പനമരം : മൂന്നുവർഷം പിന്നിട്ടിട്ടും തുള്ളിവെള്ളം പോലുമെത്താതെ പനമരം പുഞ്ചവയൽ പാടശേഖരത്തിലെ ജലസേചനപദ്ധതി. ദുരിതത്തിലായ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലായിട്ടും അധികൃതർ അനാസ്ഥ തുടരുന്നതിൽ പ്രതിഷേധം ശക്തമാവുന്നു.
പുഞ്ചവയൽ പാടശേഖരസമിതിയിൽപ്പെട്ട ആയിരം ഏക്കറോളം വരുന്ന നെൽപ്പാടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായി മൂന്നുവർഷം മുൻപാണ് കൃഷിവകുപ്പ് ജലസേചനപദ്ധതിക്ക് തുടക്കംകുറിച്ചത്.
പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങളിലേക്ക് പൈപ്പുകൾ ഇടുകയും ടാപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും തുള്ളിവെള്ളംപോലും ഇതുവരെയും കൃഷിയിടങ്ങളിലേക്ക് ഒഴുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
പനമരത്തെ കബനി നദിയോരത്തുള്ള സ്വകാര്യവ്യക്തിയുടെ പമ്പ് ഹൗസിൽ മോട്ടോർ സ്ഥാപിച്ച് കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പുചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പമ്പ് ഹൗസ് ഇതിനായി ഉടമസ്ഥൻ കൈമാറുകയുംചെയ്തു.
പദ്ധതിക്കായി കോടികൾ വകയിരുത്തിയതായും കർഷകനായ പുനത്തിൽ ജാഫർ പറയുന്നു. എന്നാൽ, മോട്ടോർ ഒരുക്കി വെള്ളത്തിന്റെ പമ്പിങ് നാളിതുവരെയായിട്ടും നടന്നില്ല. പദ്ധതി ഇനിയും യാഥാർഥ്യമാവാതെ കിടക്കുന്നത് കർഷകർക്ക് വലിയ തിരിച്ചടിയായിമാറുകയാണ്. ഇപ്പോൾ പൈപ്പുകളും ടാപ്പുകളും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയുമാണ്. മാറിയ കാലാവസ്ഥയും മഴയുടെ കുറവുംമൂലം ഇവിടങ്ങളിലെ നെൽപ്പാടങ്ങളെല്ലാം വറ്റിവരണ്ടും വിണ്ടുകീറിയും കിടക്കുകയാണ്.
നഞ്ചക്കൃഷി ഭൂരിഭാഗവും മഞ്ഞളിപ്പ് ബാധിച്ച് നാശത്തിന്റെ വക്കിലും എത്തിയിരിക്കുകയാണ്. വായ്പയെടുത്തും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയുമാണ് ഇവിടത്തെ കർഷകർ കൃഷിയിറക്കിയിരിക്കുന്നത്. മഴയില്ലാത്തതും വെള്ളമെത്തിക്കാൻ നിർവാഹവുമില്ലാത്തതിനാൽ പലരും ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നാണ് ഇവർ പറയുന്നത്. ആവശ്യത്തിന് വെള്ളം കബനിയിലൂടെ ഒഴുകുമ്പോഴും അധികൃതരുടെ അനാസ്ഥ ഒട്ടേറെ കർഷകരെയാണ് ദുരിതത്തിലേക്ക് തള്ളിവിടുന്നത്.
Published: 07 Oct 2026, 03:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented