സുൽത്താൻബത്തേരി : സമാന്തര സർവീസുകൾ തുടരുന്നത് സ്വകാര്യബസുകളെ പ്രതിസന്ധിയിലാക്കുന്നതിനാൽ സർവീസ് നിർത്തിവെക്കാനൊരുങ്ങി ബസ്സുടമകൾ. സുൽത്താൻബത്തേരി - മലവയൽ - അമ്പുകുത്തി റോഡുകളിലെ സമാന്തര സർവീസുകൾക്കെതിരേയാണ് ബസ്സുടമകൾ രംഗത്തെത്തിയത്.
പ്രതികൂല സാഹചര്യത്തിലും സർവീസ് നടത്തുന്ന ബസുകൾക്ക് സമാന്തരസർവീസ് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയാണുണ്ടാകുന്നതെന്നും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും ബസ്സുടമകൾ ആരോപിക്കുന്നു.
ഒട്ടേറെ തവണ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടികളില്ലാത്തത് സമാന്തര സർവീസ് നടത്തുന്നവർക്ക് പ്രോത്സാഹനമാകുകയാണെന്നും ബസുകാർ പറയുന്നു.
കഴിഞ്ഞദിവസവും സമാന്തര സർവീസ് നടത്തിയ വാഹനം സ്വകാര്യ ബസിന് മുന്നിൽ തടസ്സം സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിലും കാര്യമായ നടപടികളുണ്ടായില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നിയമാനുസൃതമായി സർവീസ് നടത്തുന്ന ബസുകാരിലും ആശങ്കയേറ്റുന്നുണ്ട്. സമാന്തര സർവീസുകൾ നിയന്ത്രിക്കാതെ ഇത്തരത്തിൽ തുടർന്നാൽ സാമ്പത്തിക നഷ്ടമുണ്ടാവുകയും തുടർന്ന് സർവീസ് നിർത്തേണ്ടി വരുമെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുണ്ടായാൽ ബത്തേരി, മലവയൽ, അമ്പുകുത്തി എന്നിവിടങ്ങളെക്കൂടാതെ ഗ്രാമീണ പ്രദേശങ്ങളായ ഗോവിന്ദമൂല, എടയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിലെയും സാധാരണയാത്രക്കാരെയാകും കൂടുതൽ ബാധിക്കുക.
വിദ്യാർഥികളും തൊഴിലാളികളുമടക്കം ഒട്ടേറെപ്പേർ നിത്യേനയുള്ള യാത്രയ്ക്ക് ഉപയോഗപ്പെടുത്തുന്ന സ്വകാര്യബസുകൾ സർവീസ് നിർത്തിയാൽ പൊതുഗതാഗതസംവിധാനം തന്നെ താളംതെറ്റുന്ന സ്ഥിതിയുണ്ടാകും.
ഈ സാഹചര്യത്തിൽ സമാന്തര സർവീസുകൾക്കെതിരേ നിയമാനുസൃതവും ശക്തവുമായ നടപടി സ്വീകരിച്ച് സ്വകാര്യബസ് സർവീസുകൾ സംരക്ഷിക്കണമെന്നും ഗ്രാമീണ മേഖലകളിലെ പൊതുഗതാഗതം നിലനിർത്താനുള്ള അടിയന്തര ഇടപെടൽ നടത്തണമെന്നും ബസ്സുടമകൾ ആവശ്യപ്പെട്ടു.
Published: 08 Sept 2026, 04:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented