ദുരിതത്തിൽ നാട്ടുകാർ

To advertise here,

വടകര : ദേശീയപാത എസ്.പി. ഓഫീസിനുസമീപത്തെ പുതുപ്പണം അടിപ്പാതയിലൂടെയുള്ള വാഹനഗതാഗതവും കാൽനടയാത്രയും ദുഷ്കരം. അടിപ്പാതയിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുകയാണ്. റോഡ് ടാർ ചെയ്യാത്തതിനാൽ വെള്ളമില്ലാത്ത സമയത്തും ഇതുവഴി യാത്ര ദുഷ്കരമാണ്.

ഇതിനു പുറമേ സമീപത്തെ ആക്രിക്കടയിൽ നിന്നുള്ള സാധനങ്ങളും അടിപ്പാതയിൽ കൂട്ടിയിടാറുണ്ട്. ചില വാഹനങ്ങൾ സ്ഥിരമായി ഇവിടെ നിർത്തിയിടുന്ന പതിവുമുണ്ട്.

ദേശീയപാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയതോടെ കോട്ടക്കടവ് ഭാഗത്തുനിന്നും ജനതാ ഭാഗത്തേക്ക് മുറിച്ചുകടക്കുന്ന ഭാഗങ്ങൾ അടച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പയ്യോളി ഭാഗത്തേക്ക് ബസ് കയറേണ്ടവർ അടിപ്പാതയിലൂടെ ചുറ്റിയാണ് നിലവിൽ പോകുന്നത്. ജനതാ റോഡ് ഭാഗത്തുനിന്നുള്ളവരും ഇതുപോലെ വടകര ഭാഗത്തേക്ക് പോകണമെങ്കിൽ ചുറ്റി ബസ്‌സ്റ്റോപ്പിൽ എത്തണം.

അടിപ്പാതയിലൂടെ മാത്രമേ ഇരുവശത്തും ഉള്ളവർക്ക് നിലവിൽ യാത്രചെയ്യാൻ സാധിക്കൂ. മാത്രമല്ല കോട്ടക്കടവിനു സമീപം സർവീസ് റോഡിന്റെയും ഓവുചാലിന്റെയും പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴി വാഹനങ്ങൾ പോകുന്നില്ല. മൂരാടു ഭാഗത്തുനിന്നും സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് വടകര ഭാഗത്തേക്ക് അടിപ്പാതയിലൂടെ മാത്രമേ പോകാൻ സാധിക്കൂ. റോഡിൽ മണ്ണ് ഉൾപ്പെടെ കൂട്ടിയിട്ടതു കാരണം കാൽനടയാത്രക്കാർക്കും പ്രയാസമുണ്ട്.

അടിപ്പാതയ്ക്കു സമീപവും സർവീസ് റോഡിലും തെരുവുവിളക്കുകളുമില്ല. ഇതു കാരണം രാത്രിസമയങ്ങളിലെത്തുന്ന സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർക്കും പ്രയാസം നേരിടുന്നുണ്ട്.

അടിപ്പാതയിൽ വെള്ളംകെട്ടിക്കിടക്കുമ്പോൾ ആഴം മനസ്സിലാകാതെ കുഴിയിൽ വീഴുന്നത് പതിവാണ്. അടിപ്പാതയിലൂടെ വാഹനങ്ങൾ പോകുന്നതിന് പുറ​േമ ആക്രിസാധനങ്ങളും വാഹനങ്ങൾ നിർത്തിയിട്ടതും കൂടിയാകുമ്പോൾ പോകുമ്പോൾ സ്ഥിതിരൂക്ഷമാകും.

പ്രായമായവരും രോഗികളുമാണ് ഏറെ പ്രയാസമനുഭവിക്കുന്നത്. നടക്കാൻ പ്രയാസമുള്ളവർക്ക് ഇത്രയുംദൂരം നടക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. കോട്ടക്കടവിലെ ഓട്ടോ സ്റ്റാൻഡ് നിലവിൽ റെയിലിനു അപ്പുറത്താണ്. അതുകൊണ്ടുതന്നെ ബസ്സിറങ്ങിയാലും ഓട്ടോ പിടിക്കണമെങ്കിൽ എതിർവശത്തെത്തണം.