മാനന്തവാടി : തകർന്ന കണിയാരം-പിലാക്കാവ് റോഡിൽ വ്യത്യസ്ത സമരവുമായി സി.പി.എം. റോഡിലെ കുഴിയിൽ വാഹനങ്ങൾ വീണ് ‘നടുവൊടിയുന്ന യാത്രക്കാർക്ക്’ ആശ്വാസമേകാൻ കുഴമ്പ് വിതരണംചെയ്താണ് പ്രതിഷേധിച്ചത്. മാനന്തവാടി നഗരസഭ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് മാസങ്ങൾക്കുമുൻപ് അറ്റകുറ്റപ്പണിയെടുത്ത റോഡ് പണിപൂർത്തിയായി ദിവസങ്ങൾക്കകം തകർന്നിരുന്നു. നഗരസഭാസെക്രട്ടറിയെ ഉപരോധിച്ചിട്ടും ഫലംകാണാതായതോടെയാണ് സി.പി.എം. ശനിയാഴ്ച ചക്രസ്തംഭനസമരം നടത്തിയത്.
ഇതിനുമുന്നോടിയായി റോഡിലെ കുഴിയടയ്ക്കാനുള്ള ശ്രമം കഴിഞ്ഞദിവസം നഗരസഭാ അധികൃതർ നടത്തിയിരുന്നു. റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ഈ പ്രവൃത്തിതടഞ്ഞ് പ്രതിഷേധിച്ചു.
ശനിയാഴ്ച വൈകീട്ടുനടത്തിയ ചക്രസ്തംഭനസമരത്തിനിടെയാണ് റോഡിലൂടെ പ്രതിദിനം സഞ്ചരിക്കുന്നവർക്ക് കുഴമ്പ് വിതരണംചെയ്ത് സി.പി.എം. വേറിട്ട പ്രതിഷേധം നടത്തിയത്. ചക്രസ്തംഭനസമരം സി.പി.എം. ജില്ലാകമ്മിറ്റിയംഗം പി.ടി. ബിജു ഉദ്ഘാടനംചെയ്തു. കെ.ജി. ജോയ് അധ്യക്ഷതവഹിച്ചു. കുഴമ്പുവിതരണം സി.പി.എം. കണിയാരം ലോക്കൽ സെക്രട്ടറി എം. സോമൻ ഉദ്ഘാടനംചെയ്തു. എ.കെ. റൈഷാദ്, കെ. രാജീവൻ, അജിത്ത് വർഗീസ് എന്നിവർ സംസാരിച്ചു.
സമരം രാഷ്ട്രീയപ്രേരിതം
കണിയാരം-പിലാക്കാവ് റോഡ് പ്രവൃത്തിയിലെ അപാകം ശ്രദ്ധയിൽപ്പെട്ടിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കരാറുകാരന്റെ ബിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കിയാൽമാത്രമേ പണം അനുവദിക്കൂ. ഇതൊക്കെ അറിയാമായിരുന്നിട്ടും സി.പി.എം. നടത്തുന്ന സമരം പ്രഹസനവും രാഷ്ട്രീയപ്രേരിതവുമാണ്.
ജേക്കബ് സെബാസ്റ്റ്യൻ,
മാനന്തവാടി നഗരസഭാധ്യക്ഷൻ
Published: 06 Sept 2026, 02:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented