൻപോലും സൗകര്യമില്ലാതെ കെട്ടിനിന്നതോടെ മാർക്കറ്റ് മാലിന്യകേന്ദ്രമായി മാറി.