പനമരം : വയനാടിനെ അടയാളപ്പെടുത്തിയ കലാകാരൻ നിസാർ വയനാടിനെ (46) കണ്ണീരോടെ യാത്രയാക്കി ജന്മനാട്. ‘ജൂനിയർ ഉദിത് നാരായണൻ’ എന്നപേരിൽ വേദികളെ ധന്യമാക്കിയ നിസാർ ശനിയാഴ്ച വൈകുന്നേരം ദുബായ് മൻഖൂർ ആശുപത്രിയിൽവെച്ചായിരുന്നു മരിച്ചത്. സംഗീതപരിപാടിക്കായി കഴിഞ്ഞമാസം ദുബായിലെത്തിയ നിസാറിനെ പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ന്യൂമോണിയ ബാധിക്കുകയും ഹൃദയാഘാതം ഉണ്ടായതുമായാണ് വിവരം. അടുത്തദിവസം സൗദിയിലും ദുബായിലും വിവിധ സംഗീതപരിപാടിയിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു.

To advertise here,

ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് മൃതദേഹം സ്വദേശമായ കമ്പളക്കാടെത്തിച്ചത്. കമ്പളക്കാട് അൻസാരിയ മദ്രസയിൽ ഒരുമണിക്കൂറോളം പൊതുദർശനത്തിന് ​െവച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് ആളുകളാണ് നിസാറിനെ അവസാനമായി ഒരുനോക്കുകാണാൻ ഒഴുകിയെത്തിയത്. ബാപ്പു വെള്ളിപ്പറമ്പ്, കണ്ണൂർ സീനത്ത്, ഫൈസൽ എളേറ്റിൽ, തൻസീർ കൂത്തുപറമ്പ്, സലിം കോടത്തൂർ, കൊല്ലം ഷാഫി, സുറുമി വയനാട്, കൊച്ചിൻ ഷമീർ, ഫിറോസ് നാദാപുരം, താജു വടകര, എം.എ. ഗഫൂർ, ജംഷീർ കൈനിക്കൽ തുടങ്ങി പിന്നണിഗായകരും മാപ്പിളകലാകാരും സ്റ്റേജ് ആർട്ടിസ്റ്റുകളും കമ്പളക്കാട് അൻസാരിയ്യയിൽ എത്തിയിരുന്നു. രാത്രി 9.30-ഓടെ കമ്പളക്കാട് വലിയ ജുമാമസ്ജിദിലും പള്ളിമുക്ക് ജുമാമസ്ജിദിലും മയ്യത്ത് നമസ്കരിച്ചു. തുടർന്ന് പള്ളിമുക്കിലെ കബർസ്ഥാനിൽ കബറടക്കി.

 

അൻസാരിയ മദ്രസ നിറഞ്ഞ് കല്പറ്റ-പനമരം റോഡുവരെ സന്ദർശകരുടെ നീണ്ടനിരയായിരുന്നു. റോഡിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വൈറ്റ് ഗാർഡ് വൊളന്റിയേഴ്‌സും നാട്ടുകാരും പോലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് ജനത്തിരക്ക് നിയന്ത്രിച്ചത്.

ശനിയാഴ്ച രാത്രി എട്ടരയോടെയാണ് നിസാറിന്റെ മരണവാർത്തയെത്തുന്നത്.

നിസാറിന്റെ വിയോഗം സ്വദേശമായ കമ്പളക്കാട്ടുകാർക്കും വയനാട്ടിലെ സുഹൃദ്‌വലയങ്ങൾക്കും വിശ്വസിക്കാനായില്ല. കേരളത്തിലെ വിവിധ കലാകാരന്മാർക്കൊപ്പം വേദികൾ കൈയടക്കിയ അദ്ദേഹം ഗൾഫ് നാടുകളിൽ തന്റേതായ വ്യക്തിമുദ്രപതിപ്പിക്കുകയായിരുന്നു. നാടൻപാട്ടിലൂടെയും ഹിന്ദിഗാനങ്ങളിലൂടെയുമാണ് നിസാർ ജനഹൃദയം കൈയടക്കിയത്. ഗായകൻ ഉദിത് നാരായണനുമായി ശബ്ദസാദൃശ്യമുള്ളതിനാൽ അദ്ദേഹത്തിന്റെ പാട്ടുകൾ സ്ഥിരമായി ആലപിക്കാറുണ്ടായിരുന്നു. ബഹ്റൈനിൽ ഉദിത് നാരായണനോടൊപ്പം പാടിയിട്ടുമുണ്ട്. കലാഭവൻ മണിക്കൊപ്പവും നിസാർ ഒട്ടേറെ സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.

അനുശോചിച്ചു

അമ്പലവയൽ : ഗായകൻ നിസാർ വയനാടിന്റെ നിര്യാണത്തിൽ മാനന്തവാടി രാഗതരംഗ് ഓർക്കസ്ട്ര അനുശോചിച്ചു. എ.ജെ. ജോസി അധ്യക്ഷതവഹിച്ചു. ജനാർദനൻ, കൃഷ്ണകുമാർ, സജി രാഗതരംഗ്, ആതിരാ സജീവ്, ഷാൻ ജോസഫ്, സതീഷ് ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.