കൊടുവള്ളി : കൊടുവള്ളി നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ യോഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം. പി.കെ. ഫിറോസ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്താണ് അവലോകനയോഗം ചേർന്നത്.
മലയോര ഹൈവേയുടെ നിർമാണം പൂർത്തിയായതായി യോഗം വിലയിരുത്തി. കൂടത്തായി -ആർ.ഇ.സി. റോഡിലെ അവസാനഘട്ട ബി.സി. പ്രവൃത്തികൾ, റോഡ് മാർക്കിങ്, സുരക്ഷാ സംവിധാനങ്ങൾ എന്നിവ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകി. പരപ്പൻപൊയിൽ–കാരക്കുന്നത്ത് റോഡിന്റെ നിർമാണം വേഗത്തിലാക്കി മാർച്ച് 31-നകം പൂർത്തിയാക്കാനും പദ്ധതിക്കായി നാല് കോടിരൂപ അധികമായി അനുവദിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.
3.4 കോടിരൂപ ചെലവിൽ നിർമിക്കുന്ന താമരശ്ശേരി ഗവ. എച്ച്.എസ്.എസ്. കെട്ടിടത്തിന്റെ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി അനുവദിച്ച 99 ലക്ഷം രൂപയുടെ പ്രവൃത്തികൂടി സംയോജിപ്പിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ കിലയ്ക്ക് നിർദേശം നൽകി.
കൊടുവള്ളി സി.എച്ച്.എം.കെ.എം.ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലൈബ്രറി -അക്കാദമിക് ബ്ലോക്ക്, കൊടുവള്ളി -മാവൂർ -എൻ.ഐ.ടി. റോഡ്, താമരശ്ശേരി ചുങ്കം ലിങ്ക് റോഡ് തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. കോളേജ് ലൈബ്രറി ബ്ലോക്കിന് കരാറുകാരനെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും സ്ഥലത്തിന്റെ അന്തിമ സ്ഥിരീകരണ നടപടികൾ പുരോഗമിക്കുകയാണ്. കൊടുവള്ളി-മാവൂർ -എൻ.ഐ.ടി. റോഡ്, താമരശ്ശേരി -ചുങ്കം ലിങ്ക് റോഡ് എന്നിവയുടെ ഭൂമിേയറ്റെടുക്കൽ നടപടികളും പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.
കൊടുവള്ളി ജങ്ഷൻ വികസനപദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കി സർക്കാറിന് സമർപ്പിക്കാൻ ആർ.ബി.ഡി.സി.കെ.യ്ക്ക് നിർദേശം നൽകി.
കിഫ്ബി അഡീഷണൽ സി.ഇ.ഒ. മിനി ആന്റണി, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ, ജനറൽ മാനേജർ കെ.എസ്. അജയകുമാർ, സ്റ്റേറ്റ് പ്രോജക്ട് മാനേജർ ടി. രാജീവൻ എന്നിവരും കെ.ആർ.എഫ്.ബി., കിറ്റ്കോ, കില, ആർ.ബി.ഡി.സി.കെ. ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Published: 09 Oct 2026, 03:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented