കള്ളാടിദുരന്തത്തിന്‌ മൂന്നുമാസം

To advertise here,

കല്പറ്റ : എട്ടുജീവനുകൾ പൊലിഞ്ഞ കള്ളാടിദുരന്തം കഴിഞ്ഞ് മൂന്നുമാസം പിന്നിടുമ്പോഴും തുരങ്കപാതയുടെ ഭാവിയും പ്രദേശവാസികളുടെ പുനരധിവാസവും അനിശ്ചിതത്വത്തിൽ. ദുരന്തത്തെത്തുടർന്ന് നിർത്തിവെച്ച തുരങ്കപാതയുടെ പണി മൂന്നുമാസം കഴിഞ്ഞിട്ടും പുനരാരംഭിച്ചിട്ടില്ല.

ദുരന്തത്തെത്തുടർന്ന് തുരങ്കപാത നിർമാണപ്രദേശത്തെ മണ്ണുനീക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ എൻ.ഐ.ടി. സിവിൽ എൻജിനിയറിങ് വിഭാഗം പ്രൊഫ. ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ഡയറക്ടറേറ്റ് എൻജിനിയർ ഡോ. ജൂഡ്, എൻ.സി.ഇ.എസ്.എസ്. പ്രതിനിധി എന്നിവരടങ്ങിയ സമിതിയെയും തുരങ്കപാതയുടെ നിർമാണസാധ്യത പഠിക്കാൻ ഭൗമശാസ്ത്രജ്ഞനായ ഡോ. സി.പി. രാജേന്ദ്രന്റെ നേതൃത്വത്തിൽ വിദഗ്ധസമിതിയെയും നിശ്ചയിച്ചിരുന്നു. രണ്ടുസമിതികളും ജൂലായിൽത്തന്നെ സ്ഥലം സന്ദർശിച്ച് പഠനം നടത്തി.

റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധസമിതിക്ക് സമയം നീട്ടി നൽകിയിട്ടുണ്ട്. ശേഷ റിപ്പോർട്ടിന്മേൽ കാബിനറ്റ് തല ചർച്ചനടത്തി മന്ത്രിസഭയായിരിക്കും തുരങ്കപാതാനിർമാണം സംബന്ധിച്ച് തീരുമാനമെടുക്കുക എന്നാണ് മന്ത്രി ടി. സിദ്ദിഖ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. എന്നാൽ, ഇതുസംബന്ധിച്ച ചർച്ചകൾ എന്നുനടക്കുമെന്നതിലും സർക്കാരിന്റെ താത്പര്യമെന്തെന്നതിലും അവ്യക്തത തുടരുകയാണ്.

പാരിസ്ഥിതിക-സുരക്ഷിതത്വപ്രശ്നങ്ങൾ ഉന്നയിക്കപ്പെടുമ്പോഴും വയനാട്ടിലേക്കുള്ള ബദൽയാത്രാ സൗകര്യം പരിഗണിക്കുമ്പോൾ തുരങ്കപ്പാതയല്ലാതെ മറ്റൊരു സാധ്യതയില്ലെന്നാണ് അഭിപ്രായം ഉയരുന്നത്.

പരമാവധി പാരിസ്ഥിതികാഘാതം കുറച്ചുകൊണ്ട് സുരക്ഷിതത്വം ഉറപ്പാക്കി പദ്ധതി തുടങ്ങണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. യു.ഡി.എഫ്.തന്നെ ഭരിക്കുന്ന മേപ്പാടി പഞ്ചായത്തും തുരങ്കപാതാ നിർമാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്‌ പ്രമേയം പാസാക്കിയിരുന്നു. രാഷ്ട്രീയനേതൃത്വങ്ങളും ഈയാവശ്യമുന്നയിച്ചിട്ടുണ്ട്.

തുരങ്കപാത ആരംഭിക്കുന്ന പ്രദേശമുൾപ്പെടുന്ന വെള്ളരിമല വില്ലേജിനെ കേന്ദ്രസർക്കാർ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കരടുവിജ്ഞാപനം പുറത്തിറക്കിയതും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നു.

പ്രദേശത്ത് കുന്നുകൂട്ടിയിരിക്കുന്ന മണ്ണുൾപ്പെടെ നീക്കംചെയ്യാനും തുടങ്ങിയിട്ടില്ല. ദുരന്തത്തിനുപിന്നാലെ പ്രദേശവാസികളിൽ പലരെയും മാറ്റിപ്പാർപ്പിച്ചെങ്കിലും ഇവരുടെ താത്കാലികപുനരധിവാസം ഉൾപ്പെടെ ഒന്നിലും തീരുമാനമുണ്ടായിട്ടില്ല.

പണി നിർത്തിവെക്കുന്നതും ‘പണി’യാകുമെന്ന് കരാറുകാർ

ഇതിനിടയിൽ തുരങ്കപാത നിർമാണച്ചുമതലയുള്ള ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡും നിർമാണം ഇനിയും തടസ്സപ്പെടുന്നത് ശരിയാവില്ലെന്നുകാണിച്ച് ഓഗസ്റ്റിൽ സർക്കാരിലേക്ക് കത്തുനൽകിയിരുന്നു. ദുരന്തമുണ്ടായ കള്ളാടിയിൽ നിർമാണം നിർത്തിവെച്ചാലും തുരങ്കപാതയുടെ മറുവശമായ ആനക്കാംപൊയിലിൽ നിർത്തിവെക്കേണ്ട സാഹചര്യമില്ലെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. തുരങ്കപാതാനിർമാണം നിർത്തിവെക്കാൻ നിർദേശം വന്നതോടെ ആനക്കാംപൊയിലിലെ നിർമാണസ്ഥലത്ത് കുന്നിൻമുകളിൽനിന്നുള്ള വെള്ളം ഒഴുക്കിക്കളയാൻവേണ്ടി നിർമിച്ചുതുടങ്ങിയ ഡ്രെയ്‌നേജിന്റെ പണി നിലച്ചു. നിർമാണമേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പല ഉപകരണങ്ങൾ സ്ഥാപിച്ച് നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. എന്നാൽ, ഇതും തടസ്സപ്പെട്ടിരിക്കുകയാണ്. തുരന്ന ഭാഗം തുറന്നിട്ടിരിക്കുന്ന സാഹചര്യവും കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കിയേക്കാം. അതിനാൽ, തുരങ്കപാതനിർമാണത്തിന് ഉടൻ അനുമതി നൽകണമെന്നും അല്ലാത്തപക്ഷം കരാർക്കമ്പനിക്ക്‌ ഉത്തരവാദിത്വമുണ്ടാവില്ലെന്നുമാണ് കത്തിലുള്ളത്. തുരങ്കപാതയിൽ ഇനിയും അനിശ്ചിതത്വം തുടരുന്നത് കൂടുതൽ സുരക്ഷാപ്രശ്നങ്ങളിലേക്കുവരെ വഴിതെളിക്കുമെന്ന സൂചനയാണ് കമ്പനി നൽകുന്നത്. അതേസമയം, ഇത്തരം പദ്ധതികൾ രാജ്യത്തൊരിടത്തും പകുതിയിൽ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായില്ലെന്നും കമ്പനി അധികൃതർ സർക്കാരിനോട് സൂചിപ്പിച്ചതായും സൂചനയുണ്ട്.