പനമരം: കായികപ്രേമികളും കളിക്കാരും ഏറെയുള്ള നാടാണ് പനമരം. ഒട്ടേറെ കായികപ്രതിഭകൾ ഉയർന്നുവന്ന പനമരത്ത് അതിനൊത്തൊരു സൗകര്യം കാലങ്ങളായിട്ടും ഉണ്ടായിട്ടില്ല. കായികതാരങ്ങൾക്ക് പരിശീലിക്കാനുള്ള മെച്ചപ്പെട്ട കളിസ്ഥലവും സ്റ്റേഡിയങ്ങളും ഇപ്പോഴും കടലാസിൽമാത്രം ഒതുങ്ങിനിൽക്കുകയാണ്. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിൻറൺ, വോളിബോൾ, സൈക്ലിങ് തുടങ്ങി കായികമേഖലയിൽ പതിറ്റാണ്ടുകൾക്കു മുൻപു തന്നെ ജില്ലാ ടീമുകളിൽവരെ ഇടംനേടിയ ഒരുപാട് പ്രതിഭകൾ പനമരത്തിന് സ്വന്തമായുണ്ട്. ടൂർണമെൻറുകളാലും കായികമത്സരങ്ങളാലും സമ്പന്നമായ ഒരു കാലം ഇവിടുത്തുകാർക്ക് ഉണ്ടായിരുന്നു. ജില്ലയിലെ വിവിധഭാഗങ്ങളിൽ കായികമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയവരും ഉണ്ട്. അടുത്തകാലത്തായി നെറ്റ്ബോൾ, ഹാൻഡ് ബോൾ, സൈക്കിൾ പോളോ, സോഫ്റ്റ് ബോൾ, ബേസ് ബോൾ, വുഷു തുടങ്ങിയ വിഭാഗങ്ങളിൽ പുതുതലമുറയും പനമരത്തെ അടയാളപ്പെടുത്തുകയുണ്ടായി. ദേശീയടീമിൽവരെ ഇടംനേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷത്തെ ജി.വി. രാജ പുരസ്കാരം പനമരം കരിമ്പുമ്മൽ സ്വദേശിയായ അമൽ ജീവൻ എന്ന വിദ്യാർഥി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അമൽ ഇപ്പോൾ നെറ്റ് ബോളിൽ ഇന്ത്യൻ ക്യാമ്പിൽ തുടരുകയാണ്.
എന്നാൽ, വളർന്നുവരുന്ന കായികതാരങ്ങൾക്ക് അതിനുള്ള പ്രോത്സാഹനം കിട്ടുന്നില്ലെന്നതാണു വാസ്തവം. പലരും സാമ്പത്തികപ്രയാസത്താൽ കായികമേഖലയിലേക്ക് ഇറങ്ങാൻപോലും മടിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ചിലപ്പോഴൊക്കെ നാട്ടുകാർ പിരിവെടുത്താണ് പല താരങ്ങളെയും കായികമത്സരങ്ങൾക്കായി പറഞ്ഞയക്കുന്നത്. അതിനാൽ ഇത്തരം കായികതാരങ്ങൾക്ക് അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള സംവിധാനങ്ങൾ ഇവിടത്തെ ഭരണകൂടങ്ങൾ ഒരുക്കിക്കൊടുക്കേണ്ടതുണ്ട്.
പനമരത്തെ പഞ്ചായത്ത് സ്റ്റേഡിയത്തിന് നവീകരണമില്ല
വർഷങ്ങൾക്കു മുൻപ് പനമരം കരിമ്പുമ്മലിൽ സ്ഥാപിതമായതാണ് പഞ്ചായത്ത് സ്റ്റേഡിയം. എന്നാൽ കായികപ്രേമികളെ നിരാശരാക്കുകയാണ് ഈ സ്റ്റേഡിയം. സ്റ്റേഡിയത്തിൽ ഇപ്പോൾ പുല്ലുകൾവളർന്ന് ഗ്രൗണ്ട് തിരിച്ചറിയാത്ത രീതിയിൽ ആയിരിക്കുകയാണ്. ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുമുണ്ട്. കളിക്കളം ആണെങ്കിൽ ചെറിയ മഴപെയ്താൽ പോലും ചെളിക്കുളമായി മാറും. ഗ്രൗണ്ടിനുചുറ്റും കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈനുകൾ ഇറക്കിയിട്ടിരിക്കുകയാണ്. ഒരു ഭാഗത്ത് മണലും കൊണ്ടിട്ടിട്ടുണ്ട്. ഒരു മൂലയിലായി സ്റ്റേഡിയത്തിന്റെ വിസ്തൃതി കുറയ്ക്കുന്ന രീതിയിൽ പാർക്കും തൊട്ടരികിൽ യാതൊരു പ്രയോജനവുമില്ലാതെ ഇൻഡോർ സ്റ്റേഡിയവും ഒരുക്കിയിരിക്കുകയാണ്. ഇതോടെ പനമരത്തെ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ വിസ്താരം കുറഞ്ഞതിനോടൊപ്പം കായികതാരങ്ങൾക്ക് പരിശീലിക്കാനും മത്സരങ്ങൾ സംഘടിപ്പിക്കാനും വലിയ പ്രതിസന്ധി നേരിടുകയാണ്. പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തുന്ന കായികതാരങ്ങൾക്കും കായികപ്രേമികൾക്കും പവലിയൻ ഇല്ലാത്തതിനാൽ മഴയും വെയിലുംകൊണ്ട് കളികാണേണ്ട ഗതികേടിലുമാണ്.
നാലു പതിറ്റാണ്ടു മുൻപ് നിർമിച്ച കരിമ്പുമ്മൽ സ്റ്റേഡിയം
കണിയാമ്പറ്റ മുതൽ പനമരംവരെയുള്ളവർക്കും സമീപവാസികൾക്കും കായികപരിശീലനം നേടാനുള്ള ഏക ആശ്രയമായ ഗ്രൗണ്ടാണ്.
ജില്ലയിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗ്രൗണ്ട് നവീകരിച്ചാൽ ഒട്ടേറെ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കാൻ ഉതകുന്ന സ്റ്റേഡിയം കൂടിയാണിത്.
കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടിനിടയിൽ സ്റ്റേഡിയം നവീകരണത്തിനായി ബജറ്റിൽ ലക്ഷങ്ങൾ വകയിരുത്താറുണ്ടെങ്കിലും ഇവയൊന്നും പ്രാവർത്തികമാകുന്നില്ലെന്നാണ് കായികപ്രേമികൾ പറയുന്നത്.
പനമരം സ്കൂൾ ഗ്രൗണ്ടിലും നവീകരണം വേണം
വയനാട് ജില്ലയിലെ ഏറ്റവുംമികച്ച ഗ്രൗണ്ടുകളിൽ ഒന്നാണ് പനമരം ഹയർസെക്കൻഡറി സ്കൂളിന് മുൻപിലെ ഗ്രൗണ്ട്. 110 മീറ്റർ നീളവും 65 മീറ്റർ വീതിയുമുണ്ടിതിന്. എന്നാൽ ഗ്രൗണ്ടിനു ചുറ്റും ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതിനാൽ ചെറിയ മഴപെയ്താൽപ്പോലും ഗ്രൗണ്ടിൽ വെള്ളം എത്തും.
അതിനാൽ ഈ സമയത്ത് ഒരു മത്സരവും ഇവിടെ നടത്താൻ സാധ്യമല്ല. പനമരം സ്കൂളിലെ ഗ്രൗണ്ടിലാണ് നെറ്റ്ബോൾ, ഹാൻഡ് ബോൾ, സൈക്കിൾ പോളോ, സോഫ്റ്റ് ബോൾ, ബേസ് ബോൾ പരിശീലനങ്ങൾ കുട്ടികൾ നടത്തുന്നത്.
ഒപ്പം കരിമ്പുമ്മൽ ഗ്രൗണ്ടിന്റെ ശോച്യാവസ്ഥകാരണം മറ്റു കായികതാരങ്ങളും മത്സരങ്ങൾ ഇവിടെയാണ് സംഘടിപ്പിക്കാറ്. ഈ ഗ്രൗണ്ട് കൂടി നവീകരിക്കുകയും പനമരത്തെ പഞ്ചായത്ത് സ്റ്റേഡിയംകൂടി ഇതോടൊപ്പം ഉപകാരപ്പെടുത്തുകയാണെങ്കിൽ എത്രവലിയ മത്സരവും പനമരത്ത് സാധ്യമാണ്. ജില്ലയുടെ ഏതു ഭാഗത്തുനിന്നും കായികതാരങ്ങൾക്ക് എളുപ്പത്തിൽ ഇവിടേക്ക് എത്താനും സാധിക്കും. ഇത് കായികതാരങ്ങൾക്ക് വലിയ ആശ്വാസവുമാവും. സർക്കാർ സംവിധാനത്തിലുള്ള ഗ്രൗണ്ടുകളുടെ ശോച്യാവസ്ഥമൂലം ഇപ്പോൾ ഭീമമായ തുക നൽകി സ്വകാര്യ ടർഫുകളെയാണ് കായികതാരങ്ങൾ ആശ്രയിക്കുന്നത്. ഇത് സാമ്പത്തികശേഷി കുറവുള്ള താരങ്ങളെ പ്രയാസത്തിലാക്കുന്നുമുണ്ട്. അതിനാൽ സർക്കാർസംവിധാനത്തിലെ ഗ്രൗണ്ടുകൾ നവീകരിക്കേണ്ടത് അനിവാര്യമാണ്.(തുടരും)
Published: 07 Sept 2026, 02:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented