ബഡ്‌സ് സ്കൂളിന് ഇനിയും നൽകിയില്ല

To advertise here,

രാമനാട്ടുകര : 2025 ഒക്ടോബർ 21-ന് പുതിയകെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയതിനെത്തുടർന്ന് കാലിയായ പാറമ്മൽ റോഡിലെ പഴയ നഗരസഭാ ഓഫീസ് കെട്ടിടം ഒരുവർഷത്തോളമായി പൊടിപിടിച്ചു നശിക്കുന്നു.

18 കോടി രൂപ ചെലവിൽ ചെത്തുപാലം തോടിനുസമീപം രാമനാട്ടുകര നഗരസഭയ്ക്ക് പുതിയ ബഹുനിലകെട്ടിടം നിർമിച്ചതിനെത്തുടർന്നാണ് പഴയകെട്ടിടം പൂട്ടിയിട്ടത്.

സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന രാമനാട്ടുകര നഗരസഭയിലെ ബഡ്‌സ് സ്കൂളിനുവേണ്ടി പഴയ നഗരസഭാ കെട്ടിടം ഒരുക്കും എന്നായിരുന്നു നഗരസഭാധികൃതർ പറഞ്ഞിരുന്നത്. എന്നാൽ പഴയകെട്ടിടം പൂട്ടിയിട്ട് ഒരുവർഷമാകാറായിട്ടും ഇതിന്റെ നടപടികൾ ഫയലിൽ ഉറങ്ങുകയാണ്.

ബഡ്‌സ് സ്കൂളിനുവേണ്ടി പഴയ നഗരസഭാ കെട്ടിടം ക്രമീകരിക്കുവാൻ 10 ലക്ഷം രൂപയുടെ ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ പ്ലാൻ, എസ്റ്റിമേറ്റ്, ടെൻഡർ നടപടികൾ ഒന്നുംതന്നെ പൂർത്തിയായിട്ടില്ല. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി അടുത്ത, അധ്യയനവർഷത്തോടെ ബഡ്‌സ് സ്കൂൾ പഴയ നഗരസഭാ ഓഫീസിലേക്ക് മാറാൻ കഴിയും എന്ന പ്രത്യാശയിലാണ് സ്കൂൾ അധികൃതർ.

42-ഓളം കുട്ടികൾ പഠിക്കുന്ന രാമനാട്ടുകരയിലെ ബഡ്‌സ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ഫാറൂഖ്‌ കോളേജ് റോഡിലെ കെട്ടിടത്തിലാണ്. 18 വയസ്സിനുതാഴെ ഉള്ളവർ മൂന്നുപേരാണ്.

ബാക്കിയുള്ളവർ എല്ലാം 18 വയസ്സിനു മുകളിൽ ഉള്ളവരാണ്. നാല്‌ അധ്യാപകരടക്കം എട്ടു ജീവനക്കാരുണ്ട്. സ്ഥലസൗകര്യം കെട്ടിടത്തിൽ കുറവാ യതിനാൽ വളരെ പ്രയാസത്തിലാണ് സ്കൂൾ അധികൃതർ.

വാഹന സൗകര്യമുള്ള സ്ഥലത്ത് നല്ലൊരു കെട്ടിടം ലഭിച്ചിട്ടും അതിലേക്ക് മാറിത്താമസിക്കാൻ എന്നു കഴിയുമെന്ന ചിന്തയിലാണ്‌ ബഡ്‌സ് സ്കൂൾ അധികൃതർ.