താമരശ്ശേരി : കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഓമശ്ശേരി-താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കൂടത്തായി പാലം പുനർനിർമിക്കുന്നതിന് 6.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. ഫിറോസ് എം.എൽ.എ. അറിയിച്ചു.

To advertise here,

നിലവിലെ കൂടത്തായി പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്ന് കേരള ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം പാലത്തിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിൽ പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 17 ലക്ഷം രൂപയുടെ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികൾ പുരോഗമിക്കുകയാണ്.ഇതിനുപുറമെ, നിലവിലുള്ള പാലത്തിന് പകരമായി പുതിയ പാലം നിർമിക്കുന്നതിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

മൂന്ന് സ്പാനുകളിലായി ആകെ 54.90 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുക. പാലത്തിന് 11 മീറ്റർ വീതിയുണ്ടാകും. ഇതിൽ 7.5 മീറ്റർ കാരേജ്‌വേയും ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതയും ഉൾപ്പെടെയുള്ള രീതിയിലാണ് പാലം നിർമാണം ഉദ്ദേശിക്കുന്നത്.

കൂടത്തായി പാലത്തിന്റെ പുനർനിർമാണം പൂർത്തിയാകുന്നതോടെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവുമാകുന്നതിനൊപ്പം ഓമശ്ശേരി, താമരശ്ശേരി പ്രദേശങ്ങളിലെ യാത്രക്കാർക്കും വലിയ ആശ്വാസമാകുമെന്ന് പി.കെ. ഫിറോസ് എം.എൽ.എ. പറഞ്ഞു.