വടകരയിൽ ഗതാഗതം വഴിതിരിച്ചുവിട്ടു

To advertise here,

വടകര : വടകര ബൈപ്പാസിൽ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം ടാങ്കർലോറിയിൽനിന്ന്‌ വനസ്പതി റോഡിലേക്ക് ഒഴുകി. റോഡുവഴി ഗതാഗതം അസാധ്യമായതോടെ അഗ്നിരക്ഷാസേനയെത്തി റോഡിൽ മണൽ വിതറി. ഇതിനുശേഷവും ഗതാഗതം അപടകരമായതിനാൽ പോലീസ് ഇടപെട്ട് കുറച്ചുസമയംകൂടി ഗതാഗതം നിർത്തിവെച്ചു.

ഞായറാഴ്ച രാത്രിയിലാണ് സംഭവം. വേണ്ടത്ര ശ്രദ്ധയില്ലാതെ വനസ്പതി കൊണ്ടുവന്നതാണ് ടാങ്കറിൽനിന്ന്‌ ചോരാൻ ഇടയാക്കിയത്. ടാങ്കർ നിർത്താതെ പോവുകയും ചെയ്തു. പെരുവാട്ടുംതാഴനിന്ന്‌ കോഴിക്കോട്ടേക്ക് പോകുന്ന സർവീസ്റോഡിലാണ് വനസ്പതി പരന്നൊഴുകിയത്. ഏതാണ്ട് 50 മീറ്റർ ദൂരത്തിൽ ഇതൊഴുകി. ഈ ഭാഗം അല്പം കയറ്റമുള്ള ഭാഗമായതും വാഹനങ്ങൾക്ക് പ്രയാസമായി. നാട്ടുകാർ വിവരമറിയിച്ചതുപ്രകാരം അഗ്നിരക്ഷാസേന സ്ഥലത്തെത്തി.

വെള്ളമൊഴുക്കി ഇത് നീക്കം ചെയ്യാൻ ശ്രമിച്ചാൽ കൂടുതൽ സ്ഥലത്തേക്ക് ഒഴുകുമെന്നതിനാൽ ഈ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് ദേശീയപാതാ നിർമാണക്കമ്പനിയുമായി ബന്ധപ്പെട്ട് ഒരു ലോഡ് എം.സാൻഡ് ലഭ്യമാക്കി. മണൽ വിതറാൻ ജെ.സി.ബി. ഡ്രൈവറെ ലഭ്യമല്ലെന്ന് അറിയിച്ചതോടെ സേനാംഗങ്ങൾതന്നെ മൺവെട്ടിയും ഷൗവ്വലുംകൊണ്ട് ഒരു മണിക്കൂറോളം പണിയെടുത്ത് മണൽറോഡിൽ വിതറി.

റോഡിൽ പരന്ന വനസ്പതിയുടെ കാഠിന്യം കുറഞ്ഞെങ്കിലും വാഹനങ്ങളെ കടത്തിവിട്ടാൽ അപകടമുണ്ടാകുമെന്നതിനാൽ ഹൈവേ പോലീസിനെ ബന്ധപ്പെട്ട് വാഹനങ്ങളെ വഴിതിരിച്ചുവിട്ടു.

സീനിയർ ഫയർഓഫീസർമാരായ ആർ. ദീപക്, എം.എം. റിജീഷ് കുമാർ, ഓഫീസർമാരായ കെ.വി. അനിത്ത്കുമാർ, ജിജിത്ത് കുമാർ, വി.കെ. ബിനീഷ്, എം.ടി. റാഷിദ്, പി.എം. ബബീഷ്, ജെ. ജയകൃഷ്ണൻ, പി.ടി.കെ. സിബിഷാൽ, മനോജ് കിഴക്കെക്കര, വി.കെ. അക്ഷയ്, ഹോംഗാർഡുമാരായ സി. ഹരിഹരൻ, കെ.ബി. സുരേഷ് കുമാർ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.