മാനന്തവാടി : കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസി. കമ്മിഷണർ കഴിഞ്ഞ ദിവസം അന്തരിച്ച തൃശ്ശിലേരിയിലെ കൊച്ചുപറമ്പിൽ കെ.ജെ. ജോൺസന്‌ നാടിന്റെ യാത്രാമൊഴി. ഞായറാഴ്ച കോഴിക്കോട് സിറ്റി കൺട്രോൾറൂം പരിസരത്ത് പൊതുദർശനത്തിനുവെച്ച മൃതദേഹം ഉച്ചയോടെയാണ് തൃശ്ശിലേരിയിലെ വീട്ടിലെത്തിച്ചത്. തിങ്കളാഴ്ച പോലീസ് ബഹുമതിയോടെ മാനന്തവാടി ഹോളിട്രിനിറ്റി സി.എസ്.ഐ. ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.

To advertise here,

സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് റിസർവ് സബ് ഇൻസ്പെക്ടർ കെ.പി. അബ്ബാസും സംഘവും ഗാർഡ് ഓഫ് ഓണർ നൽകി.

കോഴിക്കോട് സിറ്റി സൈബർ ക്രൈം അസി. കമ്മിഷണർ ടി. മനോഹരൻ, വയനാട് എസ്.എം.എസ്. ഡിവൈ.എസ്.പി.മാരായ ഷജു ജോസഫ്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എം.പി. രാജേഷ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.ഡി. സുനിൽ, തുടങ്ങിയവരും ജില്ലയിലെ വിവിധ പോലീസ് ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കൊലപാതകക്കേസുകളുൾപ്പെടെയുള്ള സങ്കീർണമായ കേസുകൾ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിൽ വൈദഗ്ധ്യമുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്നു കെ.ജി. ജോൺസൺ. പാറശ്ശാല ഷാരോൺ വധക്കേസ്, നാടിനെ ഭയപ്പെടുത്തിയ ജിന്നുമ്മ കേസ്, പൂവാർ ഊരൂട്ടമ്പലം ഇരട്ടക്കൊലപാതക കേസ്, പൂച്ചക്കാട്ടെ പ്രവാസ വ്യവസായി ഗഫൂർഹാജിയുടെ കൊലപാതകം എന്നിവ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിൽ മാതൃകാപരമായ പങ്കുവഹിച്ചിട്ടുണ്ട്.