ബാലുശ്ശേരി : എസ്റ്റേറ്റ് മുക്ക്-തലയാട് റോഡിലെ തെച്ചി മരുതിൻ ചുവടുഭാഗത്ത് റോഡിലേക്ക് കാട് തിങ്ങിനിറഞ്ഞുനിൽക്കുന്നതിനാൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നു. തെച്ചിവളവിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ കാട്ടുന്ന അനാസ്ഥ​െയ്ക്കതി​േരയും പ്രതിഷേധം ശക്തമാവുകയാണ്. മരുതിൻ ചുവട് ഭാഗത്ത്

To advertise here,

കാടുമൂടിയതോടെ രാത്രികാലങ്ങളിൽ വന്യമൃഗങ്ങൾ പെട്ടെന്ന് റോഡിലേക്ക് ചാടുന്നതും അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് കാട്ടുപന്നിയിടിച്ച് ഒട്ടേറെ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു.

തെച്ചിവളവിലെ ഒരുഭാഗത്തെ കുഴിയിലേക്ക് വാഹനങ്ങൾ മറിയാതിരിക്കാൻ കൈവരികൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിച്ച് വെറും സിഗ്നൽകമ്പികൾ മാത്രമാണ് സ്ഥാപിച്ചത്. ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന നടപടിയാണ് കരാറുകാരനും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്നതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

മലബാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ കക്കയം, കരിയാത്തുംപാറ, മുള്ളൻപാറ, വയലട തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികൾ കടന്നുപോകുന്ന പ്രധാന പാതയാണിത്.

വീതികുറഞ്ഞ തെച്ചിവളവിൽ എതിരേവരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ കൈവരിയില്ലാത്തതിനാൽ താഴ്ചയിലേക്കാണ് വാഹനങ്ങൾ പതിക്കുക. ഇതിന് പരിഹാരമെന്നോണം ഇപ്പോൾ സ്ഥാപിച്ച കമ്പികൾ വാഹനങ്ങൾക്ക് ഒരു സംരക്ഷണവും നൽകില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

നേരത്തേ റോഡുനവീകരിച്ചപ്പോൾ തന്നെ ഇവിടെ സംരക്ഷണഭിത്തിയും കൈവരികളും നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റോഡിന്റെ അതിർത്തിതിരിക്കുന്ന തരത്തിലുള്ള ചെറിയ ഇരുമ്പുകമ്പികൾ മാത്രമാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്.

നിയന്ത്രണം വിട്ടുവരുന്ന ഒരു വാഹനത്തെ തടഞ്ഞുനിർത്താൻ ശേഷിയുള്ളവയല്ല ഈ കമ്പികളെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡ് നവീകരിച്ചതോടെ ഈ ഭാഗത്ത് വാഹനങ്ങളുടെ വേഗം വർധിച്ചിട്ടുണ്ട്. ഇത് അപകടസാധ്യത ഇരട്ടിയാക്കുന്നു. റോഡിന്റെ ഒരുവശത്ത് അഗാധമായ താഴ്ചയുള്ള ഭാഗമാണ് തെച്ചിവളവ്. വിതികുറഞ്ഞ ഈ കൊടുംവളവിൽ രണ്ടുവാഹനങ്ങൾ ഒരേസമയം എത്തിയാൽ സൈഡ് കൊടുക്കാൻപോലും ഇടമില്ല. നിയന്ത്രണംവിടുന്ന വാഹനങ്ങളെ താങ്ങിനിർത്താൻ ശേഷിയുള്ള കോൺ ക്രീറ്റ് ഭിത്തികളോ അല്ലെങ്കിൽ ഉറപ്പുള്ള കൈവരികളോ ഇവിടെ അനിവാര്യമാണ്. എന്നാൽ, ഇരുമ്പുകമ്പികളാണ് ഇവിടെ കുത്തി നിർത്തിയിരിക്കുന്നത്. ഒരു ബൈക്ക് തട്ടിയാൽ പ്പോലും മറിഞ്ഞുവീഴുന്ന ഈ കമ്പികൾക്ക് എങ്ങനെയാണ് വലിയ വാഹനങ്ങളെ സംരക്ഷിക്കാൻ കഴിയുക എന്നാണ് നാട്ടുകാരുടെ ചോദ്യം.

വന്യമൃഗങ്ങൾ പെട്ടെന്ന് റോഡിലേക്ക് ചാടുന്നു

മരുതിൻ ചുവട് ഭാഗത്ത് കാട് മൂടിക്കിടക്കുന്നതു കാരണം വളവുകളിൽ എതിരേവരുന്ന വണ്ടികൾ ഒട്ടും കാണാൻപറ്റാത്ത അവസ്ഥയാണ്. രാത്രിയായാൽ കാട്ടുപന്നികൾ പെട്ടെന്നാണ് റോഡിലേക്ക് ചാടുന്നത്. ഇതിനുമുൻപും പന്നിയിടിച്ച് ഒട്ടേറെ യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതിനാൽ എത്രയുംപെട്ടെന്ന് അധികൃതർ നടപടി എടുക്കണം.

റിയാസ്,

പ്രദേശവാസി