കല്പറ്റ : മടക്കിമലയിലെ മെഡിക്കൽകോളേജ് കവാടത്തിന് സമീപത്തെ കാടുവെട്ടിത്തെളിച്ച് ബസ് സ്റ്റോപ്പിന് മെഡിക്കൽകോളേജ് ബസ് സ്റ്റോപ്പെന്ന് പേരുനൽകി മെഡിക്കൽകോളേജ് ആക്‌ഷൻ കമ്മിറ്റി. കേരളത്തിലെ എല്ലാ ജില്ലയ്ക്കും മെഡിക്കൽ കോളേജ് ഉണ്ടെങ്കിലും വയനാടിനുമാത്രം റഫറൽ ആശുപത്രിയാണുള്ളതെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ജില്ലയ്ക്ക് ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച മെഡിക്കൽകോളേജ് വ്യാജ പാരിസ്ഥിതിക റിപ്പോർട്ട് ഉണ്ടാക്കി അട്ടിമറിച്ചുകൊണ്ടുപോയതാണെന്ന് ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ഫിലിപ്പ്കുട്ടി പറഞ്ഞു. ആറുകൊല്ലം തിരഞ്ഞിട്ടും ഇതുവരെ മാനന്തവാടിയിൽ മെഡിക്കൽകോളേജിന് അനുയോജ്യമായ ഭൂമി ലഭിച്ചിട്ടില്ല. മെഡിക്കൽ കോളേജിന് ആവശ്യമായ കെട്ടിടം സ്ഥലസൗകര്യങ്ങളോടുകൂടി ഉടൻ നിർമിച്ചല്ലെങ്കിൽ അഫീലിയേഷൻ റദ്ദാവും. ജില്ലയുടെ ഹൃദയഭാഗത്ത് കല്പറ്റയിൽ ചന്ദ്രപ്രഭാചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 50 ഏക്കർ സ്ഥലം സർക്കാരിന്റെ കൈവശം ഇരിക്കുമ്പോൾ, ഭൂമിതിരയൽ നാടകം അവസാനിപ്പിക്കണമെന്നും ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
കല്പറ്റയിൽ മത്സരിക്കുന്ന ഇടതു-വലതു പക്ഷ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് വരുമ്പോൾ മെഡിക്കൽകോളേജ് തരാം എന്നുപറയുകയും ജയിച്ചുകഴിഞ്ഞാൽ മൗനംപാലിക്കുകയും ചെയ്യുന്നു. നെഹ്റുകുടുംബത്തിന്‍റെ മണ്ഡലമാണിതെന്ന് ഓർമ്മയുണ്ടാവണമെന്നും സ്ഥലം എം.എൽ.എ.യായ മന്ത്രി ടി. സിദ്ദിഖും നയം വ്യക്തമാക്കണമെന്നും ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ആക്‌ഷൻ സമിതി ചെയർമാൻ ഇ.പി. ഫിലിപ്പ്കുട്ടി, മൊയ്‌തു കാവുങ്ങൽ, അഡ്വ. ടി.യു. ബാബു, ലത്തീഫ് പഞ്ചാര, ഇക്ബാൽ മുട്ടിൽ, ഷാന്റി ചേനമ്പാടി, രാമചന്ദ്രൻ തൃക്കൈപ്പറ്റ, എൻ.ജെ. ഐസക്, ബേബി തുടങ്ങിയവരും പങ്കെടുത്തു.
Published: 08 Sept 2026, 04:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented