ബസ് സ്റ്റാൻഡ് പരിസരത്ത് പൊടിശ്യം രൂക്ഷം
മാനന്തവാടി : ബസ് സ്റ്റാൻഡ് പണി പൂർത്തിയാവുംമുൻപേ ബസുകൾ സ്റ്റാൻഡിൽ കയറിയിറങ്ങുന്നത് ദുരിതമാവുന്നു. മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്താണ് പൊടിശല്യംമൂലം ജനം പൊറുതിമുട്ടുന്നത്. ജൂൺ അവസാനമാണ് ബസ് സ്റ്റാൻഡ് പൊളിച്ചു തുടങ്ങിയത്. ആഴ്ചകൾക്കു മുൻപ് പൂർണമായും പൊളിച്ച് എല്ലാ സാധനങ്ങളും നീക്കി. ഇതോടെയാണ് മണ്ണുനിറഞ്ഞ ബസ് സ്റ്റാൻഡിൽ സ്വകാര്യ, കെ.എസ്.ആർ.ടി.സി. ബസുകൾ കയറിയിറങ്ങിത്തുടങ്ങിയത്. ബസുകൾ കയറിയിറങ്ങുന്നതുമൂലം സമീപത്തെല്ലാം വലിയ പൊടിശല്യമാണ്.
പൊടിശല്യത്താൽ സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലുള്ളവരും പൊറുതിമുട്ടുകയാണ്. ബാഗുകൾ ഉൾപ്പെടെയുള്ളവ പുറമേ തൂക്കിയിടാൻ സാധിക്കുന്നില്ല. ബേക്കറി, ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലുള്ളവരും പ്രയാസപ്പെട്ടാണ് കച്ചവടം ചെയ്യുന്നത്.
ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും നിയന്ത്രണമില്ലാത്തതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇത് അപകടങ്ങൾക്ക് കാരണമാവുമെന്നിരിക്കേ ബന്ധപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്. പ്രവൃത്തി പൂർത്തിയായശേഷമേ സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കാവൂ എന്നിരിക്കേ നഗരസഭയും ഇതിനെതിരേ പ്രതികരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ബസുകൾക്ക് കയറാൻ അനുമതി നൽകിയിട്ടില്ലെന്ന് നഗരസഭാ അധികൃതർ പറയുന്നുണ്ടെങ്കിലും ഇതു നിയന്ത്രിക്കാനുള്ള നടപടികളൊന്നും ദിവസങ്ങളായി ഉണ്ടാവുന്നില്ല.
ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ ബസ് സ്റ്റാൻഡിനു സമീപത്താണ്. സ്കൂൾ തുടങ്ങുമ്പോഴും വിടുമ്പോഴുമുള്ള പൊടിശല്യം കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്കുമിടയാക്കിയേക്കും. പൊടിശല്യത്താൽ ജനം പൊറുതിമുട്ടുമ്പോഴും വെള്ളം നനച്ച് പൊടിശല്യം കുറയ്ക്കാനുള്ള നടപടിയൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല.
മിനി സിവിൽസ്റ്റേഷൻ, താലൂക്ക് ഓഫീസ്, കോടതി, പോലീസ് സ്റ്റേഷൻ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാനായി നൂറുകണക്കിനാളുകൾ കാൽനടയായി യാത്രചെയ്യുന്ന സ്ഥലത്താണ് പൊടിശല്യം ദുരിതമാകുന്നത്. മൂക്ക് പൊത്തിയും മാസ്ക് ധരിച്ചും മാത്രമേ ഇതിലൂടെ കടന്നുപോകാൻ പറ്റൂ എന്ന സ്ഥിതിയാണ്. പൊടി നിറഞ്ഞതോടെ സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണെന്ന് ഉടമകൾ പറയുന്നു.
Published: 06 Oct 2026, 03:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented