കല്പറ്റ : ‘‘ഇനി എത്രകാലം ഇങ്ങനെ വാടകയ്ക്ക് കഴിയുമെന്ന് അറിയില്ല. പലസ്ഥലത്തും 10,000 രൂപയ്ക്കുമുകളിലാണ് വാടക ചോദിക്കുന്നത്. എനിക്കും ഭാര്യക്കും ജോലിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഇത്രയും തുക വാടകയായി നൽകുന്നത്. അപകടസാധ്യതയുണ്ടെങ്കിലും തിരികെ വീട്ടിലേക്ക് പോകുകയല്ലാതെ മറ്റു വഴികളില്ല’’യെന്ന് ഇബ്രാഹിം പറയുമ്പോൾ വാതിൽക്കൽ ചാരിനിന്നുകൊണ്ട് ഭാര്യ ഖദീജ തന്റെ കണ്ണുകൾ തുടച്ചു.
ജൂലായ് ഏഴിനാണ് കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത മുഖമായ കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായത്. എന്നാൽ, മണ്ണിടിച്ചിൽദുരന്തം കഴിഞ്ഞ് മൂന്നുമാസം പിന്നിടുമ്പോഴും അധികൃതർ വാഗ്ദാനംചെയ്ത വാടകസഹായം ഇതുവരെയും ദുരന്തബാധിതർക്ക് ലഭിച്ചിട്ടില്ല. മണ്ണിടിച്ചിലിനെത്തുടർന്ന് വീട് പൂർണമായി തകർന്ന കുടുംബമടക്കം സമീപപ്രദേശങ്ങളിൽ താമസിച്ചിരുന്ന ഒൻപതുകുടുംബങ്ങളോട് സുരക്ഷ മുൻനിർത്തി ഉടൻ മാറിത്താമസിക്കാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.
വാടകവീടുകളിലേക്ക് മാറിയ ഇവർക്ക് പ്രതിമാസവാടക നൽകുമെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ, മൂന്നുമാസം പൂർത്തിയായിട്ടും സാമ്പത്തികസഹായം വിതരണംചെയ്തിട്ടില്ല.
പലയിടത്തും പതിനായിരം രൂപയ്ക്കുമുകളിലാണ് മാസവാടക ആവശ്യപ്പെടുന്നത്. ദുരന്തത്തിനുശേഷം ജോലിക്കുപോകാൻ കഴിയാത്ത കുടുംബങ്ങൾക്ക് ഈ ഉയർന്ന വാടകത്തുകയും വീട്ടുചെലവുകളും കണ്ടെത്താൻ സാധിക്കുന്നില്ല. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ ആയുഷ്‍കാല സമ്പാദ്യംമുഴുവൻ, വീടെന്ന സ്വപ്നത്തിനായി ചെലവഴിച്ച കുടുംബങ്ങളാണ് ഇന്നിപ്പോൾ വഴിയിലായിരിക്കുന്നത്. പൂർണമായി വീടുനഷ്ടപ്പെട്ട കുടുംബങ്ങൾക്കും സഹായം ലഭിച്ചിട്ടില്ല.
മണ്ണിടിച്ചിൽ അപകടത്തിൽ എട്ടുപേർ മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും സഹായധനം നൽകിയിരുന്നു. എന്നാൽ, ദുരന്തബാധിതരുടെ ദൈനംദിനജീവിതവും പുനരധിവാസവും ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്. അടുത്തദിവസങ്ങളിൽത്തന്നെ ദുരന്തബാധിതരുടെ വാടകത്തുക വിതരണം ചെയ്യുമെന്ന് അധികൃതർ പറയുന്നുന്നുണ്ടെങ്കിലും തുക എന്നുലഭിക്കുമെന്നതിൽ ദുരന്തബാധിതർക്ക് ഇപ്പോഴും വ്യക്തതയില്ല. വാടകസഹായം അടിയന്തരമായി വിതരണംചെയ്യണമെന്നും ശാശ്വതമായ പുനരധിവാസനടപടികൾ വേഗത്തിലാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Published: 07 Oct 2026, 03:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented