വടകര : വടകര താഴെഅങ്ങാടിയെ പൈതൃകപട്ടണമായി മാറ്റാനുള്ള പദ്ധതി അനന്തമായി നീളുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെയും കരാറുകാരനെയും നാട്ടുകാർ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. പ്രവൃത്തി നീണ്ടുപോകുന്നതിൽ ഇവർ പ്രതിഷേധമറിയിച്ചു. ഇതുവരെ നടത്തിയ പ്രവൃത്തിയുടെ തുക ലഭിക്കാത്തതാണ് നിർത്തിവെക്കാൻ കാരണമെന്നാണ് കരാറുകാരൻ പറയുന്നത്.

To advertise here,

പ്രവൃത്തി ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം

2026 ഫെബ്രുവരിയോടെ റംസാൻ ആരംഭിക്കുന്നതിനുമുന്നേ പ്രവൃത്തി പൂർത്തീകരിക്കാനായിരുന്നു ഉദ്ദേശിച്ചത്. തലശ്ശേരി പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1.46 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. താഴെ അങ്ങാടിയിലെ പ്രധാന കച്ചവടകേന്ദ്രമായ കോതിബസാർ പൈതൃകം നിലനിർത്തി വികസിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മനാർമുക്കുമുതൽ മുകച്ചേരി ഡിസ്‌പെൻസറി വരെയുള്ള റോഡ് നവീകരിക്കുകയാണ് ഒന്നാംഘട്ടത്തിൽ ചെയ്യാൻ ഉദേശിച്ചത്. ആറ് മീറ്റർ റോഡും ഇരുവശങ്ങളിലുമായി ഓരോ മീറ്റർ നടപ്പാതയും നിർമിച്ച് അവിടെ വിളക്കുകാലുകൾ ഉൾപ്പെടെയുള്ളവ സ്ഥാപിച്ച് മനോഹരമാക്കാനായിരുന്നു പദ്ധതി.

ഇതിൽ റോഡിന്റെ ചിലഭാഗത്ത് ഓവുചാൽ നിർമിച്ചതല്ലാതെ മറ്റുപ്രവൃത്തികൾ ഒന്നും നടത്തിയിട്ടില്ല. ഈ പ്രവൃത്തിയുടെ ഭാഗമായി കുഴിച്ചെടുത്ത മണ്ണുംമറ്റും റോഡരികിൽ ഇട്ടതും ഓവുചാൽ കൃത്യമായി മൂടാത്തതും പ്രദേശത്ത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വടകര തണൽ, എം.യു.എം. സ്കൂൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവയിലേക്ക് ദിവസവും നൂറുകണക്കിനാളുകൾ പോകുന്ന റോഡാണിത്. മഴപെയ്യുമ്പോൾ ഇവിടെ ചെളിനിറയുകയും ചെളിമാറിയാൽ പൊടി ശല്യം ആവുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇത് കച്ചവടക്കാർക്ക് ഉൾപ്പെടെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.