കല്പറ്റ: കല്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ഹെഡ്മാസ്റ്റർ നമ്പ്യാർ മാഷ് സ്കൂളിലെ ബെഞ്ചും ഡസ്കുമെല്ലാം ശരിയാക്കാൻ പ്രദേശത്തെ ആശാരിയായിരുന്ന ജോസിനെ വിളിച്ചില്ലായിരുന്നില്ലെങ്കിൽ ജോസ് ഇന്നും ആ പഴയ ആറാം ക്ലാസുകാരനായിരുന്നേനെ. ഇപ്പോൾ ബി.എ. സോഷ്യോളജി വിദ്യാർഥിയായ എഴുപത്താറുകാരൻ അഗസ്റ്റിൻ ജോസിന്റെ രണ്ടാം വിദ്യാരംഭമായിരുന്നു അത്. ഈ യാത്രയിൽ കൈപിടിച്ചത് സാക്ഷരതാ മിഷനാണ്.

To advertise here,

എട്ടുമക്കളുള്ള കുടുംബത്തിലെ മൂത്തമകനായതിനാൽ ഏഴാം ക്ലാസ് തോറ്റതോടെ പഠനം അവസാനിപ്പിച്ച് തൊഴിൽ തേടേണ്ടിവന്നു. നമ്പ്യാർമാഷുെട വിളിയിൽ തന്റെ തൊഴിലിടത്തിൽ വെച്ചുതന്നെ പഠനം തുടരുവാനുള്ള അവസരം വീണു കിട്ടുകയായിരുന്നു. ​െബഞ്ചും ​െഡസ്കും നന്നാക്കി സ്കൂൾ വിട്ടിറങ്ങാൻ നേരമാണ് അവധി ദിവസമായിട്ടും സ്കൂളിലെത്തിയ മുതിർന്ന വിദ്യാർഥികൾ ജോസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കാര്യമന്വേഷിച്ചപ്പോഴാണ് പാതിവഴിയിൽ പഠനം നിലച്ചവർക്ക് സാക്ഷരതാമിഷൻ നടപ്പാക്കിവരുന്ന തുല്യതാ ക്ലാസിനെത്തിയവരാണെന്ന് മനസ്സിലാകുന്നത്. അതറിഞ്ഞതുമുതൽ ഉള്ളിലെ ആ പഴയ വിദ്യാർഥിക്ക് സ്വസ്ഥത ലഭിച്ചില്ല. ഉടൻതന്നെ സാക്ഷരതാ മിഷൻ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് തനിക്കും ക്ലാസിന്റെ ഭാഗമാകുവാൻ കഴിയുമോ എന്നന്വേഷിച്ചു. അനുകൂല മറുപടി ലഭിച്ചതോടെ പണ്ട് ഏഴാംക്ലാസിൽ പഠനമവസാനിപ്പിച്ച എസ്.കെ.എം.ജെ. സ്കൂളിലെ അതേ ക്ലാസ് മുറികളിൽ വിണ്ടും ജോസ് വിദ്യാർഥിയായെത്തി. 2015 ൽ പത്താംക്ലാസും തുടർന്ന് 2017 ൽ പ്ലസ് ടുവും ഉയർന്ന മാർക്കോടെ തന്നെ പൂർത്തിയാക്കിയ അദ്ദേഹം അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. സാക്ഷരതാ മിഷൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കഴിഞ്ഞവർഷം ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ബി.എ. സോഷ്യോളജിക്ക് ചേർന്നു. ഞായറാഴ്ചകളിൽ കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിൽ നടക്കാറുള്ള ക്ലാസിൽ മറ്റാരുമെത്തിയില്ലെങ്കിലും ജോസ് മുൻബെഞ്ചിലുണ്ടാകും. ക്ലാസിലെത്താൻ കഴിയാത്തവർക്ക് ഓൺലൈൻ ക്ലാസുണ്ടെങ്കിലും ജോസിന് അതിന്റെ ആവശ്യം വരാറില്ല. ഒന്നാം സെമസ്റ്ററിൽ മികച്ച വിജയം കരസ്ഥമാക്കിയ ആവേശത്തിലാണ് അദ്ദേഹം. ബി.എ. പഠനം പൂർത്തിയാക്കിയാലുടൻ എം.എയ്ക്ക് ചേരണമെന്നാണ് ആഗ്രഹമെന്നും ജോസ് പറയുന്നു.

സാക്ഷരതാ മിഷന്റെ കലോത്സവത്തിൽ കവിതാലാപനത്തിനും പ്രച്ഛന്ന വേഷമത്സരത്തിനും സംസ്ഥാനതലത്തിൽ വരെ തിളങ്ങിയിട്ടുണ്ട്. ഡാൻസ് മത്സരങ്ങളിലും സ്ഥിരം സാന്നിധ്യമാണ്. പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയതോടെ തുല്യതാ പരീക്ഷയ്ക്ക്് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസുകളെടുക്കാനും ജോസ് പോകാറുണ്ട്. പലകാരണങ്ങൾകൊണ്ടും പഠനം പൂർത്തിയാക്കാൻ കഴിയാതെപോയ മകൻ സനു ജോസും അച്ഛന്റെ പ്രചോദനത്തിൽ പ്ലസ് ടു തുല്യതാ പരീക്ഷ മികച്ച മാർക്കോടെ വിജയിച്ചു. കുടുംബാംഗങ്ങളുടെയും സാക്ഷരതാ മിഷൻ ഉദ്യോഗസ്ഥരുടെയും അകമഴിഞ്ഞ പിന്തുണയാണ് തന്റെ വിജയങ്ങൾക്ക് കാരണമെന്ന് ജോസ് പറഞ്ഞു.