വീടിന്റെ മേൽക്കൂരയുടെ ഷീറ്റുകൾ പറന്നു

To advertise here,

മാനന്തവാടി : ചൊവ്വാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും ചൂട്ടക്കടവ് പരിയാരംകുന്നിൽ വ്യാപകനാശം. വീശിയടിച്ച ശക്തമായ കാറ്റിൽ ചരലിൽ പറമ്പിൽ ശ്രീകുമാറിന്റെ വീടിന്റെ മേൽക്കൂരയിൽ പാകിയിരുന്ന ഷീറ്റുകൾ കാറ്റിൽ പറന്ന് 50 മീറ്റർ അകലെയുള്ള റബ്ബർതോട്ടത്തിൽ പതിച്ചു. രണ്ട് ഷീറ്റുകളാണ് കാറ്റിൽ പാറിപ്പോയത്. ശ്രീകുമാറിന്റെ ഭാര്യ ഗിരിജ, അമ്മ ലക്ഷ്മിക്കുട്ടി എന്നിവർ വീട്ടിലുണ്ടായിരുന്നെങ്കിലും വലിയ അപകടമൊന്നുമുണ്ടായില്ല. സമീപത്തെ കടമ്പനാട്ട് നിർമലയുടെ വീടിന്റെ മുകളിൽ ഇരുമ്പിൽ നിർമിച്ച സ്ക്വയർ പൈപ്പ് പൊട്ടി. ഷാനാ ശ്രീനിയുടെ വീടിന് സമീപത്തെ തെങ്ങ് കടപുഴകി വൈദ്യുതപോസ്റ്റ് തകർന്ന് ലൈൻ പൊട്ടിവീണു. പുളിക്കൽ ലക്ഷ്മിയുടെ വീടിനുമുന്നിലെ പ്ലാവും കവുങ്ങും പൊട്ടിവീണ് വീടിന്റെ മേൽക്കൂരയിൽ ഷീറ്റ് തകർന്നു. ലക്ഷ്മിയും ഭർത്താവും ഈ സമയം വീട്ടിലുണ്ടായിരുന്നു.

ഉഷാ മോഹന്റെ വീട്ടിലെ മാവും സുരേഷ് ബാബുവിന്റെ വീട്ടുമുറ്റത്തെ പ്ലാവും പൊട്ടി വീടിന്റെ മേൽക്കൂരയിലേക്ക് പതിച്ചു. ചൂട്ടക്കടവ് റോഡിലെ റോസ് വുഡ് ഗാർഡനിലെ മരം പൊട്ടിവീണ് ഓഫീസിന്റെ ഷീറ്റുകൾ തകർന്നു, കനത്തകാറ്റിൽ ചെടികളും നശിച്ചിട്ടുണ്ട്. വലിയ ശബ്ദംകേട്ടതോടെ നഴ്സറിയിലുണ്ടായിരുന്ന രണ്ട് വനിതാ ജീവനക്കാർ ഓടിരക്ഷപ്പെടുകയായിരുന്നു.

കെ.എസ്.ഇ.ബി. ജീവനക്കാരുടെ ഭാഗത്തുനിന്ന്‌ അനാസ്ഥയുണ്ടായതായി ആരോപണമുണ്ടായിട്ടുണ്ട്. കുട്ടികൾ സ്കൂൾ വിട്ടുവരുന്ന സമയത്താണ് വൈദ്യുതലൈൻ പൊട്ടിവീണത്. വിവരമറിയിച്ചിട്ടും ജീവനക്കാർ ആരും ഇവിടേക്ക് എത്തിയില്ലെന്നാണ് പരാതി. സുരക്ഷ മുൻനിർത്തി പ്രദേശവാസികൾ ഫ്യൂസുകൾ ഊരിമാറ്റുകയായിരുന്നു. വിവരമറിഞ്ഞ് രാത്രി എട്ടോടെ സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി. എക്സിക്യുട്ടീവ് എൻജിനിയർ ഉഷാ ഉപേന്ദ്രനാഥ് പറഞ്ഞതുപ്രകാരമാണ് വൈദ്യുതലൈനുകളിലെ അപകടം ഒഴിവാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. വലിയ നാശനഷ്ടങ്ങളുണ്ടായെങ്കിലും ആർക്കും പരിക്കൊന്നുമുണ്ടായില്ലെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.