മാനന്തവാടി : മാനന്തവാടി നഗരത്തിലെ വൺവേ സംവിധാനം രാത്രി ഒരുമണിക്കൂർ ദീർഘിപ്പിക്കാൻ തീരുമാനം. നഗരസഭാ ഓഫീസ് ഹാളിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി യോഗത്തിലാണ് വൺവേ സംവിധാനം സെപ്റ്റംബർ 10 മുതൽ രാത്രി ഒൻപതുവരെയാക്കാൻ തീരുമാനിച്ചത്. നിലവിൽ രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെയാണ് നഗരത്തിലെ വൺവേ സംവിധാനം.
മാനന്തവാടിയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ‘മാതൃഭൂമി’ നിരന്തരം വാർത്തയാക്കിയിരുന്നു. അടുത്തിടെയായി രാത്രിയിൽ നഗരത്തിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. വൺവേ നിയന്ത്രണം രാത്രി എട്ടിനു അവസാനിക്കുന്നതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. ഇതുമൂലം ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിലകപ്പെടുന്നതും പതിവായിരുന്നു. പുതിയ വൺവേ സംവിധാനം നടപ്പാക്കാൻ നഗരസഭാ അധികൃതർ പോലീസിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ലബ്ബുകുന്ന്റോഡിൽ വൺവേ സംവിധാനമൊരുക്കും
സെപ്റ്റംബർ 14 മുതൽ മാനന്തവാടി നഗരസഭയുടെ ഓഫീസ് ക്ലബ്ബുകുന്നിലുള്ള പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റും. ഈ സാഹചര്യത്തിൽ ക്ലബ്ബുകുന്ന് റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. ക്ലബ്ബുകുന്നിലേക്കുള്ള വാഹനങ്ങൾ ഗാന്ധിപാർക്കിൽനിന്ന് പ്രവേശിച്ച് ചൂട്ടക്കടവ് റോഡുവഴി ഇറങ്ങിപ്പോകണം. ഉഷാ വിജയൻ എം.എൽ.എ.യുടെ ഓഫീസ് പ്രവർത്തിക്കുന്നതും ക്ലബ്ബുകുന്ന് ഭാഗത്താണ്. ഇടുങ്ങിയ റോഡിലൂടെ ഇരുവശത്തുനിന്നും വാഹനങ്ങൾ കടന്നുപോകുന്നതും വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ നിർത്തി ചരക്കിറക്കുന്നതിനാലും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽക്കൂടിയാണ് ക്ലബ്ബുകുന്ന് റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ക്ലബ്ബുകുന്നിൽ വൺവേ സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളിൽനിന്ന് എതിർപ്പുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് വൺവേ നിയന്ത്രണം ഏർപ്പെടുത്തുക. ക്ലബ്ബുകുന്ന് റോഡിലെ നടപ്പാതകളിലെ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കും.
യോഗത്തിൽ നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷീജാ ഫ്രാൻസിസ്, പി.വി. ജോർജ്, പി.വി.എസ്. മൂസ, ഷിബു കെ. ജോർജ്, കൗൺസിലർമാരായ എം.ആർ. രജനീഷ്, എം.പി. ശശികുമാർ, എം. സജ്ന, വി.യു. ജോയ്, പി.കെ. ഹംസ, ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്. സാലു, ട്രാഫിക് എസ്.ഐ. പി.സി. റോയ്, എ.എസ്.ഐ. എ.കെ. വിജയൻ, എ.എം.വി.ഐ. ടി.എ. സുമേഷ്, വിവിധ ട്രേഡ് യൂണിയൻ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ കെ. ജയേന്ദ്രൻ, കെ.എം. വർക്കി, വ്യാപാരി പ്രതിനിധികളായ കെ. ഉസ്മാൻ, കെ.പി. ശ്രീധരൻ, പി.വി. മഹേഷ്, ട്രേഡ് യൂണിയൻ ഭാരവാഹികളായ സന്തോഷ് ജി. നായർ, അഡ്വ. അബ്ദുൾ റഷീദ് പടയൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Published: 06 Sept 2026, 02:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented