കല്ലാച്ചി : നവീകരണം പാതിവഴിയിൽ നിലച്ച പ്രധാനവ്യാപാരകേന്ദ്രമായ കല്ലാച്ചി ടൗൺ നവീകരണപ്രവൃത്തി ചൊവ്വാഴ്ച വീണ്ടും ആരംഭിക്കും. ശനിയാഴ്ച എം.എൽ.എ. ഓഫീസിൽ കെ.എം. അഭിജിത്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് പ്രവൃത്തി പുനരാരംഭിക്കാൻ തീരുമാനമായത്. നിലവിൽ കോടതി റോഡ് മുതൽ സപ്ലൈകോ വരെയുള്ള ഭാഗത്താണ് ആദ്യഘട്ട പ്രവൃത്തി നടക്കുന്നത്. മറുവശത്ത് നിർത്തിവെച്ച ഭാഗംമുതൽ വളയം റോഡ് വരെയുള്ള രണ്ടാംഘട്ട പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനം. 2021 ലെ ബജറ്റിൽ പൊതുമരാമത്തുവകുപ്പ് അനുവദിച്ച മൂന്നുകോടി രൂപ ചെലവഴിച്ചാണ് കല്ലാച്ചി ടൗൺ നവീകരണം ആരംഭിച്ചത്. എന്നാൽ അഞ്ചുവർഷം പിന്നിട്ടിട്ടും പ്രവൃത്തി പൂർത്തിയാകാത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എ.യുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നത്.
നവീകരണ പ്രവൃത്തി നീണ്ടുപോകുന്നത് വ്യാപാരികളെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നിർമാണ സാമഗ്രികളും നടപ്പാതയിൽനിന്ന് നീക്കംചെയ്യാതെ കടകൾക്ക് മുൻപിൽതന്നെ കൂട്ടിയിട്ടത് കാൽനടയാത്രക്കാർക്കും പ്രയാസമുണ്ടാക്കിയിരുന്നു.
കല്ലാച്ചി ഗ്യാലക്സി ഹൈപ്പർമാർക്കറ്റ് മുതൽ എ.സി.സി. സിമന്റ് കടവരെയുള്ള 550 മീറ്റർ ഭാഗത്താണ് ടൗൺ നവീകരണ പ്രവൃത്തി നടക്കുന്നത്.
യോഗത്തിൽ കെ.എം. അഭിജിത്ത് എം.എൽ.എ., നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, വൈസ് പ്രസിഡന്റ് കെ.എം. രഘുനാഥ്, വ്യാപാരിവ്യവസായി ഏകോപനസമിതി കല്ലാച്ചി യൂണിറ്റ് പ്രസിഡന്റ് എം.സി. ദിനേശൻ, കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.
Published: 04 Oct 2026, 03:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented